2014-06-24 09:35:02

രാജകീയ സങ്കീര്‍ത്തനങ്ങള്‍ (12)
ദൈവം ഇസ്രായേലിന്‍റെ രാജാവ്


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ പശ്ചാത്തലപഠനം തുടരുകയാണ്. അവയുടെ സാഹിത്യ ഗണങ്ങളില്‍ ശരണസങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം കണ്ടത്. പത്താമത്തെ സാഹിത്യഗണമായ രാജകീയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് ഇക്കുറി പഠിക്കുവാന്‍ പോകുന്നത്.

വളരെ ലളിതമായ ഭാഷയില്‍ പറയുകയാണെങ്കില്‍, രാജാവിനെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് രാജകീയ സങ്കീര്‍ത്തനങ്ങള്‍. അപ്പോള്‍ എന്തുകൊണ്ടാണ് രാജാവിനെക്കുറിച്ച് പ്രത്യേക സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത് എന്നു നാം ചിന്തിക്കാം. അതിനു കാരണം ഇസ്രായേലിന്‍റെ സാമൂഹ്യചുറ്റുപാടുകള്‍ തന്നെയാണ്. ഇസ്രായേല്‍ക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വ്യക്തിയെക്കാള്‍ പ്രധാനം സമൂഹമാണ്. എന്നാല്‍ വ്യക്തിയെന്ന നിലയിലും രാജാവ് എല്ലാക്കാര്യങ്ങളിലും ഇസ്രായേലിനെയും സമൂഹത്തെയും പ്രതിനിധാനംചെയ്തിരുന്നു. അതുകൊണ്ടുതന്നെ ദൈവവും ഇസ്രായേലുമായുള്ള ബന്ധത്തിന് ആധാരം രാജാവുതന്നെയാണ്. ഇസ്രായേലും ദൈവവും, ഇസ്രായേലും രാജാവും തമ്മിലുള്ള ഉടമ്പടികള്‍ ജനങ്ങള്‍ക്ക് പൊതുവെ സ്വീകാര്യമായിരുന്നു, അവര്‍ അതില്‍ വ്യത്യാസം കണ്ടിരുന്നില്ല.

ഈ പശ്ചാത്തലത്തില്‍, എന്തുകൊണ്ടാണ് രാജാവിന്‍റെ ബഹുമാനാര്‍ത്ഥം സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. രാജകീയ സങ്കീര്‍ത്തനങ്ങള്‍ രാജാവിനെ സംബന്ധിക്കുന്നവയാണ്. ഇവയ്ക്കു തനതായ സാഹിത്യഘടനയില്ല. എന്നാല്‍ രാജവംശത്തിന്‍റെ നിലനില്പ്, രാജാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന, അരുളപ്പാടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ സാധാരണ സങ്കീര്‍ത്തനങ്ങളുടെ ഘടനയില്‍ രാജകീയ സങ്കീരീ‍ത്തനങ്ങളില്‍ ഉള്‍്ച്ചേര്‍ത്തിരിക്കുന്നു.

146-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരമാണ് നാമിന്ന് പഠനസഹായിയായി ഉപയോഗിക്കുന്നത്. ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവും ചേര്‍ന്ന് ഒരുക്കിയതാണീ രാജകീയ സങ്കീര്‍ത്തനം. സതീഷ് ഭട്ടും സംഘവുമാണ് ഇത് ആലപിച്ചിരിക്കുന്നത്.

