2014-05-29 19:53:16

സ്നേഹനിര്‍ഝരി
ഒഴുകുന്ന വിരുന്നുശാല


29 മെയ് 2014, ജരൂസലേം
സേവനം, സാഹോദര്യം സഭാകൂട്ടായ്മ എന്നീ പദങ്ങള്‍കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ശിഷ്യന്മാരൊത്ത് ജരൂസലേമില്‍ ക്രിസ്തു അന്ത്യത്താഴം കഴിച്ച മേല്‍മുറിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധനാടു തീര്‍ത്ഥാടനമദ്ധ്യേ വിവരിച്ചത്. ഗദ്സേമന്‍ തോട്ടത്തിലെ ദേവാലയത്തില്‍ വിശുദ്ധനാട്ടിലെ വൈദികരെയും സന്ന്യസ്തരെയും വൈദികവിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്തശേഷമാണ്, അവിടെനിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലമുള്ള അന്ത്യത്താഴ വിരുന്നുശാലയില്‍ വിശുദ്ധനാട്ടിലെ മെത്രാന്‍ സംഘത്തോടൊപ്പം പാപ്പാ ദിവ്യബലി അര്‍പ്പിക്കാന്‍ എത്തിയത്. തന്‍റെ സന്ദര്‍ശനത്തിന്‍റെ അവസാനഘട്ടത്തിലായിരുന്നെങ്കിലും ഒരിക്കല്‍ക്കൂടി ഈ സ്ഥലത്തിന് ക്രൈസ്തവര്‍ക്കുള്ള അവകാശവും ആത്മബന്ധവും പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. അന്ത്യത്താഴ വിരുന്നശാല ഇസ്രായേലി അധീനത്തിലാകയാല്‍ സാധാരണഗതിയില്‍ അവിടെ ദിവ്യബലിയര്‍പ്പിക്കുക അസാദ്ധ്യമാണ്. ദിവ്യബലിയര്‍പ്പിക്കുവാന്‍ തനിക്കു ലഭിച്ച അവസരവും, അവിടെ ദൃശ്യമായ സഭൈക്യകൂട്ടായ്മയും, പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ അടിസ്ഥാന ലക്ഷൃപ്രാപ്തിയിലേയ്ക്കു നയിക്കുന്നതുപോലെയായിരുന്നു. എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍റെ സാന്നിദ്ധ്യത്തെ ആമുഖമായി പാപ്പാ ഫ്രാന്‍സിസ് വിലമതിക്കുന്നതായി പ്രസ്താവിച്ചു. ഇനിയും സ്വപ്നം കാണുന്ന
കൂട്ടായ്മയ്മവഴി സഭ കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെതുമായ രണ്ടു ശ്വാസകോശങ്ങള്‍ കൊണ്ട് ശ്വസിക്കുന്ന ആശ്വാസവും അവസ്ഥയും ലഭിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിസ്തു പരിശുദ്ധകുര്‍ബ്ബാന സ്ഥാപിച്ച വേദിയാണിത്. എന്നാല്‍ ഇന്ന് ആര്‍ക്കും ഇവിടെ ബലിയര്‍പ്പിക്കാന്‍ അനുവാദമില്ല എന്ന സത്യം പാപ്പാ ഖേദപൂര്‍വ്വം വെളിപ്പെടുത്തി.
ഈ വേദി ലോകത്തുള്ള ക്രൈസ്തവര്‍ക്കു മാത്രമായിട്ടല്ല, സകലര്‍ക്കുമായി തുറക്കപ്പെടേണ്ടതാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു. പരസ്പരം സാഹോദര്യത്തില്‍ കാലുകഴുകുകയും, തുണയ്ക്കുകയും ചെയ്യുന്നതും, എളിയവരുടെ പക്ഷംചേരുന്നതുമായ സേവനജീവിതമാണ് ക്രിസ്തു ഇവിടെ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. അന്ത്യത്താഴവരുന്നില്‍ ക്രിസ്തു വെളിപ്പെടുത്തിയ വിനയത്തിന്‍റെ മാതൃകയെക്കുറിച്ച് വചനസമീക്ഷയില്‍ പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അത് പാവങ്ങളെയും നിരാലംബരെയും സമൂഹത്തില്‍ ശുശ്രൂഷിക്കുന്നതാണെന്നും പാപ്പാ വിവരിച്ചു.

