2014-06-21 09:36:35

സ്നേഹത്തിന്‍റെ വറ്റാത്ത സ്രോതസ്സും
ഏറ്റം മഹത്തായ കൂദാശയും


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 6, 51-59
സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്‍റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇയാള്‍ക്ക് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു. സത്യംസത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു. ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും. ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്മാര്‍ മന്നാ ഭക്ഷിച്ചു. എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേയ്ക്കും ജീവിക്കും. കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടുന്ന് ഇതു പറഞ്ഞത്.

മെയ് 26-ന് സമാപിച്ച, പാപ്പാ ഫ്രാന്‍സിസിന്‍റെ ചരിത്ര പ്രാധാന്യമാര്‍ന്ന വിശുദ്ധനാടു തീര്‍ത്ഥാടനം അവസാനിച്ചത് ക്രിസ്തുവിന്‍റെ അന്ത്യത്താഴ വിരുന്നുശാലയിരുന്നല്ലോ. വിശുദ്ധനാട്ടിലെ മെത്രാന്‍ സംഘത്തോടൊപ്പം പാപ്പാ അവിടെ ദിവ്യബലി അര്‍പ്പിച്ചു.
തന്‍റെ സന്ദര്‍ശനത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നെങ്കിലും ഈ പുണ്യസ്ഥാനത്തോട് ക്രൈസ്തവര്‍ക്കുള്ള ആത്മബന്ധവും അവകാശവും പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. അന്ത്യത്താഴ വിരുന്നശാല ഇന്ന് ഇസ്രായേലി അധീനത്തിലാകയാല്‍ സാധാരണഗതിയില്‍
അവിടെ ദിവ്യബലിയര്‍പ്പിക്കുക അസാദ്ധ്യമാണ്. ക്രിസ്തു പരിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ച വേദിയാണ് ഇതെങ്കിലും, ഇന്ന് ആര്‍ക്കും അവിടെ ബലിയര്‍പ്പിക്കാന്‍ അനുവാദമില്ല എന്ന സത്യം പാപ്പാ ഖേദപൂര്‍വ്വം വെളിപ്പെടുത്തി. ലോകത്തുള്ള ക്രൈസ്തവര്‍ക്കു മാത്രമായിട്ടല്ല, ഈ വേദി സകലര്‍ക്കുമായി തുറക്കപ്പെടണമെന്ന് ഇസ്രായേലി അധികൃതരോട് പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ത്യാഗത്തിന്‍റെ ദിവ്യവിരുന്നാണ് ജരൂസലേമിലെ മേല്‍മുറിയില്‍ അനുവര്‍ത്തിക്കപ്പെട്ടത്. ഓരോ ബലിയിലും ക്രിസ്തു തന്നെത്തന്നെ നമുക്കായി സമര്‍പ്പിച്ചു നല്കുന്നു. വിടുത്തോടു ചേര്‍ന്ന് നമ്മെത്തന്നെയും – നമ്മുടെ ജീവിതങ്ങളും ദൈവത്തിന് സമര്‍പ്പിക്കുകയാണ്. അങ്ങനെ നാം ദിവ്യവരുന്നില‍ അവിടുത്തെ സ്നേഹിതരായിത്തീരുന്നു. “ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ല, സ്നേഹിതന്മാരെന്നത്രേ വിളിക്കുന്നത്” (യോഹ. 15, 15).

ക്രിസ്തു നമ്മെ അവിടുത്തെ സ്നേഹിതരാക്കുകയും, ദൈവഹിതം നമുക്കായി വെളിപ്പെടുത്തിത്തരുവാന്‍ തന്നെത്തന്നെ സ്വയം സമര്‍പ്പിക്കുകയും ചെയ്ത ദിവ്യവിരുന്നിന്‍റെ നിത്യസ്മാരകമാണ് പരിശുദ്ധ ദിവ്യകാരുണ്യം. ക്രൈസ്തവന്‍റെ മാത്രം മനോഹാരിതയും സാദ്ധ്യതയുമാണ് – ദിവ്യബലിയിലൂടെ നാം ക്രിസ്തുവിന്‍റെ സ്നേഹിതരായിത്തീരുകയും, അവിടുന്നിലൂടെ ദൈവഹിതം നമുക്കായി വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നത്. അതോടൊപ്പം, ഒഴിച്ചുകൂടാനാവാത്ത വേര്‍പാടിന്‍റെയും വിഭജനത്തിന്‍റെയും ഒരനുഭവവും ക്രിസ്തുവിന്‍റെ വിരുന്നുമേശ നല്കുന്നുണ്ട്. അന്ത്യത്താഴത്തിനുശേഷം ഗെദസേമന്‍ തോട്ടത്തില്‍ സംഭവിക്കുന്നത് അതാണ്. അവിശ്വസ്തതയുടെ ഒറ്റുകൊടുക്കലും അകന്നുപോക്കും, തള്ളിപ്പറയലുമാണ് നാം അവിടെ കാണുന്നത്. അതിനാല്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ പശ്ചാത്തലില്‍ നമ്മില്‍ ആര്‍ക്കുവേണമെങ്കിലും മറ്റൊരു യൂദാസോ, പത്രോസോ ആയിത്തീരാവുന്നതാണ്.

