2014-06-09 16:13:50

മനുഷ്യമനസ്സുകളെ മഥിക്കുന്ന
ദൈവാത്മാവിന്‍റെ അത്ഭുതചെയ്തികള്‍


RealAudioMP3
9 ജൂണ്‍ 2014, വത്തിക്കാന്‍
പെന്തക്കൂസ്താ മഹോത്സവനാളില്‍ വത്തിക്കാനിലെ ചത്വരം നിറഞ്ഞുനിന്ന ജനാവലിക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

1. ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

ജരൂസലേമിലെ മേല്‍മുറിയില്‍ കൂടിയിരുന്ന അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന സംഭവമാണ് പെന്തക്കൂസ്താ മഹോത്സവം. അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന ‘പെന്തക്കൂസ്താ’ എന്ന ഹെബ്രായ തിരുനാളിലാണ് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം അപ്പസ്തോലന്മാര്‍ക്ക് അനുഭവവേദ്യമായത്- എന്നതും ആശ്ചര്യംപകരുന്ന വസ്തുതയാണ്. ആ ദിനത്തില്‍ ‘ശക്തമായ കാറ്റിന്‍റെയും തീനാവിന്‍റെയും പ്രവാഹം ക്രിസ്തു ശിഷ്യന്മാര്‍ക്ക് അനുഭവപ്പെട്ടു’ എന്നാണ് അപ്പസ്തോല നടപടി പുസ്തകം വിരിക്കുന്നത് (നടപടി 2, 3).
അന്നുവരെയ്ക്കും, ഭയവിഹ്വലരായിരുന്ന അപ്പസ്തോലന്മാരുടെ ഭീതി മാറി. അവര്‍ക്ക് ധൈര്യമുണ്ടാവുകയും, അവരുടെ നാവിന്‍റെ കുരുക്കുകള്‍ അഴിക്കപ്പെടുകയും, വിവിധ ഭാഷകളില്‍ അവര്‍ സംസാരിക്കുവാനും പുറത്തിറങ്ങി പ്രവര്‍ത്തിക്കുവാനും തുടങ്ങി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ അനായാസം ഇതര ഭാഷക്കാര്‍ക്കുപോലും മനസ്സിലാകുവാന്‍ തുടങ്ങി.

സകലത്തിനെയും നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ നമുക്ക് എവിടെനിന്നാണ് ലഭിക്കുന്നത്? സഭയുടെ പിറവിയും പ്രത്യക്ഷീകരണവും പ്രകടമാക്കുന്ന പെന്തക്കൂസ്താ മഹോത്സവത്തിന് രണ്ടു പ്രത്യേകതകളുണ്ട് – ഒന്ന് അത് നമ്മെ ആശ്ചര്യപ്പെടുത്തുന്നു, രണ്ടാമതായി അത് എല്ലാം ഇളക്കിമറിക്കുന്നു, മഥിക്കുന്നു.

പെന്തക്കൂസതായുടെ ആദ്യ ഘടകം ആശ്ചര്യങ്ങളുടേതാണ്. ക്രിസ്തുവിന്‍റെ മരണശേഷം യഹൂദരെ ഭയന്നു ജീവിച്ച വളരെ നിസ്സാരരായിരുന്ന ശിഷ്യന്മാരില്‍നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. ഗുരുവിന്‍റെ ഒരു പരാജിത സംഘമായിരുന്നു അവരെന്ന് ഒരുവിധത്തില്‍ പറയാം. എന്നാല്‍ ആശ്ചര്യാവഹമായതാണ് ജരൂസലേമില്‍ സംഭവിച്ചത്. “ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും, തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര്‍ സംസാരിക്കുന്നതു കേട്ട് അവര്‍ അത്ഭുതപ്പെടുകയും ചെയ്തു” (അപ്പസ്തോല നടപടി 2, 6-7, 11). “ക്രേത്യരും അറബികളുമായവര്‍, താന്താങ്ങളുടെ ഭാഷകളിലാണ് മനസ്സിലാക്കിയത്,” ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ ആയിരുന്നെന്ന് അപ്പസ്തോലന്മാര്‍ വിവിരിക്കുന്നു.

