2014-05-30 16:08:59

ഇസ്രായേലി പലസ്തീന്‍ നേതാക്കള്‍
പാപ്പായ്ക്കൊപ്പം സമാധാനത്തിനായി പ്രാര്‍ത്ഥിക്കും


30 മെയ് 2014, വത്തിക്കാന്‍
ഇസ്രായേലിന്‍റെ പ്രസിഡന്‍റ് ഷീമോണ്‍ പേരെസും പലസ്തീന്‍ രാഷ്ട്രത്തിന്‍റെ തലവന്‍ മെഹമ്മദ് അബ്ബാസും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ വിശിഷ്യാ പലസ്തീന്‍-ഇസ്രായേല്‍ സമാധാനം ആര്‍ജ്ജിക്കുന്നതിനുവേണ്ടി വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിനോട് ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കാമെന്നും സംവദിക്കാമെന്നും സമ്മതിച്ചു. കാലാകാലമായി തമ്മില്‍ നിലനില്ക്കുന്ന ഒടുങ്ങാത്ത വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും അന്തരീക്ഷത്തിന് വിരാമമിട്ട് സമാധാനത്തിനുള്ള സന്നദ്ധതയും താല്പര്യവും മെല്ലെ വിരിയുമെന്നാണ് പാപ്പാ ഫ്രാസിസിന്‍റെയും ലോകജനതയുടെയും പ്രതീക്ഷ.

വത്തിക്കാനില്‍ ഒത്തുകൂടി സമാധാന നിയോഗത്തിനായി ജൂണ്‍ 8-ാം തിയതി ഞായറാഴ്ച വൈകുന്നേരം പ്രാര്‍ത്ഥിക്കാമെന്നാണ് രാഷ്ട്രത്തലവന്മാര്‍ സമ്മതിച്ചിരിക്കുന്നതെന്നും വത്തിക്കാന്‍ പ്രസ്സ് ഓഫിസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

വിശുദ്ധനാടു തീര്‍ത്ഥാടനത്തിനിടയില്‍ മെയ് 25-ാം തിയതി ഞായറാഴ്ച ബെതലഹേമില്‍
ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ചത്വരത്തിലെ ദിവ്യബലിയെ തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥന പ്രഭാഷണമദ്ധ്യേയാണ്, വത്തിക്കാനിലെ ഭവനത്തിലേയ്ക്ക് ഇസ്രായേലി-പലസ്തീന്‍ രാഷ്ട്ര തലവന്മാരെ സമാധാന പ്രാര്‍ത്ഥനയ്ക്കായി പാപ്പാ ഫ്രാന്‍സിസ് ക്ഷണിച്ചത്.

സമാധാന രാജാവായ ക്രിസ്തുവിന്‍റെ ജന്മസ്ഥലത്തുനിന്നും താന്‍ ഇസ്രായേലി പ്രസിഡന്‍റ് ഷിമോണ് പേരെസിനെയും പലസ്തീനയുടെ പ്രസിഡന്‍റ് മെഹമ്മദ് അബ്ബാസിനെയും സമാധാനത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുകയുണ്ടായി. ചെറിയ ചെറിയ ചെയ്തികളിലൂടെയും ജീവിതസാഹചര്യങ്ങളിലെ അടയാളങ്ങളിലൂടെയും സമാധാനം വളര്‍ത്തിയെടുക്കാവുന്നതാണ്. എന്നാല്‍ സമാധാനമില്ലാതെ യാതനകള്‍ അനുഭവിക്കുന്നവര്‍ ഇന്ന് ലോകത്ത് നിരവധിയാണെന്നും, എങ്കിലും പ്രത്യാശയോടെ അവര്‍ സമാധാനത്തിനായി പരിശ്രമിക്കണമെന്നും പാപ്പാ ബെതലേഹമിലെ ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ അഭ്യര്‍ത്ഥിച്ചു. സമാധാനം വളര്‍ത്തുന്ന പ്രക്രിയ ക്ലേശകരമാണെങ്കിലും, സമാധാനമില്ലാതെ ജീവിക്കുന്ന അവസ്ഥ അതിലേറെ വേദനാജനകവും, വിങ്ങുന്ന പീഡനവുമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

Photo : collage from the Holy Land. Pope with the heads of States of Palestine and Israel.








All the contents on this site are copyrighted ©.