2014-06-11 18:05:20

കര്‍ദ്ദിനാള്‍ അഗ്രേ അന്തരിച്ചു
പാപ്പാ അനുശോചിച്ചു


11 ജൂണ്‍ 2014, വത്തിക്കാന്‍
കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് അഗ്രേയുടെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു.
ധീരമായ വിശ്വാസസമര്‍പ്പണത്തിന്‍റെ നീണ്ടകാല സേവനംകൊണ്ട് ഐവറി കോസ്റ്റിലെ സഭയെ ധന്യമാക്കിയ കര്‍ദ്ദിനാള്‍ അഗ്രേ ദൈവികപുരുഷനും, ഒപ്പം മനുഷ്യസ്നേഹിയുമായിരുന്നെന്ന് പാപ്പാ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിലെ അബിജാന്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തായായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ അഗ്രേ. ജൂണ്‍ 9-ാം തിയതി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ പാരീസില്‍വച്ചായിരുന്നു
88-വയസ്സുകാരനായ കര്‍ദ്ദിനാളിന്‍റെ അന്ത്യം.

ജനങ്ങളുടെ മാനുഷികവും ആത്മീയവുമായ പുരോഗതിക്കായി അവസാനംവരെ അദ്ധ്വാനിച്ച കര്‍ദ്ദിനാള്‍ അഗ്രേയുടെ നിര്യാണത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഏവ‍ര്‍ക്കും പാപ്പാ അനുശോചനം അറിയിക്കുകയും, പ്രാര്‍ത്ഥന നേരുകയും ചെയ്തു.

അബിജാന്‍റെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ പിയെര്‍ കൂത്വായ്ക്ക് വത്തിക്കാനില്‍നിന്നും ജൂണ്‍ 10-ാം തിയതി ചെവ്വാഴ്ച അയച്ച സന്ദേശത്തിലാണ്
പാപ്പാ അനുശോചനം അറിയിച്ചത്.

കര്‍ദ്ദിനാള്‍ ബര്‍ണാര്‍ഡ് അഗ്രേയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അംഗസംഖ്യ
213-ായി കുറയുകയാണ്.








All the contents on this site are copyrighted ©.