2014-06-06 17:31:05

ജപ്പാന്‍റെ പ്രധാനമന്ത്രി മാർപാപ്പയെ സന്ദർശിച്ചു


06 ജൂൺ 2014, വത്തിക്കാൻ
ഫ്രാൻസിസ് പാപ്പ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി കൂടിക്കാഴ്ച്ച നടത്തി. മാർപാപ്പയെ സന്ദർശിക്കാൻ വത്തിക്കാനിലെത്തിയ പ്രധാനമന്ത്രിയുമായി ജൂൺ 6 (വെള്ളിയാഴ്ച്ച) രാവിലെയാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്.
ഫ്രാൻസിസ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയെ തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡൊമനിക്ക് മെംമ്പേർത്തി എന്നിവരുമായും പ്രധാന മന്ത്രിയും സംഘവും കൂടിക്കാഴ്ച്ച നടത്തി.
വത്തിക്കാനും ജപ്പാനും തമ്മിലുള്ള സൗഹൃദബന്ധം, വിദ്യാഭ്യാസം, സാമൂഹ്യ വികസനം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണം തുടങ്ങിയ കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചാവിഷയങ്ങളായി. ആനുകാലിക പ്രാധാന്യമുള്ള ചില വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും പ്രത്യേകിച്ച് ഏഷ്യയിലെ സമാധാന സംസ്ഥാപനത്തെക്കുറിച്ച് സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് വെളിപ്പെടുത്തി. അന്തർദേശീയ വികസന രംഗത്ത് ജപ്പാന്‍റെ സംഭാവനകൾ, വിശിഷ്യാ ആഫ്രിക്കൻ രാജ്യങ്ങളിൽ ജപ്പാൻ നേതൃത്വം നൽകുന്ന വികസന പദ്ധതികൾ, ചില പരിസ്ഥിതി പ്രശ്നങ്ങൾ, ആണവ നിരായുധീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു.







All the contents on this site are copyrighted ©.