2014-06-20 19:07:17

എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന
പാപ്പാ ഫ്രാന്‍സിസ്


20 ജൂണ്‍ 2014, ലമേസ്സിയാ
പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നവെന്ന്, അലക്സാണ്ടര്‍ ജിസ്സോത്തി വത്തിക്കാന്‍ റേഡിയോ വക്താവ്. ഇറ്റലിയിലെ ലമേസ്സിയ രൂപതാ ബുള്ളറ്റിന് വ്യക്തിപരമായി നല്കിയ അഭിപ്രായമാണെങ്കിലും പാപ്പായുടെ വ്യക്തിത്വത്തിന്‍റെ ശ്രദ്ധേയമായതും തനിമയാര്‍ന്നതുമായ വീക്ഷണമാണ് ജിസ്സോത്തിയുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്.

സ്വയം ദൈവത്തിന്‍റെ അത്ഭുതചെയ്തികളോട് തുറവുകാണിക്കുന്നതിനാലാണ് വ്യക്തിജീവിതത്തില്‍ വാക്കിലും പ്രവര്‍ത്തിയിലും പാപ്പാ ഫ്രാന്‍സിസ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്, എന്നായിരുന്നു, ഇറ്റലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജിസ്സോത്തിയുടെ തനിമയാര്‍ന്ന യുക്തി. പാപ്പാ ഫ്രാന്‍സിസിനെ വിപ്ലവകാരി, ഇടതന്‍, പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ എന്നിങ്ങനെ പലതരത്തിലും വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ‘ദൈവമാണ് എപ്പോഴും വലിയവന്‍..’ (ad majorem Dei gloriam) എന്ന വിശുദ്ധ ഇഗ്നേഷ്യസിന്‍റെ വാക്കുകളില്‍ ഉറച്ചുനില്ക്കുന്ന വ്യക്തിയാണ് ഈശോസഭാംഗമായ പാപ്പായെന്നും ജിസ്സോത്തി ബുള്ളറ്റിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

സഭയിലെ നവീകരണ പ്രവര്‍ത്തികള്‍ കാണാന്‍ ക്ഷമയോടെ നാം ഇനിയും കാത്തിരിക്കണമെന്നും,
പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാഭരണത്തിന്‍റെയും നവീകരണത്തിന്‍റെയും കേന്ദ്രബിന്ദു കുടുംബങ്ങളെക്കുറിച്ചുള്ള മെത്രന്മാരുടെ പ്രത്യേക സിനഡുസമ്മേളനമായിരിക്കുമെന്നാണ് വ്യക്തിപരമായി താന്‍ വിശ്വസിക്കുന്നതെന്നും ജിസ്സോത്തി ചൂണ്ടിക്കാട്ടി.

നവയുഗത്തിലെ മൂന്നു പാപ്പാമാരെ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെയും, മുന്‍പാപ്പാ ബെനഡിക്ടിനെയും പാപ്പാ ഫ്രാന്‍സിസിനെയും കണ്ണിചേര്‍ത്ത ചരടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസെന്നും, ക്രിസ്തുവിന്‍റെ സുവിശേഷം പതറാതെ ബോധ്യത്തോടും ധൈര്യത്തോടും പ്രഘോഷിക്കുന്ന പ്രവണതയാണ് മൂന്നുപേരിലും പൊതുവായി വിശിഷ്യാ പാപ്പാ ബര്‍ഗോളിയോയില്‍, കാണുന്നതെന്നും ജിസ്സോത്തി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.