2014-06-04 20:01:53

ഊഷരഭൂമിയില്‍ വിരിഞ്ഞ
പനിനീര്‍പ്പൂക്കള്‍


4 ജൂണ്‍ 2014, ജോര്‍ദാന്‍
മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ മരുപ്പച്ചയില്‍ വിരഞ്ഞ സന്ന്യാസപുഷ്പമാണ് ജരൂസലേമിലെ ജപമാലയുടെ സഹോദരികളെന്ന്, ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍ പ്രസ്താവിച്ചു.

ജോര്‍ദ്ദിനില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഫവദ് ത്വാല്‍
അറബ് മുസ്ലിം മേഖലയിലെ ഏക കത്തോലിക്കാ സന്ന്യാസ സഭയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്.

1843-ല്‍ ജരൂസലേമിലെ പലസ്തീനിയന്‍ കുടുംബത്തില്‍ ജനിച്ച ദനില്‍ ഘട്ടാസ് എന്ന ജീവിതവിശുദ്ധിയുള്ള സ്ത്രീരത്നമാണ് ജപമാലനാഥയുടെ നാമത്തിലുള്ള സന്ന്യാസമൂഹത്തിന് വിശുദ്ധനാട്ടില്‍ തുടക്കമിട്ടത്. സഹനത്തിന്‍റെയും ഏകാന്തതയുടെയും, അനുസരണയിലൂടെയുള്ള ജീവിതവിശുദ്ധിയുടെയും ആത്മീയത സ്വായത്തമാക്കിയ ഏതാനും കത്തോലിക്കാ അറബി സ്ത്രീകള്‍ ചേര്‍ന്നു തുടക്കമിട്ട സഭയാണ് ജരൂസലേമിലെ ജപമായുടെ സഹോദരികള്‍ - the sisiters of the Holy Rosary of Jerusalem.

1927-ല്‍ സ്ഥാപകയായ മാരി അല്‍ഫോന്‍സീന്‍ ദനില്‍ ഘട്ടാസ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായെങ്കിലും, പുണ്യാത്മാവായ സ്ഥാപകയുടെ സ്വപ്നങ്ങള്‍ മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ഊഷരഭൂമിയില്‍ തളിര്‍ത്ത് പൂക്കുകയും ഇന്നും ജരൂസലേം മുതല്‍ കെയ്റോവരെയരും, ബെയ്റൂട്ടു മുതല്‍ കുവൈറ്റുവരെയും ക്രിസ്തുവിന്‍റെ സാന്ത്വനസാന്നിദ്ധ്യമായി തുടരുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ഫവത് ത്വാലിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

250 സഹോദരികളുടെ സഭയായി ഇന്നും മദ്ധ്യാപൂര്‍വ്വദേശത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രിസ്തുസ്നേഹത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സാക്ഷികളായി ജരൂസലേമിലെ ജപമാലുയടെ സഹോദരികള്‍ ജീവിക്കുന്നുവെന്ന്, പാത്രിയര്‍ക്കിസ് ത്വാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

2009-ല്‍ ദൈവദാസിയായ സ്ഥാപക മാരി അല്‍ഫോന്‍സീന്‍ ദനില്‍ ഘട്ടാസിനെ
മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്.
മെയ് 24-ാം തിയതി പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അന്ത്യത്തില്‍ നന്ദിപറയവെ, ആര്‍ച്ചുബിഷപ്പ് ത്വാല്‍ ജരൂസലേമിലെ സന്ന്യാസസമൂഹത്തെക്കുറിച്ചും അവരുടെ വാഴ്ത്തപ്പെട്ട സഭാസ്ഥാപകയെക്കുറിച്ചു പരാമര്‍ശിക്കുകയുണ്ടായി.








All the contents on this site are copyrighted ©.