2014-06-13 17:19:44

പ്രേഷിതദൗത്യത്തില്‍
ആജീവനാന്ത വിശ്വസ്തത അനിവാര്യം


13 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 13-ാം തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. രാജാക്കന്മാരുടെ ആദ്യഗ്രന്ഥത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (1 രാജാ. 19, 11-16). കര്‍ത്താവു കടന്നുപോയി. അവിടുത്തെ മുന്‍പില്‍ മലകല്‍ പിളര്‍ന്നു, പാറകള്‍ തകര്‍ത്തുംകൊണ്ട് കൊടുങ്കാറ്റടിച്ചു. കൊടുങ്കാറ്റില്‍ കര്‍ത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കര്‍ത്താവില്ലായിരുന്നു. പിന്നെ അഗ്നിയിറങ്ങി. അഗ്നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്നി ഇറങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു. ആ മൃദുസ്വരത്തില്‍ കര്‍ത്താവുണ്ടായിരുന്നു. മൃദുസ്വരത്തില്‍ ഇറങ്ങി വന്ന കര്‍ത്താവിന്‍റെ സാന്നിദ്ധ്യം വിരോധാഭാസമായി തോന്നാമെങ്കിലും, ഏലിയായ്ക്ക് കര്‍ത്താവിനെ വിവേചിച്ചറിയാനുള്ള ശക്തിയുണ്ടായിരുന്നുവെന്നും, ദൈവിക സ്വരം തിരിച്ചറിയുവാനുള്ള കരുത്ത് വ്യക്തിജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ കാര്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

കര്‍ത്താവിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്ത ഏലിയായ്ക്കാണ് അവിടുന്ന് പ്രേഷിതദൗത്യം നല്കി പറഞ്ഞയക്കുന്നത്. ഡമാസ്ക്കസിന് അടുത്തുള്ള മരുഭൂമിയിലേയ്ക്കു മടങ്ങുവാനും, ഹസായേലിനെ സിറിയയുടെ രാജാവായി അഭിഷേകംചെയ്യുവാനും, പിന്നെ എലീഷായെയും പ്രവാചകനായി വാഴിക്കാന്‍ കര്‍ത്താവ് ഏലിയായ്ക്ക് ദൗത്യംനല്കി പറഞ്ഞയക്കുന്നു.

ദൈവം നമ്മെ ഭരമേല്പിക്കുന്ന ദൗത്യങ്ങളിലേയ്ക്ക് ഇറങ്ങിചെല്ലുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ഇവിടെ സാധാരണ ജീവിത ലക്ഷൃവും ദൈവം നല്കുന്ന ദൗത്യവും തമ്മില്‍ നാം വിവേചിക്കേണ്ടിയിരിക്കുന്നു. കാരണം, സാധാരണ ജീവിതലക്ഷൃങ്ങള്‍ പരിശ്രമിച്ചും അദ്ധ്വാനിച്ചും നമുക്ക് നേടിയെടുക്കാം. എന്നാല്‍ ദൈവം നല്കുന്ന പ്രേഷിതദൗത്യം പ്രതിഭാസവും പ്രക്രിയയുമാണ്. അത് ആജീവനാന്തം തുടരേണ്ടതും അനുദിന വിശ്വസ്ത ആവശ്യപ്പെടുന്നതുമാണ്.. അതില്‍ ദൈവത്തിന്‍റെ ഹിതം വേവിച്ചറിയേണ്ടിയിരിക്കുന്നു, ഒപ്പം വ്യക്തി സ്വയം ഒരുങ്ങുകയും വിശുദ്ധീകരിക്കുകയും ചെയ്യേണ്ടതും ഈ ജീവസമര്‍പ്പണത്തിന്‍റെ ഭാഗമാണ്.

ദുഷ്ടരായ രാജാക്കന്മാര്‍ അവരുടെ ശത്രുക്കളെ വധിക്കുന്നു. അവര്‍ ഭീരുക്കളാണ്. എന്നാല്‍ കര്‍ത്താവ് അതിലേറെ ശക്തനാണ്. അവിടുന്ന് സര്‍വ്വനന്മയാണ് മഹത്വമാര്‍ന്നവനാണ്.

വിളി കേട്ട വ്യക്തിക്ക് ദൗത്യനിര്‍വ്വഹണത്തിന് കര്‍ത്താവിന്‍റെ കൃപയും തുണയും ആവശ്യമാണ്. ദൗത്യനിര്‍വ്വഹണത്തിന്‍റെ പ്രകൃയയില്‍ വിളിക്കപ്പെട്ടവന്‍ ദൈവികസ്വരം വിവേചിച്ചറിയുകയും അനുസരിക്കുകയും ചെയ്യണമെന്ന് പാപ്പാ പ്രസ്താവിച്ചു. എന്നിരുന്നാലും സഹിക്കേണ്ടി വന്നേക്കാമെന്നും, എന്നാല്‍ കര്‍ത്താവ് കൂടെയുണ്ടെന്ന് ഓര്‍ക്കുക. നമ്മുടെ ജീവിതയാത്രയില്‍ ദൈവികസ്വരം ശ്രവിച്ചാല്‍ ദൗത്യനിര്‍വ്വഹണത്തില്‍ കര്‍ത്താവ് നയിക്കുകയും പരിപാലിക്കുകയും ചെയ്യും. അങ്ങനെ ക്രിസ്തുവിന്‍റെ രക്ഷാദൗത്യത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍ വിളിച്ചവരെ ദൈവം തുണയ്ക്കുമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് വചനചിന്തകള്‍ പാപ്പാ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.