2014-06-06 17:30:45

ഒന്നാം ലോകമഹായുദ്ധ സ്മൃതിമണ്ഡപത്തിൽ മാർപാപ്പ പ്രാർത്ഥനാ യോഗം നയിക്കും


06 ജൂൺ 2014, വത്തിക്കാൻ
ഒന്നാം ലോക മഹായുദ്ധത്തിന്‍റെ ശതാബ്ദി സ്മരണയിൽ, ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട ഇറ്റാലിയൻ സൈനികരുടെ സ്മൃതി മണ്ഡപത്തിൽ, ഫ്രാൻസിസ് പാപ്പ ഒരു പ്രാർത്ഥനാ യോഗത്തിന് നേതൃത്വം നൽകും. റേദിപൂല്യാ സ്മൃതിമണ്ഡപത്തിൽ സെപ്തംബർ 13ന് നടത്തുന്ന പ്രാർത്ഥനാ യോഗത്തിൽ ലോകത്തിലുണ്ടായിട്ടുള്ള സകല യുദ്ധങ്ങളിലും ജീവൻ നഷ്ടമായവർക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് മാർപാപ്പ പ്രസ്താവിച്ചു.

രണ്ടാം ശതാബ്ദി വാർഷികം ആഘോഷിക്കുന്ന ഇറ്റാലിയൻ ദേശീയ സുരക്ഷാ സൈന്യമായ കരബിനിയേരി(Carabinieri)യുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ ഒരു കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. സുരക്ഷാ സൈനികരും കുടുംബാംഗങ്ങളും ഉൾപ്പെടെ അൻപതിനായിരത്തിലേറെ പേർ ജൂൺ 6ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് വത്തിക്കാനിലെ വി.പത്രോസിന്‍റെ ചത്വരത്തിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു. ഇറ്റാലിയൻ സൈനികരുടെ അജപാലന ശുശ്രൂഷാ ചുമതലയുള്ള ആർച്ച്ബിഷപ്പ് സാന്തോ മാർച്യാനോ, ഇറ്റാലിയൻ പ്രതിരോധ മന്ത്രി റോബെർത്ത പിനോത്തി, കരബിനിയേരി ജനറൽ കമാന്‍റർ ലെയൊനാർഡോ ഗല്ലിത്തെല്ലി എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.

ക്രമസമാധാന പാലകരും ജനവും തമ്മിലുള്ള ബന്ധം ഐക്യം, വിശ്വാസം, സമർപ്പണം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. ജനസേവനമാണ് സുരക്ഷാ സൈന്യത്തിന്‍റെ കർത്തവ്യം. സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളെ സഹായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പാപ്പ അവരോട് അഭ്യർത്ഥിച്ചു. ഇറ്റലിക്കു വെളിയിൽ സമാധാന സേനാംഗങ്ങളായി സേവനം ചെയ്യുന്ന കരബിനിയേരി സൈനികർ കലാപബാധിത മേഖലകളിൽ സമാധാന സംസ്ഥാപനം, സുരക്ഷ ഉറപ്പുവരുത്തുക, മനുഷ്യാന്തസ് ആദരിക്കുക, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക എന്നീ കർത്തവ്യങ്ങൾക്കുവേണ്ടി ആത്മാർപ്പണം ചെയ്യണമെന്നും പാപ്പ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.