ജരൂസലേമിലെ മേല്‍മുറിയില്‍ ത്യാഗത്തിന്‍റെ ദിവ്യവിരുന്നാണ് പ്രതിധ്വനിക്കുന്നത്.
ഓരോ ബലിയിലും ക്രിസ്തു തന്നെത്തന്നെ നമുക്കായി സമര്‍പ്പിക്കുന്നു, നല്കുന്നു. അങ്ങനെ അവിടുത്തോടു ചേര്‍ന്ന് നമ്മെത്തന്നെയും – നമ്മുടെ സുഖദുഃഖങ്ങളെയും സന്തോഷത്തോടെ ദൈവത്തിന് സമര്‍പ്പിക്കാനാവണം. എല്ലാം ആത്മീയ കാണിക്കയായി ദൈവത്തിനു സമര്‍പ്പിക്കാം.
ഇങ്ങനെ മാത്രമേ നമുക്ക് ക്രിസ്തുവിന്‍റെ സ്നേഹിതരായിത്തീരാന്‍ സാധിക്കുകയുള്ളൂ.
ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ല, സ്നേഹിതന്മാരെന്നത്രേ വിളിക്കുന്നത്. ക്രിസ്തു നമ്മെ അവിടുത്തെ സ്നേഹിതരാക്കുകയും, ദൈവഹിതം നമുക്കായി വെളിപ്പെടുത്തി തരുവാന്‍ തന്നെത്തന്നെ സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവന്‍റെ മാത്രം മനോഹാരിതയാണ് – ദിവ്യബിലിയിലൂടെ നാം ക്രിസ്തുവിന്‍റെ സ്നേഹിതരാകുന്നതുവഴി അവിടുന്ന് ദൈവഹിതം നമുക്കായി വെളിപ്പെടുത്തിത്തരുന്നു. ഒപ്പം ഒഴിച്ചുകൂടാനാവാത്ത വേര്‍പാടിന്‍റെയും വിഭജനത്തിന്‍റെയും അനുഭവം ക്രിസ്തുവിന്‍റെ വിരുന്നമേശ നല്കുന്നുണ്ട്. ഗുരുവിന്‍റെ വേര്‍പാടിന്‍റെ വേദനയും അനുഭവവും ഈ ബലിവേദി പകര്‍ന്നു നല്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ കടന്നുപോകും. എന്നാല്‍ പിന്നീടു വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും. അങ്ങനെ ഞാന്‍ എവിടെയായിരിക്കുന്നുവോ, അവിടെ നിങ്ങളും ആയിരിക്കണം.

എന്നാല്‍ അന്ത്യത്താഴത്തിനുശേഷം ഗെദസേമന്‍ തോട്ടത്തില്‍ സംഭവിക്കുന്നത്, അവിശ്വസ്തതയുടെ അകന്നുപോക്കും, തള്ളിപ്പറയലും ഒറ്റുകൊടുക്കലുമാണ്. അതിനാല്‍ ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ പശ്ചാത്തലില്‍ നമ്മില്‍ ആര്‍ക്കുവേണമെങ്കിലും മറ്റൊരു യൂദാസോ, പത്രോസോ ആയിത്തീരാവുന്നതാണ്. നാം നമ്മുടെ സഹോദരങ്ങളെ അഹന്തയോടെയും വെറുപ്പോടെയും കാണുകയും, അവരെ വിധിക്കുകയും ചെയ്യുമ്പോഴൊക്കെ ക്രിസ്തുവിനെ നമ്മുടെ ചെയ്തികളാല്‍ ഒറ്റുകൊടുക്കുകയും തള്ളിപ്പറയുകയുമാണ് ചെയ്യുന്നത്.

പാരമ്പര്യം പഠിപ്പിക്കുന്നത്, ക്രിസ്തു തന്‍റെ അന്ത്യത്താഴവിരുന്ന് ആഘോഷിച്ചത് ദാവീദു രാജാവിന്‍റെ സ്മൃതിമണ്ഡപത്തിനു മുകളിലാണ്. പഴയതും പുതിയതും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് അനുദിനജീവിത്തില്‍ നാം ആര്‍ജ്ജിക്കേണ്ട പങ്കുവയ്ക്കലിന്‍റെയും, സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സമാധാനത്തിന്‍റെയും മൂല്യങ്ങളാണ്.
പെന്തക്കൂസ്തായിലൂടെ ഇതെല്ലാം ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലും എത്തിയിരിക്കുന്നു.
എത്രത്തോളം നന്മയും സ്നേഹവുമാണ് ജരൂസലേമിലെ വിരുന്നുശാലിയില്‍നിന്നും പ്രസരിക്കുന്നത്, എന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനസമീക്ഷയില്‍ അതിശയോക്തിയോടെ അനുസ്മരിച്ചു.

ഈ മേല്‍മുറിയില്‍നിന്നാണ് ക്രിസ്തു-സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ഉറവ പൊട്ടിപ്പുറപ്പെട്ടത്. ഇനിയും അത് ലോകത്തിന്‍റെ നാനാഅതിര്‍ത്തികളോളം നിര്‍ഗളിക്കണമെന്നും, രാഷ്ട്രങ്ങളെയും ജനതകളെയും ദൈവസ്നേഹത്തില്‍ ഒന്നിപ്പിക്കുകുയം സമ്പന്നമാക്കുകയും വേണമെന്നും ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ ദിവ്യബലി തുടര്‍ന്നു.

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു തീര്‍ത്ഥാടനത്തിന്‍റെ പരിസമാപ്തി ജരൂസലേമിലെ മേല്‍മുറിയിലായിരുന്നു – അന്ത്യത്താഴ വരുന്നുശാല.








All the contents on this site are copyrighted ©.