2014-06-16 16:02:38

ത്രിത്വത്തിന്‍റെ സത്ത
തികവുറ്റ സ്നേഹമെന്ന് പാപ്പാ ഫ്രാന്‍സിസ്


RealAudioMP3
16 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 15-ാം തിയതി ഞായറാഴ്ച പരിശുദ്ധത്രിത്വത്തിന്‍റെ തിരുനാളായിരുന്നല്ലോ.
യൂറോപ്പില്‍ വസന്തത്തിന്‍റെ അന്ത്യഘട്ടത്തിലാണെങ്കിലും കാലേകൂട്ടിയെത്തിയ വേനല്‍ചൂടിന് അറുതിവരുത്തിക്കൊണ്ട് രാവിലെപെയ്തിറങ്ങിയ മഴ അന്തരീക്ഷമാകെ തണുപ്പിച്ചു. ചിന്നിനിന്ന ചെറുമഴയെ വെല്ലുവിളിച്ചും വിശ്വാസികളും തീര്‍ത്ഥാടകരുംമായി ആയിരങ്ങളാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാനുള്ള ആവേശത്തോടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് നീങ്ങി. കുടചൂടിയും കോട്ടണിഞ്ഞും ചത്വരം നിറഞ്ഞുനിന്ന ജനാവലി ബര്‍ണ്ണീനിയുടെ മനോഹരമായ സ്തംഭാവലികള്‍ക്കിടയില്‍ മഴവില്ലിന്‍റെ വര്‍ണ്ണരാജി വിരിയിച്ചു. കൃത്യം 12-മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെടുന്ന പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ ആടിയും പാടിയും ആവേശത്തോടെ കാത്തുനിന്നു. പ്രാര്‍ത്ഥനയ്ക്കുള്ള സമയമായതും, അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പാപ്പാ ഫ്രാന്‍സിസ് ഇതാ, പ്രത്യക്ഷപ്പെട്ടു. ചത്വരം തിങ്ങിനിന്ന ജനാവലിയെ മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. എന്നിട്ട്, പാപ്പാ പ്രഭാഷണം ആരംഭിച്ചു.

1. ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം

പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവമാണ് നാം ഇന്ന് ആചരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സമ്പൂര്‍ണ്ണ സ്നേഹത്തിന്‍റെ ആഴമായ ഐക്യമാണ് ഈ ആഘോഷത്തില്‍ ധ്യാനിക്കുന്നത്. പ്രപഞ്ചത്തിന്‍റെയും അതിലെ സകല ചരാചരങ്ങളുടെയും ഉത്ഭവവും പരമമായ ലക്ഷൃവും ത്രിത്വമഹാരഹസ്യത്തില്‍ കേന്ദ്രീകൃതമാണ്. ക്രിസ്തുവിന്‍റ സ്നേഹക്കൂട്ടായ്മയില്‍ ജീവിക്കേണ്ട സഭയുടെ മാതൃകയാണ് ത്രിത്വൈക ദൈവത്തിന്‍റെ ഐക്യത്തില്‍ പ്രകടമാകുന്നത്. പിതാവിന്‍റെ പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും സത്താപരമായ കൂട്ടായ്മയില്‍ തെളിഞ്ഞുനില്ക്കുന്നത് തികവുറ്റ ദൈവസ്നേഹമാണ്.

“നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍. നിങ്ങളന്വോന്യം സ്നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും,” (യോഹ. 13, 35) എന്ന് ക്രിസ്തു ആഹ്വാനംചെയ്ത പ്രകാരം ക്രൈസ്തവന്‍റെ മുഖമുദ്ര സ്നേഹമാണ്. അതിനാല്‍ സ്നേഹമായ ദൈവം മാനുഷിക കാര്യങ്ങളില്‍ നിസംഗനോ അലക്ഷൃഭാവനോ അല്ലെന്ന സത്യം പ്രഘോഷിക്കുവാനും സാക്ഷൃപ്പെടുത്തുവാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. മനുഷ്യരുടെ സുഖദുഃഖങ്ങളും, ആശകളും പ്രത്യാശകളും പങ്കുവച്ചുകൊണ്ട് ദൈവം നമ്മുടെ ചാരത്തുണ്ട്, കൂടെയുണ്ട് എന്നു മനസ്സിലാക്കുക. “ദൈവിത്തില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം പുത്രനെ അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവിടുന്നുവഴി ലോകം രക്ഷപ്രാപിക്കാനാണ്.” (യോഹ. 3, 16-17).
അഗാധമായ ദൈവസ്നേഹം പൂര്‍ണ്ണമായും മനസ്സിലാക്കുക അസാദ്ധ്യമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പാപ്പാ പ്രഭാഷണം തുടര്‍ന്നത്.

ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദാനമാണ് പരിശുദ്ധാത്മാവ്. ഈ പരിശുദ്ധാത്മാവാണ്, ത്രിത്വത്തിന്‍റെ ഊര്‍ജ്ജ്വസ്വലതയായ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പരസ്പര സേവനത്തിന്‍റേയും പങ്കുവയ്ക്കലിന്‍റേയും ആന്തരികതയില്‍ പ്രവേശിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നതും ദൈവിക ജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതും. അതിനാല്‍ അപരനെ സന്തോഷത്തോടെ സ്നേഹിക്കുന്ന വ്യക്തി ത്രിത്വത്തിന്‍റെ പ്രതിഫലനമാണ്. പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും ത്രിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആത്മീയനന്മകള്‍ എന്നപോലെ ഭൗമികനന്മകളും ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്ന ഇടവകസമൂഹവും പരിശുദ്ധത്രിത്വത്തിന്‍റെ സ്നേഹക്കൂട്ടായ്മയെ പ്രതീകവത്ക്കരിക്കുന്നു. യഥാര്‍ത്ഥ സ്നേഹം അതിരുകളില്ലാത്തതാണ്. അത് പരസ്പരം ആദരിക്കുകയും അപരന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്.

ത്രിത്വമഹാരഹസ്യവും ലോകത്ത് മനുഷ്യനായി അവതരിച്ച ക്രിസ്തുവിന്‍റെ ദൈവികസാന്നിദ്ധ്യവും സംവദിക്കുന്ന ‘എരിയുന്ന മുള്‍പ്പടര്‍പ്പാ’ണ് പരിശുദ്ധദിവ്യകാരുണ്യം. അതുകൊണ്ടാണ് ത്രിത്വത്തിന്‍റെ മഹോത്സവം കഴിഞ്ഞ ഉടനെ ദിവ്യകാരുണ്യത്തിന്‍റെ, അല്ലെങ്കില്‍ ക്രിസ്തുവിന്‍റെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ത്രിത്വമഹാരഹസ്യത്തെ തിരുനാളിനുശേഷമുള്ള വ്യാഴാഴ്ച, ജൂണ് 19-ാം തിയതി റോമാരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പരിശുദ്ധദിവ്യകാരുണ്യത്തിരുനാള്‍, പാരമ്പര്യമനുസരിച്ച് ദിവ്യബലിയോടും ദിവ്യകാരുണ്യപ്രദക്ഷിണത്തോടുംകൂടെ സാഘോഷമായി കൊണ്ടാടുമെന്ന് പാപ്പാ പ്രസ്താവിച്ചു.

റോമാ നിവാസികളെ മാത്രമല്ല, എല്ലാവരെയും ദിവ്യകാരണ്യ മഹോത്സവത്തിലേയ്ക്ക് പാപ്പാ സ്വാഗതംചെയ്തു. പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും ഒന്നാകുന്ന ദൈവികകൂട്ടായ്മയാണ് ഈ മഹോത്സവം വെളിപ്പെടുത്തുന്നതെന്ന്, സഭാപിതാവായ വിശുദ്ധ സിപ്രിയാനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ സമര്‍ത്ഥിച്ചു.

അനുദിന ചെയ്തികളിലെന്നപോലെ, പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിലും നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്തെ പ്രകീര്‍ത്തിക്കുന്നതിന് ത്രിത്വത്തിന്‍റെ സമ്പൂര്‍ണ്ണസൃഷ്ടിയായ പരിശുദ്ധ കന്യകാനാഥ ഏവരെയും തുണയ്ക്കട്ടെ, എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

