2014-06-13 18:12:03

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍
ആഗോളതലത്തില്‍ മന്ദത


13 ജൂണ്‍ 2014, റോം
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആഗോള പദ്ധതിയില്‍ അസ്വീകാര്യമായ തോതില്‍ മന്ദത കടന്നുകൂടിയിട്ടുണ്ടെന്ന്, ലോകഭക്ഷൃ സംഘടന, FAO-യുടെ ഡയറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാസിയാനോ ഡിസില്‍വ പ്രസ്താവിച്ചു.

ജൂണ്‍ 12-ാം തിയതി റോമില്‍ വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഗ്രാസിയാനോ ഇങ്ങനെ പ്രസ്താവിച്ചത്. ഒരു കോടിയോളം ജനങ്ങള്‍ ലോകത്ത് ഭക്ഷണത്തിനായി വലയുന്നുണ്ടെന്ന് 2013-ല്‍
ഫാവോയുടെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതില്‍ 60 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ പോഷകാഹാരം ലഭിക്കാതെ ദാരിദ്ര്യത്തിന്‍റെയും രോഗങ്ങളുടെയും പിടിയില്‍ ജീവന്‍ കുരുതികഴിക്കുന്നുണ്ടെന്നും ഗ്രാസ്സിയാനോ വെളിപ്പെടുത്തി.

എന്നും മാനവകുലത്തിന്‍റെ പൊതുനന്മയ്ക്കും ലക്ഷൃങ്ങള്‍ക്കുമായി നിലകൊള്ളുന്ന സഭ, ഫാവോയുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളെയും, മനുഷ്യാവകാശ നയങ്ങളെയും എന്നും പിന്‍തുണച്ചിട്ടുണ്ടെന്നും, അതിനാല്‍ പാപ്പാ ഫ്രാന്‍സിസ് നവംബര്‍ 19-മുതല്‍ 21-വരെ തിയതികളില്‍ സമ്മേളിക്കുന്ന ഫാവോയുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായുള്ള അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഗ്രാസ്സിയാനോ പ്രത്യാശപ്രകടിപ്പിച്ചു.

22-വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃവിഭാഗം Food And Agricultural Organization ദാരിദ്യനിര്‍മ്മാര്‍ജ്ജന പദ്ധതിക്കായി സമ്മേളിച്ചത്. ആ ആദ്യമത്തില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കിലും മനുഷ്യരാശിയുടെ ഒടുങ്ങാത്ത ജീവിതവ്യഥയെ നവമായ നയങ്ങളോടെ നേരിടുകയും നിര്‍മ്മാര്‍ജ്ജനംചെയ്യാന്‍ പതറാതെ മുന്നേറുമെന്നും ഗ്രാസ്സിയാനോ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.