Musical Version of Psalm 146

മഹിത മഹോന്നതനാണു പരന്‍,
ശുഭതമ ശ്രീകര ദിവ്യവരന്‍
ഉരുതര സ്നേഹസുധാംബുധിതാന്‍,
നിജ ജയ ഗീതികപാടിടുവിന്‍
നജജനമേകിടുവിന്‍ സ്ത്രോത്രം, ജനജഗതീശനിദം (2)


പനിമതി താരകവ്യോമതലം പരിമളളാലിത സൂനദളം
നിജകരകൗശല സൃഷ്ടിവിധം
നിരുപമമോഹനതാളലയം
നിജജനമേകിടുവിന്‍ സ്തോത്രം ജയജഗദീശനിദം (2)

രാജകീയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുമ്പോള്‍ യഹൂദ രാജാക്കന്മാരെപ്പറ്റി അറിഞ്ഞിരിക്കുന്നതു നല്ലതാണ്, അതായത്, ഇസ്രായേലിലെ രാജാക്കന്മാരെക്കുറിച്ച്. അക്കാലത്തെ യഹൂദ രാജത്വവും യാവേയുടെ രാജത്വവുമായി ബന്ധമുണ്ട്. രാജാവിന് അതുല്യമായ സ്ഥാനമാണ് ഇസ്രായേലിന്‍റെ മതാത്മക പശ്ചാത്തലത്തിലുള്ളത്. രാജാവ് കൃപാപൂര്‍ണ്ണനായ സ്ഥാനികനും ഇസ്രായേലിലെ ന്യായാധിപന്മാരുടെ പിന്‍ഗാമിയുമാണ്. മനുഷ്യാതീതമായ ശക്തിയും വിജ്ഞാനവും ദൈവത്തിന്‍റെ ആവാസവും ഇസ്രായേല്‍ ജനം രാജാവില്‍ കണ്ടിരുന്നു. രാജാവ് തന്‍റെ ജനത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു മാത്രമല്ല, ഇസ്രായേലിന്‍റെ ഉടമ്പടിയും അതിന്‍റെ വാഗ്ദാനങ്ങളും ചുമതലകളും രാജാവി തന്നില്‍ത്തന്നെ സംവഹിക്കുന്നു. എങ്കിലും, മതനേതൃത്വം രാജാവിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്ഭുതമെന്നു പറയട്ടെ, വിപ്രവാസത്തെ, അതിജീവിച്ച ഇസ്രായേല്‍ ജനം, രാജാവിനെക്കൂടാതെ ഒരു സമൂഹം സൃഷ്ടിക്കുന്നതാണ് നാം പിന്നീട് ചരിത്രത്തില്‍ കാണുന്നത്.

യഹൂദരാജാക്കന്മാരെപ്പറ്റിയുള്ള പഴയനിയമ പരാമര്‍ശങ്ങളും ശ്രദ്ധേയങ്ങളാണ്. ഇസ്രായേലിന്‍റെ നിത്യരാജാവായ ദൈവത്തിന്‍റെ പ്രതിനിധിയാണ് രാജാവ് (പുറ. 15, 18... സംഖ്യ 23, 21). രാജാവിന്‍റെ സിംഹാസനത്തെ കര്‍ത്താവിന്‍റെ സിംഹാസനം എന്നാണു വിളിക്കുക (1ദിന. 29, 23).

ചരിത്രപശ്ചാത്തലം
ദാവീദുവംശജരായ രാജാക്കന്മാരുടെ ഔദ്യോഗിക ജീവിതത്തിലെ പല അവസരങ്ങളും രാജകീയ സങ്കീര്‍ത്തനങ്ങളുടെ ചരിത്ര പശ്ചാത്തലങ്ങളാണ്. ഉദാ. സിംഹാസനാരോഹണം (സങ്കീര്‍‍. 2, 12). രാജകീയ വിവാഹം എന്നിവ (45). 2-ാം സങ്കീര്‍ത്തനം രാജാവിനെ കര്‍ത്താവിന്‍റെ അഭിഷിക്തനെന്ന് വിശേഷിപ്പിക്കുന്നു. കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നതിനെക്കുറിച്ച്, സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്നു.
45-ാം സങ്കീര്‍ത്തനം രാജകീയ വിവാഹത്തെക്കുറിച്ചാണ്. സങ്കീര്‍ത്തകന്‍ രാജാവിനായി വരികളില്‍ ഉദാത്തമായ ഗീതം സമര്‍പ്പിക്കുകയാണ്.