2. ആശംസകളും അനുമോദനങ്ങളും

ഇറാക്കിലെ സംഭവവികാസങ്ങള്‍ ഏറെ ആശങ്കയോടെയാണ് താന്‍ അനുദിനം വീക്ഷിക്കുന്നത്. ഉയരുന്ന അധിക്രമങ്ങളുടെ അലയടിയില്‍പ്പെടുന്ന ഇറാക്കി ജനതയെയും, ഒപ്പം ഭീഷണിയുടെ നെടുങ്ങലുമായി സ്വന്തംനാടും വീടും വിട്ടിറങ്ങി പോകേണ്ടിവരുന്ന ക്രൈസ്തവ സഹോദരങ്ങളെയും പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച പാപ്പാ വികാരഭരിതനായിരുന്നു. വംശീയ വൈരുദ്ധ്യങ്ങള്‍ക്കതീതമായി എല്ലാ ഇറാക്കികളും അനുരഞ്ജനത്തിലൂടെ സുരക്ഷയും സമാധാനവും നീതിയുമുള്ള ജനമായി, സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും ജീവിക്കുന്നൊരു മാതൃരാഷ്ട്രം വളര്‍ത്തിയെടുക്കാന്‍ ഇടയാകട്ടെ, എന്ന് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ജനങ്ങനെ അനുസ്മരിപ്പിച്ചു.
വരുന്ന സെപ്റ്റംബര്‍ 21-ാം തിയതി കിഴക്കന്‍ യൂറോപ്പിലെ ആല്‍ബേനിയയിലെ രാഷ്ട്രനേതാക്കളുടെയും സഭാധികരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട് അവിടത്തെ
തിരാനാ നഗരം സന്ദര്‍ശിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു. ചില രാഷ്ട്രീയ മിമാംസകളുടെ പിടില്‍ വിഷമിക്കുന്ന അവിടുത്തെ ജനതയെ ഉത്തേജിപ്പിക്കുകയും, അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയുമാണ് തന്‍റെ സന്ദശന ലക്ഷൃമെന്നും പാപ്പാ പ്രസ്താവിച്ചു.

തുടര്‍ന്ന് ചത്വരത്തില്‍ സന്നിഹിതരായിരുന്ന തീര്‍ത്ഥാടകരെയും ഇടവകസമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും സംഘടനകളെയും പേരെടുത്തു പറഞ്ഞ് പാപ്പാ അഭിവാദ്യംചെയ്തു.

കൊളമ്പിയയില്‍നിന്നെത്തിയ പട്ടാളക്കാര്‍ക്കും, തായിവാന്‍, ഹോങ്കോംഗ്, സ്പെയിനിലെ ആവില. അര്‍ജന്‍റീനായിലെ വെനാഡോ തുവേര്‍ത്തോ എന്നിവിടങ്ങളില്‍നിന്നും, ഇറ്റലിയിലെ കളിയാരി, ആല്‍ബീനോ, വിഞ്ഞോളാ, ലൂക്കാ ബത്തിപ്പാലിയ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ വിശ്വാസികള്‍ക്കും പാപ്പാ പ്രത്യേകമായി ആശംസകളര്‍പ്പിച്ചു.

ജീവിതപുണ്യങ്ങളുടെ അഭിവൃദ്ധിക്കും പരിപോഷണത്തിനുമായുള്ള പ്രസ്ഥാനം Movement of Sanctity of life-ലെ അംഗങ്ങള്‍ക്ക്, അവരുടെ സ്ഥാപകന്‍ ദൈവദാസന്‍ വില്യം ജ്യാഗ്വിന്തായുടെ ജന്മശതാബ്ദി ആശംസകള്‍ നേര്‍ന്നു.

അവിടെ സന്നിഹിതരായിരുന്ന ഇറ്റലിയില്‍ കാസലിയോണെയില്‍നിന്നുമുള്ള സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികള്‍ക്കും, റോമിലെ IDI health service group-ലെ ജോലിക്കാര്‍ക്കും പാപ്പാ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

അന്യനാടുകളില്‍നിന്നുമെത്തി, ഇറ്റലിയിലെ കുടുംബങ്ങളില്‍ ഗാര്‍ഹിക ജോലികളില്‍ വ്യാപൃതരായിരിക്കുന്നവരെയും പ്രായമായവരെ പരിചരിക്കുന്നവരെയും പ്രത്യേകമായി അനുസ്മരിക്കുകയും, അവര്‍ക്ക് നന്ദിപറയുകയും ചെയ്തശേഷം ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലി.

ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ത്രിത്വമഹോത്സവത്തിന്‍റെ ആശംസകള്‍ നേര്‍ന്ന ശേഷം, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട്, ചത്വരത്തിന്‍റെ നാനാഭാഗങ്ങളിയേക്കും തിരിഞ്ഞ് മന്ദസ്മിതത്തോടെ കരങ്ങളുയര്‍ത്തി
ഏവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ത്രികാലപ്രാര്‍ത്ഥനാ പരിപാടി ഉപസംഹരിച്ചു, ജാലകത്തില്‍നിന്നും പിന്‍വാങ്ങി.







All the contents on this site are copyrighted ©.