അങ്ങനെ പെന്തക്കൂസ്തായില്‍ വിരിഞ്ഞ സഭ ദൈവത്തില്‍നിന്നു ലഭിച്ച പ്രത്യേക ശക്തിയാലും, അവര്‍ പ്രഘോഷിച്ച നവമായ സ്നേഹസന്ദേശത്തിന്‍റെ സാര്‍വ്വലൗകിക സ്വഭാവത്താലും, ഭീതിയും അത്ഭുതവുമാണ് ആദ്യം ജനങ്ങളില്‍ അത് വളര്‍ത്തിയത്. എന്നാല്‍ പരിശുദ്ധാത്മാവ് ഉന്നതങ്ങളില്‍നിന്നും വര്‍ഷിച്ച സ്വാതന്ത്ര്യത്തിന്‍റെ സഹായത്താല്‍ ശ്ലീഹന്മാര്‍ ധൈര്യത്തോടും തുറവോടുകൂടെ പിന്നെയും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി, ക്രിസ്തുവിന്‍റെ സുവിശേഷം അവര്‍ സകലരോടും പ്രഘോഷിക്കുവാന്‍ തുടങ്ങി.

ഉത്ഥാനംചെയ്ത ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും, സകലരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടും, ദൈവം മനുഷ്യരുടെമേല്‍ തന്‍റെ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. നമ്മെ സൗഖ്യപ്പെടുത്തുവാനും നമ്മോട് ക്ഷമിക്കുവാനും പെന്തക്കൂസ്താനാളില്‍ ആദിമസഭയില്‍ അവിടുത്തെ കാരുണ്യം സമൃദ്ധമായി വര്‍ഷിക്കപ്പെട്ടിരിക്കുന്നു എന്ന് അപ്പസ്തോലന്മാര്‍ പ്രഘോഷിച്ചു.

തങ്ങളുടെ ഗുരുവിന്‍റെ മരണശേഷം ഭയവിഹ്വലരായി മുറിയില്‍ അടച്ചുപൂട്ടിയിരുന്ന ക്രിസ്തു-ശിഷ്യന്മാര്‍, ഇനിയും കുഴപ്പമൊന്നും ഉണ്ടാക്കാതിരിക്കാന്‍ അവിടെത്തന്നെ കഴിഞ്ഞു കൂടിയിരുന്നെങ്കില്‍,
എന്ന് ആഗ്രഹിച്ച ചിലരെങ്കിലും ജരൂസലേമില്‍ അക്കാലത്ത് ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു,” എന്നു പറഞ്ഞ് (യോഹ. 20, 21) ഉത്ഥിതനായ ക്രിസ്തു അവരെ ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും പറഞ്ഞയച്ചു, ഭൂമിയുടെ നാല് അതിര്‍ത്തിക്കളിലേയ്ക്കും അവരെ പരിശുദ്ധാത്മ നിറവില്‍ നയിച്ചു.

പെന്തക്കോസ്തയെ തുടര്‍ന്നുള്ള സഭ നിര്‍ഗുണസമ്പന്നമായ ഒരാള്‍കൂട്ടമോ, ആലങ്കാരിക കൂട്ടായ്മോ, പ്രസ്ഥാനമോ ആയിരുന്നില്ല. മറിച്ച്, കേള്‍ക്കുന്നവരുടെ മനസ്സാക്ഷിയെ മഥിക്കുന്ന വിധത്തില്‍, നിര്‍ഭയം പുറത്തുവന്ന് ജനങ്ങളെ കാണുകയും, ക്രിസ്തു തങ്ങളെ ഭരമേല്പിച്ച സുവിശേഷസന്ദേശം അവരെ അറിയിക്കുകയുമാണ് അപ്പസ്തോലന്മാര്‍ ചെയ്തത്. ലോകത്തെ തങ്ങളുടെ കരങ്ങളില്‍ അടക്കി ഭരിക്കാനല്ല, മറിച്ച് വത്തിക്കാന്‍ ചത്വരത്തിലെ വിസ്തൃതവും മനോഹരവുമായ ബര്‍ണീനിയുടെ സ്തംഭാവലിപോലെ, ക്രിസ്തു-സ്നേഹത്തിന്‍റെ തുറന്ന കരങ്ങളുമായി സകല ജനതകളെയും ആശ്ലേഷിക്കുവാനുള്ള അന്യൂനവും സവിശേഷവുമായ ദൗത്യവുമായിട്ടാണ് അപ്പസ്തോലന്മാര്‍ ഇറങ്ങി പുറപ്പെട്ടത്.

