2014-05-28 19:28:07

വിത്തിനു ലഭിക്കുന്ന
പരിലാളനയാണ് രൂപീകരണം


28 മെയ് 2013, ക്യാമറൂണ്‍
ത്യാഗവും സമര്‍പ്പണവും ആവശ്യമുളള വൈദികരുടെ രൂപീകരണം സമഗ്രമായിരിക്കണമെന്ന്, വത്തിക്കാന്‍റെ വിശ്വാസപ്രഘോഷണ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി പ്രസ്താവിച്ചു.

നല്ല രൂപീകരണമില്ലെങ്കില്‍ ദൈവവിളി പരിപോഷിപ്പിക്കാന്‍ വരുന്ന യുവജനങ്ങള്‍ കാപട്യത്തിന്‍റെയും മന്ദതയുടെയും ജീവിതശൈലിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്നും, സെമിനാരിയില്‍ അവര്‍ക്കു ലഭിക്കുന്ന രൂപീകരണത്തെയും, അവിടെ അവര്‍ എടുക്കുന്ന അടിസ്ഥാന തിരഞ്ഞെടുപ്പുകളെയും ആശ്രയിച്ചിരിക്കും ജീവിതമേന്മയെന്നും
കര്‍ദ്ദിനാള്‍ ഫിലോണി ചൂണ്ടിക്കാട്ടി.

മെയ് 27-ാം തിയതി തിങ്കളാഴ്ച ക്യാമറൂണിലെ നോട്ടര്‍ഡാം മേജര്‍ സെമിനാരി സന്ദര്‍ശിക്കവെയാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്.

വിത്തില്‍ വിളവ് ഒളിഞ്ഞിരിക്കുന്നുണ്ടെന്നും, എന്നാല്‍ വിത്തിനു ലഭിക്കുന്ന പരിലാളനയും പരിരക്ഷണവും ആശ്രയിച്ചിരിക്കും വിളവിന്‍റെ മേന്മയെന്ന് കര്‍ദ്ദിനാള്‍ ഫിലോണി സുവിശേഷത്തെ ആധാരമാക്കി ഉദാഹരിച്ചു.

രൂപീകരണപ്രക്രിയയില്‍ യുവവൈദികരെയും സന്ന്യസ്തരെയും ക്രിസ്തുവില്‍ സാദൃശ്യപ്പെടുത്തുകയും പരിവര്‍ത്തന വിധേയമാകുന്നതിനു പകരം
തരംതാണ് മൂന്നാംകിടക്കാരായി തീരുന്ന അവസ്ഥ പൗരോഹിത്യ സന്ന്യാസ
ജീവിതമേഖലകളില്‍ കാണുന്നത് ശോചനീയമാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

അതിനാല്‍ ആത്മീയ രൂപീകരണത്തിലൂടെയും ആഴമായ വചനത്തിന്‍റെ പഠനത്തിലൂടെയും ധ്യാനത്തിലൂടെയും ക്രിസ്തുവിലുള്ള കൂട്ടായ്മയും ആത്മബന്ധവും ആദ്യകാലത്തുതന്നെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും, ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഒരാഴ്ചത്തെ ഔദ്യോഗിക ഇടയസന്ദര്‍ശനം നടത്തുന്ന കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു.

മാനുഷികവും, ബുദ്ധിപരവും, ആത്മീയവും അജപാലനപരവുമായ സമഗ്ര വിദ്യാഭ്യാസം വൈദികവിദ്യാര്‍ത്ഥികള്‍ക്ക് നല്കിക്കൊണ്ട് അവരെ സുതാര്യതയും പൊരുത്തവും നിശ്ചയദാര്‍ഢ്യവുമുള്ള സുവിശേഷമൂല്യങ്ങളുടെ പ്രായോക്താക്കളാക്കുകയായിരിക്കണം സെമിനാരികളുടെ ദൗത്യമെന്നും കര്‍ദ്ദിനാള്‍ ഫിലോണി വിശദീകരിച്ചു.








All the contents on this site are copyrighted ©.