2014-06-11 17:53:58

‘ചൂഷിതരാകുന്ന ലക്ഷോപലക്ഷം കുഞ്ഞുങ്ങള്‍’
ബാലവേലയ്ക്കെതിരായ അന്താരാഷ്ട്രദിനം


11 ജൂണ്‍ 2014, ജനോവ
ലക്ഷോപലക്ഷം കുട്ടികളാണ് ലോകത്ത് ചൂഷണംചെയ്യപ്പെടുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പ്രസ്താവിച്ചു. ജൂണ്‍ 12-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സഭ ആചരിക്കുന്ന ‘ബാലവേലയ്ക്കെതിരായ ദിന’ത്തോടനുബന്ധിച്ചാണ് (International Day against Child Labour)
പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ബാലവേലയ്ക്കും, കുട്ടികളുടെ ചൂഷണത്തിനും എതിരായി അന്തര്‍ദേശീയ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, അവര്‍ക്ക് എല്ലാത്തരത്തിലും തലത്തിലുമുള്ള സാമൂഹ്യസംരക്ഷണം നല്കുവാന്‍ രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

ഐക്യരാഷ്ട്ര സഭയുടെ തൊഴില്‍ സംഘടന ILO, InternationalLabour Organization –ന്‍റെ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി കുട്ടികളെ അന്യായമായ തൊഴിലിന്‍റെയും ചൂഷത്തിന്‍റെയും മേഖലയില്‍നിന്നും അകപ്പെടാതെ സാമൂഹ്യസംരക്ഷണം നല്കുകയെന്ന ഉത്തരവാദിത്വം വലുതാണെന്ന കാര്യം പാപ്പാ അടിവരിയിട്ടു പ്രസ്താവിച്ചു.
....
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സമൂഹ്യ സംരക്ഷണം നല്കിക്കൊണ്ട് കുഞ്ഞുങ്ങളെ മനുഷ്യാന്തസ്സില്‍ വളര്‍ത്താനും, ആരോഗ്യകരമായ ചുറ്റുപാടും വിദ്യാഭ്യാസവും, വളരാനുള്ള സാദ്ധ്യതകളും നല്കിയാല്‍ ബാലവേലയുടെയും കുട്ടികള്‍ക്കെതിരായ സാമൂഹ്യതിന്മകളുടെയും പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കാനാകുമെന്നതാണ് ബാലവേലയ്ക്കെതിരായ ഐക്യരാഷ്ട്രസഭയുടെ 2014-ാമാണ്ടിലെ പ്രായോഗിക നീക്കങ്ങളെന്ന്, ഐഎല്‍ഓ-യുടെ ജനീവ ആസ്ഥാനത്തുനിന്നും ബാലവേലയ്ക്കെതിരായ ദിനത്തോടനുബന്ധിച്ച് ഇറക്കിയ സന്ദേശവും വ്യക്തമാക്കുന്നുണ്ട്.

പ്രായമായ മാതാപിതാക്കള്‍ക്ക് അവരുടെ പെന്‍ഷന്‍, സാമൂഹ്യസുരക്ഷ എന്നിവ രാഷ്ട്രങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതു വഴിയും, കുട്ടികളുടെ ഭാവി സുരക്ഷയും ആരോഗ്യകരമായ വളര്‍ച്ചയും ഉറപ്പുവരുത്തുവാനുള്ള ഇതര മാര്‍ഗ്ഗങ്ങളാണെന്ന് ഇക്കുറി ഐഎല്‍ഓ-യുടെ സന്ദേശം നിര്‍ദ്ദേശിച്ചു.

ലക്ഷോപലക്ഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാഭ്യാസം ആരോഗ്യം വിശ്രമം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ ലഭിക്കാതെ, അവകാശങ്ങള്‍ ലംഘിക്കപ്പെട്ട്, യുദ്ധത്തിന്‍റെയും, അഭ്യന്തരകലാപത്തിന്‍റെയും, മയക്കുമരുന്നു കടത്ത്, വേശ്യാവൃത്തി മുതലായ അപകടകരമായ പരിസ്ഥിതികളില്‍ ജീവിക്കുന്നുണ്ടെന്നും സന്ദേശം ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.