നമ്മുടെ സഹോദരങ്ങളെ അഹന്തയോടും വെറുപ്പോടെയും കാണുകയും, അവരെ വിധിക്കുകയും ചെയ്യുമ്പോഴൊക്കെ നമ്മുടെതന്നെ ചെയ്തികളാല്‍ ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയുമാണ് ചെയ്യുന്നത്.

പരിശുദ്ധ കുര്‍ബ്ബാനയുടെ മനോഹാരിത പ്രകടമാക്കുന്ന മഹോത്സവമാണ്
ക്രിസ്തുവിന്‍റെ തിരുശരീരത്തിന്‍റെ തിരുനാള്‍ (Corpus Christi). അന്ത്യത്താഴവിരുന്ന് ക്രിസ്തു സ്ഥാപിച്ച പ്രഥമ ദിവ്യബലിയായിരുന്നെങ്കിലും, അതില്‍ ഇടകലര്‍ന്ന വിശുദ്ധവാരത്തിന്‍റെ ശോകഭാവമായിരുന്നിരിക്കണം വ്യത്യസ്തമായ ദിവ്യാകാരുണ്യ മഹോത്സവത്തിന് ചരിത്രത്തില്‍ വഴിതെളിച്ചത് എന്നുവേണം കരുതുവാന്‍. 13-ാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തുള്ള അഗസ്റ്റീനിയന്‍ സന്യാസിനിക്കാണ് ദിവ്യകാരുണ്യ തിരുനാളിന്‍റെ ദര്‍ശനമുണ്ടായത്. അങ്ങനെ ബെല്‍ജിയത്ത് ആരംഭിച്ച് ഏറെ പ്രചുരപ്രചാരം സിദ്ധിച്ച സാഘോഷമായ ദിവ്യബലിയും, അതിനെ തുടര്‍ന്നുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ആശിര്‍വ്വാദവും 1264-ല്‍ ഊര്‍ബന്‍ 4-ാമന്‍ പാപ്പ സാര്‍വ്വത്രിക സഭയുടെ മഹോത്സവമായി അംഗീകരിക്കുകയും പരിശുദ്ധകുര്‍ബ്ബാനയുടെ തിരുനാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ത്രിത്വത്തിന്‍റെ അനുസ്മരണം കഴിഞ്ഞുവരുന്ന മൂന്നാം ദിവസം ദിവ്യകാരുണ്യതിരുനാള്‍ കൊണ്ടാടുന്ന പാരമ്പര്യം അജപാലന കാരണങ്ങളാലാണ് തുടര്‍ന്നുള്ള ഞായറാഴ്ചയിലേയ്ക്ക് മാറ്റി, ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്നത്.

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, വിശുദ്ധ തോമസ് അക്വീനസ് എന്നിവര്‍ ദിവ്യകാരുണ്യ ഭക്തിയുടെ പ്രായോക്താക്കളായിരുന്നു. ‘നിത്യതയുടെ ഔഷധ’മെന്ന് വിശുദ്ധ ഇഗ്നേഷ്യസ് ദിവ്യകാരുണ്യത്തെ വിശേഷിപ്പിച്ചപ്പോള്‍, ‘ഏറ്റവും മഹത്തായ കൂദാശ’യെന്ന് തോമസ് അക്വീനസും അതിനെ വിശേഷിപ്പിച്ചത്. ലത്തീന്‍ ഭാഷയില്‍ വി. തോമസ് അക്വീനാസ് രചിച്ചിട്ടുള്ള അഞ്ചു ദിവ്യകാരുണ്യഗീതികള്‍ പരിശുദ്ധ കര്‍ബ്ബാനയുടെ ദൈവശാസ്ത്രത്തിന്‍റെ സത്ത ഊറിയെത്തുന്നവയാണ്. Pange Lingua, Laudatione, Adore Te Devote, Sacris Solemnis,
Verbum Supernum എന്നിവയാണ് ഇന്നും പ്രചാരത്തിലുള്ള വിഖ്യാതമായ അക്വീനാസ് ദിവ്യകാരുണ്യ ഗീതികള്‍.