സങ്കീര്‍ത്തനം 110-ാം സങ്കീര്‍ത്തനം രാജാവിന്‍റെ സ്ഥാനാരോഹണത്തെക്കുറിച്ചാണ്. മൂന്ന് അരുളപ്പാടുകള്‍ അതില്‍ കാണുന്നുണ്ട് (വാ. 1, 3, 4). ഇതിലെ വക്താവ് പ്രവാചകനാണ്.

സങ്കീര്‍ത്തനം 110
കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു
ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം
നീ എന്‍റെ വലത്തു ഭാഗത്തിരിക്കുക.
കര്‍ത്താവു സീയോനില്‍നിന്നും നിന്‍റെ അധികാരത്തിന്‍റെ
ചെങ്കോല്‍ അയയ്ക്കും
ശത്രുക്കളുടെ മദ്ധ്യത്തില്‍ നീ വാഴുക.
വിശുദ്ധ പര്‍വ്വതത്തിലേയ്ക്കു നീ സേനയെ നയിക്കുന്ന ദിവസം
നിന്‍റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും,
ഉഷസ്സിന്‍റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെ
യുവാക്കള്‍ നിന്‍റെ അടുത്തേയ്ക്കുവരും.
കര്‍ത്താവു ശപഥംചെയ്തു- മെല്‍ക്കിസെദെക്കിന്‍റെ ക്രമമനുസരിച്ചു
നീ എന്നേയ്ക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല.

Musical version Psalm 146

കരിമുകിലേറ്റി വിതാനിതമാം
തിരവിരി ചാര്‍ത്തുമധീശപരന്‍
മരതക മഞ്ജുള മാലകളാല്‍
ഗിരിതലമാകെ വിരിച്ചുപരന്‍
നിജജനമേകിടുവിന്‍ സ്ത്രോത്രം ജയജഗദീശനിദം (2)

പറയുകിതാരു തരുന്നു ധരേ പലവുരു
പ്രാണികളുണ്ടിടുവാന്‍
പരിചൊടു നേടിയ ഭക്ഷണവും വയലിലെ
ധാന്യകവൃദ്ധിയതും
നിജജനമേകിടുവിന്‍ സ്ത്രോത്രം ജയജഗദീശനിദം (2).

ബൈബിള്‍ പണ്ഡിതന്മാരുടെ വ്യാഖ്യാനത്തില്‍ താഴെപ്പറയുന്ന വ്യത്യസ്തങ്ങളായ സംഭവങ്ങളും രാജകീയ സങ്കീര്‍ത്തനങ്ങളുടെ ഭാഗമാണ്: വാഴിക്കല്‍, പ്രണാമം, പുരോഹിത സ്ഥാനലബ്ധി, ശത്രുക്കളുടെ മേലുള്ള വിജയം, വിശുദ്ധ തീര്‍ത്ഥത്തില്‍നിന്നും പാനംചെയ്യല്‍ എന്നിവ.

ജരൂസലേമിലെ സിംഹാസനത്തില്‍ ആരുഢനാകുന്ന രാജാവ്
പല ചുമതലകളും ഏറ്റെുടുക്കുകയാണ്. ദാവീദു രാജവംശത്തിന്‍റെ അവകാശം (2 സാമു. 7), യൂദായുടെയും ഇസ്രായേലിന്‍റെയും രാജസ്ഥാനം, ദാവീദിന്‍റെ പട്ടണത്തിന്‍റെ ആധിപത്യം എന്നിങ്ങനെ! (ഉത്പ. 14, 18). അതുപോലെ ദാവീദിന്‍റെ വംശത്തില്‍പ്പെട്ട രാജാക്കന്മാര്‍ക്ക് ലഭിക്കുന്ന വാഗ്ദാനങ്ങളും ശ്രദ്ധേയമാണ്. അവരുടെ രാജത്വം ദൈവത്തില്‍നിന്നാണ്. രാജത്വംവഴി അവര്‍ ദൈവവുമായി പ്രത്യേക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇസ്രായേലില്‍ രാജാവ് പുരോഹിതന്‍ കൂടിയാണ്. അയാള്‍ ദൈവസഹായത്തോടെ ശത്രുക്കളെയെല്ലാം തോല്പിക്കും. രാജകീയ സങ്കീര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ് 2, 18, 20, 21, 45, 72, 89, 101, 110, 132, 144 എന്നിവ.

