2014-06-25 18:23:01

നല്ല കുടുംബങ്ങള്‍ക്ക് ആധാരം
ആരോഗ്യകരമായ അന്തരീക്ഷം


25 ജൂണ്‍ 2014, ജനീവ
വൈവിധ്യങ്ങള്‍ക്കപ്പുറവും ഒന്നായിരിക്കുന്ന സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാണ് കുടുംബമെന്ന്, ഐക്യരാഷ്ട്ര സഭയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ജൂണ്‍ 24-ാം തിയതി ചൊവ്വാഴ്ച ജനീവയില്‍യിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 26-ാമത് സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് തൊമാസി കുടുംബങ്ങളെക്കുറിച്ചുള്ള സഭയുടെ അടിസ്ഥാന കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കിയത്.

സ്വതന്ത്രവും സമത്വമാര്‍ന്നതും സന്തോഷദായകവുമായ സമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്ന അടിസ്ഥാന ഘടകം കുടുംബമാണെന്നും, എന്നാല്‍ അത് പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയും സ്രോതസ്സാണെന്ന് പ്രഖ്യാപിക്കുന്ന നവമായ കാഴ്ചപ്പാട് വികലമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് തൊമാസി സമര്‍ത്ഥിച്ചു.

കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും മൗലികവും സജീവവും പരസ്പരപൂരകവുമായ ബന്ധങ്ങളുടെ അടത്തിറയിന്മേലാണ് വ്യക്തികളുടെ മാത്രമല്ല, മാനവകുലത്തിന്‍റെ തന്നെ സുരക്ഷയും വികസനവും യാഥാര്‍ത്ഥ്യമാക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

സത്രീയുടെയും പുരുഷന്‍റെയും അഭേദ്യമായ വിവാഹബന്ധത്തിന്‍റെ കെട്ടുറപ്പില്‍ വിരിയുന്ന നല്ല കുടുംബങ്ങളിലാണ് വ്യക്തികള്‍ അന്തസ്സോടും അഭിമാനത്തോടും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവരുന്നത്. അവരുടെ ഭാവി സുരക്ഷിതമാക്കുന്നതും, സാമൂഹ്യഭദ്രതെ കൈവരിക്കുന്നതെന്നും നല്ല കുടുംബാന്തരീക്ഷത്തിലാണ്. ആകയാല്‍ രാഷ്ട്രത്തിന്‍റെയും സമൂഹത്തിന്‍റെയും സംരക്ഷണം ലഭിക്കേണ്ട വളരെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമാണ് കുടുംബമെന്ന്, രാഷ്ട്രപ്രതിനിധികളുടെ സംഗമത്തോട് ആര്‍ച്ചുബിഷപ്പ് തൊമാസി ആഹ്വാനംചെയ്തു.

കുടുംബങ്ങള്‍ക്കുള്ള യുഎന്‍ അന്തര്‍ദേശീയ ദിനാചരണത്തിന്‍റെ 20-ാം വാര്‍ഷികം അനുസ്മരിച്ചത് ചാരിതാര്‍ത്ഥ്യത്തോടെ അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് തൊമാസി, സമൂഹത്തിന്‍റെയും മാനവകുലത്തിന്‍റെ തന്നെയും അനുകാലിക വെല്ലുവിളികളെ അഭിമുഖീകരിച്ച് ഭാവി സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുള്ള ഘടകം കുടുംബംതന്നെയാണെന്നും പ്രബന്ധത്തില്‍ അടിവരിയിട്ടു പ്രസ്താവിച്ചു.








All the contents on this site are copyrighted ©.