ദിവ്യകാരുണ്യത്തിന്‍റെ കൂട്ടായ്മ ക്രിസ്തുവില്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു.
പരിശുദ്ധ ത്രിത്വത്തിന്‍റെ കൂട്ടായ്മയില്‍ നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടു നാമും ഒത്തുചേരുന്നതാണ് ദിവ്യകാരുണ്യത്തിലെ കൂട്ടായ്മ. അതു നമ്മെ ക്രിസ്തുവിനോടും സഹോദരങ്ങളോടും ഐക്യപ്പെടുത്തുകയും ഏവരും ഒരു വിരുന്നുമേശയില്‍ പങ്കുചേരുകയും ചെയ്യുന്നു. അങ്ങനെ ചുറ്റുമുള്ള സഹോദരങ്ങളുമായി മാത്രമല്ല, ഈ ലോകം മുഴുവനുമായും രമ്യപ്പെടുവാനും ഐക്യപ്പെടുവാനും പരിശുദ്ധദിവ്യകാരുണ്യം വഴിതെളിക്കുന്നു.

ദിവ്യകാരുണ്യ ഭക്തരും സാമൂഹ്യ പ്രതിബദ്ധതയുള്ളവരുമായിരുന്ന 16-ാം നൂറ്റാണ്ടിലെ വിന്‍സെന്‍റ് ഡി പോളും, ആധുനികയുഗത്തിലെ മദര്‍ തെരേസായും തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് സാക്ഷൃപ്പെടുത്തി- യിട്ടുള്ളതുപോലെ പരിശുദ്ധദിവ്യകാരുണ്യം സഭയുടെ ലോകത്തുള്ള ആഴമായ സാമൂഹ്യ സാന്നിദ്ധ്യത്തിന്‍റ‍െയും പ്രതീകമാണ്. ജീവിതവീഥികളില്‍ ക്രിസ്തുവിനെ തിരിച്ചറിയുന്നവര്‍ക്കാണ് വേദനിക്കുന്നവരിലും, വിശക്കുന്നവരിലും, ദാഹിക്കുന്നവരിലും, പരദേശികളിലും, പാവങ്ങളിലും, രോഗികളിലും, കാരാഗൃഹ വാസികളിലും - അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളില്‍ - ശ്രദ്ധാലുക്കളാകുവാനും അവരുടെ സഹായത്തിനായി ഓടിയെത്തുവാനും സാധിക്കുന്നത്. നീതിയുടെയും സഹോദര്യത്തിന്‍റേയും സ്നേഹസമൂഹം വളര്‍ത്തുന്നതിനുള്ള ശക്തിയും ബോധ്യവും ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ലഭിക്കുന്നു. ആഗോളവത്ക്കരണം മനുഷ്യരെ പരസ്പരം കൂടുതല്‍ ആശ്രിതരാക്കുന്ന ഇക്കാലഘട്ടത്തില്‍, ദൈവത്തിലുള്ള ശാശ്വതമായ ഐക്യം പടുത്തുയര്‍ത്തുവാന്‍ സാധിച്ചില്ലെങ്കില്‍ വ്യക്തിമഹാത്മ്യ വാദത്തിന്‍റെയും, താന്‍ വലിയവനെന്ന ഭാവംകൊണ്ടുള്ള പരസ്പര പീഡനത്തിന്‍റെയും വിദ്വേഷത്തിന്‍റെയും കലുഷിതമായ അന്തരീക്ഷത്തില്‍ നമ്മുടെ ജീവിതങ്ങള്‍ വ്യഥപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ട്.

