2014-06-05 18:59:10

കര്‍ദ്ദിനാള്‍ ലൂര്‍ദുസ്വാമിക്ക്
പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രാമൊഴി


5 ജൂണ്‍ 2014, വത്തിക്കാന്‍
സേവനത്തില്‍ ഉദാരമതിയായിരുന്നു കാലംചെയ്ത കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയെന്ന്
കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ പ്രസ്താവിച്ചു.

ജൂണ്‍ 5-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച പരേതനുവേണ്ടിയുള്ള ദിവ്യബലിമദ്ധ്യേയാണ് ഭാരതസഭയുടെ പ്രേഷിതപുത്രന്‍, കര്‍ദ്ദിനാള്‍ ലൂര്‍ദുസ്വാമിയെ ‘സേവനത്തില്‍ ഉദാരമതി’യെന്നു കര്‍ദ്ദിനാള്‍ സൊഡാനോ വിശേഷിപ്പിച്ചത്.

വൈദികനായതില്‍ പിന്നെ 10 വര്‍ഷക്കാലത്തോളം ഇന്ത്യയിലെ പോണ്ടിച്ചേരി അതിരൂപതയ്ക്കുവേണ്ടിയും, പിന്നെ ബാംഗളൂര്‍ അതിരുപതയ്ക്കുവേണ്ടിയും പരേതന്‍ ചെയ്തിട്ടുള്ള സ്തുത്യര്‍ഹമായ സേവനം കര്‍ദ്ദിനാള്‍ സൊഡാനോ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു.

തുടര്‍ന്ന് പോള്‍ ആറാമന്‍ പാപ്പാ 1975-ല്‍ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിലേയ്ക്ക് വിളിച്ചനാള്‍ മുതല്‍ ആഗോളസഭാ സേവനത്തില്‍ തളരാത്ത ഉതാരമതിയായിരുന്നു കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമയെന്ന് കര്‍ദ്ദിനാള്‍ സൊഡാനോ സുവിശേഷപ്രഭാഷണമദ്ധ്യേ വിശേഷിപ്പിച്ചു.

ആരോഗ്യപരമായ കാരണങ്ങളാലാണ് പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തില്‍നിന്നും 1991-ല്‍ കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമി വിരമിച്ചു. തുടര്‍ന്ന് ക്രിസ്തുവിന്‍റെ സഹനദാസനായി, സംതൃപ്തനായും പ്രശാന്തനായും നീണ്ട 20 വര്‍ഷക്കാലം വത്തിക്കാനില്‍ ജീവിച്ചത് കര്‍ദ്ദിനാള്‍ സൊഡാനോ അനുസ്മരിച്ചു.

നവതിയുടെ തികവില്‍ ഭൗമികയാത്ര അവസാനിപ്പിച്ച് കണ്ണുകള്‍ അടച്ച
ഈ ഭാരതപ്രേഷിതന്‍ നിത്യതയുടെ തീരങ്ങളിലേയ്ക്ക് തന്‍റെ നയനങ്ങള്‍ തുറന്നുവെന്നും, സ്വര്‍ഗ്ഗീയ പിതാവിന്‍റെ സന്നിദ്ധിയിലേയ്ക്ക് മാലാഖമാരാലും വിശുദ്ധരാലും ആനീതനാകുമ്പോള്‍, നമ്മുടെയും ജീവിതായനം മുന്നോട്ടു നയിക്കാന്‍ കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ പതറാത്ത വിശ്വാസവും പ്രത്യാശയും പ്രചോദനവും കരുത്തുമാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.

ദിവ്യബലിയെ തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷയും സമാപനാശീര്‍വ്വാദവും നല്കിക്കൊണ്ട് പ്രേഷിതയാത്രയില്‍ സഹോദരനും സഹപ്രവര്‍ത്തകനുമായിരുന്ന കര്‍ദ്ദിനാള്‍ സൈമന്‍ ലൂര്‍ദ്ദുസ്വാമിക്ക് പാപ്പാ ഫ്രാന്‍സിസ് യാത്രാമൊഴിചൊല്ലി.








All the contents on this site are copyrighted ©.