2014-06-05 19:28:21

അഫ്ഗാനില്‍ കാണാതായ
പ്രേംകുമാറിനെ കണ്ടെത്തി


6 ജൂണ്‍ 2014, ഡല്‍ഹി
അഫ്ഗാനിസ്ഥാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനെ കണ്ടെത്തിയെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. ജൂണ്‍ 2-ാം തിയതി തിങ്കളാഴ്ച അഫ്ഗാനിസ്ഥാനിലെ ഹരാത്തില്‍നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രേംകുമാര്‍ അന്തോണിസാമി അടുത്തുള്ള ഗുല്‍റാന്‍ ജില്ലയിലെ അധോലോക സംഘത്തിന്‍റെ തടവില്‍ ഉള്ളതായി വിവരം ലഭിച്ചെന്ന്, പോലീസ് മേധാവി, മുഹമ്മദ് നദീര്‍ ഫാഹിം വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.

വടക്കെ അഫ്ഗാനിസ്ഥാനിലെ ഹരാത്തിലുള്ള Jesuit Refugee Society-യുടെ കീഴില്‍ സേവനംചെയ്യവെയാണ് 47-കാരനായ പ്രേംകുമാര്‍ അന്തോണിസാമിയെ തോക്കുധാരികളായ 6 അംഗ അജ്ഞാതസംഘം ജൂണ്‍ 2-ാം തിയതി തട്ടിക്കൊണ്ടുപോയത്.

പ്രേംകുമാറിനെ മോചിപ്പിക്കുവാനും, സുരക്ഷയിലെത്തിക്കുവാനും അഫ്ഗാന്‍ സര്‍ക്കാരും പൊലീസും പരിശ്രമിക്കുകയാണെന്നും, മറ്റ് ആവശ്യമായ നടപിടികള്‍ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും എടുത്തു കഴിഞ്ഞുവെന്നും വിദേശകാര്യമന്ത്രി സുഷ്മാസ്വരാജ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചു.

അജ്ഞാതര്‍ ബന്ധിയാക്കിയ പ്രേംകുമാര്‍ അന്തോണിസാമി ഭാരതത്തിലെ ഈശോസഭയുടെ മദുര പ്രോവിന്‍സ് അംഗമാണെന്നും, സാമൂഹ്യസേവനരംഗത്ത് പ്രാഗത്ഭ്യം നേടിയിട്ടുള്ള ഫാദര്‍ കുമാര്‍ അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ നിശ്ശബ്ദസേവനം ചെയ്തു വരികയായിരുന്നെന്നും, തട്ടിക്കൊണ്ടു പോക്കിനു പിന്നില്‍ ആരാണെന്നോ, ലക്ഷൃമെന്താണെന്നോ ഇനിയും പിടികിട്ടിയിട്ടില്ലെന്നും വടക്കെ ഏഷ്യയുടെ ജസ്വിറ്റ് പ്രൊവിന്‍ഷ്യല്‍, ഫാദര്‍ എഡ്വേര്‍ഡ് മുടവശ്ശേരി മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.