ജരൂസലേമിലെ മേല്‍മുറിയില്‍ പെന്തക്കൂസ്താനാളില്‍ അപ്പോസ്തലന്മാരോടൊപ്പം സന്നിഹതയായിരുന്ന കന്യകാനാഥയുടെ പക്കലേയ്ക്ക് ഇന്ന് നമുക്കും തിരിയാം. കാരണം മറിയത്തിന്‍റെ വാക്കുകളില്‍ പറയുകയാണെങ്കില്‍, ദൈവാരൂപിയുടെ സഹായത്താല്‍ ‘ശക്തനായവന്‍ വന്‍കാര്യങ്ങള്‍ നമ്മില്‍ നിര്‍വ്വഹിച്ചിരിക്കുന്നു’ (ലൂക്കാ 1, 49). ദിവ്യരക്ഷകന്‍റെയും സഭയുടെയും അമ്മായായ പരിശുദ്ധ കന്യകാമറിയം
തന്‍റെ മാതൃവാത്സല്യത്താലും മാദ്ധ്യസ്ഥ്യത്താലും ദൈവാത്മാവിന്‍റെ ചൈതന്യം സഭയിലും ലോകത്തും നവമായി വര്‍ഷിക്കട്ടെ.

2. ആശംസകളും അഭിവാദ്യങ്ങളും

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും, റോമിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും, ഇടവകകളില്‍നിന്നും ത്രികാലപ്രാര്‍ത്ഥനയ്ക്ക് എത്തിയവരെയും, പിന്നെ അവിടെ സന്നിഹിതരായിരുന്ന വിവിധ സംഘടനാ പ്രതിനിധികളെയും, വിശ്വാസസമൂഹത്തെ പൊതുവായും പാപ്പാ അഭിവാദ്യംചെയ്തു.
സ്പെയിനിലെ വലേന്‍സിയായില്‍നിന്നുമെത്തിയ വിദ്യാര്‍ത്ഥി സമൂഹത്തെയും,
ഇററലിയിലെ പിസ്തോയില്‍നിന്നും എത്തിയ ആദ്യദിവ്യകാരുണ്യ സ്വീകരിച്ച കുട്ടികളെയും, ബീത്തോയില്‍നിന്നുമുള്ള കാരുണ്യത്തിന്‍റെ പ്രേഷിതരെയും, ലത്തീനാ സ്കാലോയില്‍നിന്നുമുള്ള യുവജനസമൂഹത്തെയും, ഫെരാരി - കാറോട്ട മത്സരത്തിനെത്തിയിരിക്കുന്ന ടീമുകളെയും പേരെടുത്തു പറഞ്ഞ് പാപ്പാ അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനോടൊപ്പം പാപ്പാ ഫ്രാന്‍സിസ്, ഇസ്രായേല്‍-പലസ്തീന്‍ രാഷ്ട്രത്തലവന്മര്‍ - ഷീമോന്‍ പീരെസിനോടും മെഹമ്മൂദ് അബ്ബാസിനോടും ചേര്‍ന്ന് വിശുദ്ധനാടിന്‍റെയും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും സമാധാനത്തിനായി ഞായറാഴ്ച സായാഹ്നത്തില്‍, വാത്തിക്കാനില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുന്ന കാര്യം ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പ്രത്യേകമായി അനുസ്മരിപ്പിച്ചു.
ഈ നിയോഗത്തിനായി ഏവരും പ്രാര്‍ത്ഥിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, സമാധാനയജ്ഞത്തെ ഇനിയും പ്രാര്‍ത്ഥനയോടെ ഏവരും പിന്‍തുടരുകയും പിന്‍തുണയ്ക്കുകയും വേണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലിയത്.









All the contents on this site are copyrighted ©.