Musical version of Psalm 146

മൃദുലമനോഹര വീണകളാല്‍
ശ്രുതിപര രാഗമുണര്‍ത്തിടുവിന്‍
ജയജയ ഗാനസുധാമൃതമാം
മധുരിത ധാരയൊഴുക്കിടുവിന്‍
നിജജനമേകിടുവിന‍ സ്ത്രോത്രം ജയജഗതീശനിദം (2).

വിപുല പരാക്രമി ധീരകൃതന്‍
പ്രഭു കൃപയോലുകയായിടുമോ
തവകൃപയേകുവതാര്‍ക്കു വിഭോ
എളിയജനത്തിന് തന്നെ ദൃഢം.

രാജകീയ സങ്കീര്‍ത്തനങ്ങള്‍ക്ക് പ്രവാചക സ്വഭാവമല്ല ഉള്ളത്, മറിച്ച് അവ സമകാലീന രാജാവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അവ ക്രൈസ്തവ-ഹെബ്രായ പാമ്പര്യങ്ങളെ ഒരുപോലെ ആശ്ലേഷിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ചില രാജകീയ സങ്കീര്‍ത്തനങ്ങള്‍ മിശിഹായെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ ദൈവം മനുഷ്യരുടെ ചരിത്രത്തില്‍ ഇടപെടുകയും, തന്‍റെ ജനത്തെ അനീതിയില്‍നിന്നും, പാപത്തില്‍നിന്നും മോചിക്കുവാന്‍ രക്ഷകനെ അയയ്ക്കും എന്ന ആശയം വളരെ വ്യക്തമായി രാജകീയ സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്നതും നമുക്കു കാണാം. അതിനാല്‍ മറ്റ് സങ്കീര്‍ത്തനങ്ങളുടെ അടിസ്ഥാന സ്വഭാവം ചിത്രീകരിക്കുന്നതുപോലെ, രാജകീയ സങ്കീര്‍ത്തനങ്ങളും രക്ഷകനായ ക്രിസ്തുവിലേയ്ക്ക് വിരല്‍ചൂണ്ടുന്നു.

ഡോക്ടര്‍ സതീശ് ഭട്ടും സംഘവും ആലപിച്ചതാണ് 146-ാം സങ്കീര്‍ത്തനത്തിന്‍റെ ഗാനാവിഷ്ക്കാരം. ഫാദര്‍ മാത്യു മുളവന – ജെറി അല്‍ദേവ് സംഘമാണ് ഇതൊരുക്കിയത്.

നിജജന ശോകനിവാരണനാം
ജനനഗണത്രാണകനാണു പരന്‍
ചിതറിയ തനയരെ ചേര്‍ത്തു സദാ
വിരവൊടു ജേരൂസലേം പണിയാന്‍
നിജജനമേകിടുവിന്‍ സ്തോത്രം ജയജഗദീശനിദം (2)

നിരുപമ താതകൃപാനിധിയേ
നരഗണത്രാണക സൂനുവിഭോ
നിര്‍മ്മല ദിവ്യനരൂപിപരാ പ്രതിനിമിഷം
തവ ശ്രീവിജയം
നിജജനമേകിടുവിന്‍ സ്തോത്രം ജയജഗദീശനിദം (2)










All the contents on this site are copyrighted ©.