ക്രിസ്തുവിന്‍റെ സുവിശേഷം എപ്പോഴും ലക്ഷൃംവയ്ക്കുന്നത് മനുഷ്യകുലത്തിന്‍റെ ഐക്യമാണ്. ഈ ലക്ഷൃം അടിച്ചേല്‍പ്പിക്കാവുന്നതോ ആശയപരമോ സാമ്പത്തികമോ ആയ താല്‍പര്യങ്ങളില്‍നിന്നും ഉരുത്തിരിയുന്നതോ അല്ല, മറിച്ച് ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളുടെ ബോധ്യത്തില്‍നിന്നും വളരേണ്ടതാണ്. പരിശുദ്ധകുര്‍ബ്ബാനയില്‍നിന്നും സ്നേഹത്തിന്‍റെയും നീതിയുടെയും ഈ വഴിയും ബോധ്യവും ക്രിസ്തുശിഷ്യന്‍ അനുസ്യൂതം ആര്‍ജ്ജിക്കേണ്ടതാണ്, വളര്‍ത്തിയെടുക്കേണ്ടതാണ്. അന്ത്യത്താഴ വിരുന്നില്‍ അപ്പവും വീഞ്ഞും പകുത്തു നല്കിക്കൊണ്ട് ക്രിസ്തു സ്ഥാപിച്ച ബലി കാല്‍വരിയിലെ തന്‍റെ പരമയാഗത്തിന്‍റെ പ്രതിരൂപമായിരുന്നു. എല്ലാം സ്നേഹത്തില്‍ ഉള്‍ക്കൊണ്ട ക്രിസ്തുവിന്, മറ്റുള്ളവര്‍ തന്നില്‍ ഏല്പിച്ച അതിക്രമങ്ങളും അവസാനം കുരിശുമരണംപോലും സ്വാര്‍പ്പണമായി മാറുന്നു. ഈ രൂപാന്തരീകരണമാണ് ലോകത്തിന് ഇന്നാവശ്യം. ഭൗമികതയില്‍നിന്നും ആത്മീയതയിലേയ്ക്ക് ഉയരുന്ന രൂപാന്തരീകരണവും, ദൈവരാജ്യത്തിലേയ്ക്കുള്ള പരിവര്‍ത്തനവുമാണ് നമുക്കാവശ്യം. എന്നാല്‍ ഈ രൂപാന്തരീകരണം ക്രിസ്തുവിന്‍റെ ശൈലിയില്‍ ആയിരിക്കണമെന്നതാണ് ദൈവികപദ്ധതി. കാരണം ക്രിസ്തുവാണ് ‘വഴിയും, സത്യവും ജീവനും’
(യോഹ. 16, 4).

ക്രൈസ്തവീകതയില്‍ അമാനുഷമായിട്ട് ഒന്നുമില്ല. കുറുക്കു വഴികളും അതിലില്ല. ക്ഷമയുടെയും, നിലത്തു വീണലിയുന്ന വിത്തിന്‍റെയും വിനയത്തിന്‍റെയും യുക്തിയാണവിടെയുള്ളത്. മലയെ മാറ്റാന്‍ കരുത്തുള്ള കടുകുമണയോളമുള്ള വിശ്വാസത്തിന്‍റെ യുക്തിയാണ് ഈ ലോകത്തെ നവീകരിക്കുവാന്‍ ദൈവം ക്രൈസ്തവരില്‍നിന്നും പ്രതീക്ഷിക്കുന്നത്,
എല്ലാ മനുഷ്യനില്‍നിന്നും പ്രതീക്ഷിക്കുന്നത്. ചരിത്രത്തെയും ഈ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുവാന്‍ പോരുന്ന നിരന്തരമായ സ്നേഹപ്രവാഹത്തിന്‍റെ സ്രോതസ്സാണ് പരിശുദ്ധ ദിവ്യകാരുണ്യം.

ഓരോ ദിനത്തിലും സൂര്യന്‍ മങ്ങിമറയുമ്പോള്‍, കൂടെ ചരിക്കുന്ന ഉത്ഥിതനായ ക്രിസ്തു പറയുന്നു, “യുഗാന്ത്യംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” മത്തായി 28, 20. ഞങ്ങളുടെ പ്രത്യാശ കെട്ടുപോകാതെ തുണയായ് നില്ക്കുന്ന അങ്ങേ അതിരറ്റ വാത്സല്യത്തിനും, അസ്തമിക്കാത്ത സ്നേഹത്തിനും, വിശ്വസ്തതയ്ക്കും ദൈവമേ, നന്ദി, നന്ദി! ക്രിസ്തുവിന്‍റെ കൂടെ അപ്പം മുറിച്ചവര്‍ പറഞ്ഞു, “സന്ധ്യ മയങ്ങുന്നു, പകല്‍ തീരാറായി. കര്‍ത്താവേ, അങ്ങു ഞങ്ങളോടുകൂടെ വന്നാലും, വസിച്ചാലും!” ലൂക്കാ 24, 29.










All the contents on this site are copyrighted ©.