2014-06-25 17:43:13

വിശുദ്ധ അമ്മ ത്രേസ്യായുടെ
അഞ്ഞൂറാം ജന്മവാര്‍ഷികം


25 ജൂണ്‍ 2014, വത്തിക്കാന്‍
കര്‍മ്മലീത്താ സഭയല്‍ മാത്രമല്ല, ആഗോളസഭയില്‍ ആത്മീയ നവീകരണത്തിന്‍റെ ദീപം തെളിയിച്ച ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 5-ാം ജന്മശതാബ്ദി അനുസ്മരിക്കുന്നത് 2015 മാര്‍ച്ച് 28-ാം തിയതിയാണ്.
പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ ജൂണ്‍ 24-ാം തിയതി ചൊവ്വാഴ്ച കൂടിക്കാഴ്ചനടത്തിയ സ്പെയിനിലെ ദേശീയ മെത്രാന്‍ സമിതി വിശുദ്ധയുടെ ജന്മനാടായ ആവിലായിലെ ആഘോഷ പദ്ധതിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസുമായി പങ്കുവച്ചു

സഭാപണ്ഡിതയായ അമ്മ ത്രേസ്യായുടെ ജനനം ലോകത്തിനു നല്കിയ ആത്മീയ ഉണര്‍വ്വുപോലെ, 500-ാം ജന്മവാര്‍ഷിക നാളില്‍ ഒരു യൂറോപ്യന്‍ യുവജനസംഗമം ആവിലായില്‍ സംഘടിപ്പിച്ചുകൊണട് നവയുഗത്തിന് ആത്മീയതയുടെ നവോര്‍ജ്ജം പകരുവാനാണ് സ്പാനിഷ് മെത്രാന്മാര്‍ പദ്ധതിയൊരുക്കുന്നത്.

സ്പെയിനിലെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റും സ്പെയിനിലെ വല്ലഡോലിഡ് അതിരൂപതാദ്ധ്യക്ഷനുമായി ആര്‍ച്ചുബിഷപ്പ് റിക്കാര്‍ദോ ബ്ലെസ്ക്വെസ് പേരെസ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ഒപ്പം കര്‍മ്മലീത്താ ലോകവും 2015 മുതല്‍ 2016-വരെ നീണ്ടുനില്ക്കുന്ന വാര്‍ഷിക പരിപാടിയിലൂടെ ആവിലായിലെ അപൂര്‍വ്വ കര്‍മ്മലതാരമായ അമ്മത്രേസ്സായുടെ ആത്മീയ രചനകളിലൂടെയും ധ്യാനചിന്തകളിലൂടെയും ലോകത്തിനു നല്കിയ ആത്മീയവെളിച്ചം കൂടുതല്‍ പ്രസരിപ്പിക്കുവാന്‍ പദ്ധതിയൊരുക്കുന്നുണ്ട്.

സ്പെയിനിലെ ആവിലായില്‍ 1515 മാര്‍ച്ച് 28-ാം തിയതിയായിരുന്ന വിശുദ്ധയുടെ ജനനം. വ്യാപാരിയുടെ
10 മക്കളില്‍ ഒരാളായിരുന്നു ത്രേസ്യാ. 10-ാം വയസ്സില്‍ അമ്മ മരിച്ചതോടെ പിന്നെ അവളെ അഗസ്തീനിയന്‍ കന്യകാസ്ത്രീകളാണ് വളര്‍ത്തിയത്. കന്യകാലയത്തിന്‍റെ പശ്ചാത്തലത്തില്‍ മനസ്സില്‍ കിനിഞ്ഞിറങ്ങിയ ആത്മീയ ചിന്തകള്‍ ത്രേസ്യായെ സന്ന്യാസത്തിലേയ്ക്ക് ആകര്‍ഷിച്ചു.

1535-ല്‍ 35-ാമത്തെ വയസ്സില്‍ ത്രേസ്യാ കര്‍മ്മലസഭയില്‍ ചേര്‍ന്നു. എന്നാല്‍ വ്രതവാഗ്ദാനം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കുശേഷം പിടിപെട്ട മാരകരോഗം അവളെ തളര്‍ത്തി, ശയ്യാവലംബിയാക്കി. എങ്കിലും സന്ന്യാസത്തെയും ആത്മീയതയെയും പ്രേമിച്ചവള്‍, ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളുടെ ധ്യാനം, ജ്ഞാനവായന എന്നിവയിലൂടെ തന്‍റെ ആദ്ധ്യാത്മീകതയെ ബലപ്പെടുത്തി പ്രകാശപൂരിതയായി. ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം ത്രേസ്യായുടെ മനസ്സില്‍ പതിപ്പിച്ച നവീകരണത്തിന്‍റെ ഓജസ്സ് വാക്കളിലൂടെയും ചിന്തകളിലൂടെയും രചനയിലൂടെയും വാചാലമായത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. 1560-ല്‍ പ്രസിദ്ധീകരിച്ച അമ്മത്രേസ്യായുടെ പൂര്‍ണ്ണതയുടെ വഴികള്‍, ഉത്തമഗീതന്‍റെ ധ്യാനചിന്തകള്‍, ആത്മീയഹര്‍മ്മ്യം തുടങ്ങിയ കൃതികള്‍ മദ്ധ്യകാലഘട്ടത്തില്‍ ആഗോള സഭയില്‍ ക്രിസ്തീയ ആത്മീയതയില്‍ യോഗാത്മക ജീവിതത്തിന്‍റെ നവമായ പാന്ഥാവു തുറന്നു.

1567-ല്‍ കുരിശിന്‍റെ വിശുദ്ധ യോഹന്നാനുമായുള്ള പുണ്യവതിയുടെ കൂടിക്കാഴ്ചയും കര്‍മ്മലസഭയുടെ നവീകരണ പാതിയില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു മുന്നേറുവാനും പുണ്യപൂര്‍ണ്ണത കൈവരിക്കുവാനും കാരണമായി.
1582-ല്‍ അമ്മത്രേസ്യാ മരിക്കുമ്പോഴും ആദ്ധ്യാത്മീക നവീകരണത്തിന്‍റെ ഓളങ്ങള്‍ അവളിലൂടെ ലോകത്തിന്‍റെ നാല് അതിര്‍ത്തികളോളം എത്തിയിരുന്നു.








All the contents on this site are copyrighted ©.