2014-06-18 18:28:54

തായ് ഭാഷയില്‍
സമ്പൂര്‍ണ്ണ ബൈബിള്‍


19 ജൂണ്‍ 2014, തായിലണ്ട്
സമ്പൂര്‍ണ്ണ ബൈബിളിന്‍റെ തായ് പരിഭാഷ പ്രസിദ്ധീകരണത്തിന് തയ്യാറായെന്ന്, തായിലാന്‍റിലെ റച്ചാബ്രി രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോണ്‍ ബോസ്ക്കോ പാനിയ പ്രസ്താവിച്ചു.

22 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫാദര്‍ ഫ്രാന്‍സിസ് കായിസ് എന്ന സലീഷന്‍ മിഷണറി തുടക്കമിട്ട ബൈബിളിന്‍റെ കത്തോലിക്ക ഭാഷ്യത്തിന്‍റെ വിവര്‍ത്തനമാണ് പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്നതെന്നും, പരിഭാഷയുടെ ഉത്തരവാദിത്വം വഹിച്ച ബിഷപ്പ് പാനിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

വിശുദ്ധ ഗ്രന്ഥത്തിന്‍റെ പ്രോട്ടസ്റ്റന്‍റ് എഡിഷന്‍ തായ് ഭാഷയില്‍ നിലവിലുണ്ടായിരുന്നത് ക്രമപ്പെടുത്തിയാണ് തായിലണ്ടിലെ സഭ ആരാധനക്രമ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും, മാതൃഭാഷയിലുള്ള കത്തോലിക്കാ ബൈബിള്‍ സമ്പൂര്‍ണ്ണ പകര്‍പ്പ് പ്രസിദ്ധപ്പെടുത്തുന്നത് തായ് ഭാഷാചരിത്രത്തിലെ വലിയ സംഭവമാണെന്നും ബിഷപ്പ് പാനിയ പ്രസ്താവനയിലൂടെ അറിയിച്ചു.

നീണ്ടകാലത്തെ സൂക്ഷ്മമായ പഠനത്തിന്‍റെയും പരിഭാഷയുടെയും പരിണിത ഫലമായിട്ടാണ് ആനുകാലിക ഭാഷയില്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ സമ്പൂര്‍ണ്ണപതിപ്പ് പുറത്തുകൊണ്ടുവരുവാന്‍ ഫാദര്‍ കായിസിനും സംഘത്തിനും സാധിച്ചതെന്നും ബിഷപ്പ് പാനിയ പ്രസ്താവനയിലൂടെ അറിയിച്ചു.

6 കോടിയോളം വരുന്ന തായ് ജനസംഖ്യയില്‍ 3 ലക്ഷത്തോളം മാത്രമാണ് കത്തോലിക്കരുടെ എണ്ണം. തായിലണ്ടിലെ സഭയ്ക്ക് മൂന്നു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും, മിഷണറിമാര്‍ സുവിശേഷങ്ങള്‍ മാത്രമാണ് തായ് ഭാഷയിലേയ്ക്ക് വിവിര്‍ത്തനംചെയ്തിട്ടുള്ളത്. വളരെ പുരാതനമായ തായ് ഭാഷശൈലിയിലും ലിപികളിലുമാണ് ആദ്യകാല പരിഭാഷ പുറത്തുവന്നത്. വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികം കണക്കിലെടുത്തുകൊണ്ടുമാണ് ഫാദര്‍ കായിസും സംഘവും സമ്പൂര്‍ണ്ണ ബൈബിള്‍ തായ് പരിഭാഷ പുറത്തുകൊണ്ടുവരുന്നതെന്നും, ബിഷപ്പ് പാനിയ പ്രസ്താവനയിലൂടെ വിശദീകരിച്ചു.








All the contents on this site are copyrighted ©.