പാപ്പാ ഫ്രാന്‍സിസ് ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കും
28 മെയ് 2014, വത്തിക്കാന്‍ വിശുദ്ധനാട്ടില്‍നിന്നുമുള്ള മടക്കയാത്രയില്‍ വിമാനത്തിലുണ്ടായിരുന്ന
രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ക്കു നല്കിയ അഭിമുഖത്തിലാണ് 2015 ജനുവരി മാസത്തില്‍ താന്‍
ശ്രീലങ്കയും ഫിലിപ്പീന്‍സും സന്ദര്‍ശിക്കുമെന്ന വിവരം പാപ്പാ വെളിപ്പെടുത്തിയത്.
ഇനിയും അഭ്യന്തരയുദ്ധത്തിന്‍റെ മുറിവുണങ്ങാത്ത ശ്രീലങ്കന്‍ ജനതയ്ക്ക് ആന്തരികസൗഖ്യത്തിന്‍റെയും,
പ്രകൃതി ക്ഷോഭത്തിന്‍റെ കെടുതിയില്‍പ്പെട്ട ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് സാന്ത്വനത്തിന്‍റെയും
സാന്നിദ്ധ്യമാവുകയാണ് തന്‍റെ സന്ദര്‍ശന ലക്ഷൃമെന്ന് അഭിമുഖത്തില്‍ പാപ്പാ വ്യക്തമാക്കി.
ശ്രീലങ്കയിലെ
സഭയുടെ മേലദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാള്‍ക്കം രഞ്ജിത്ത്, ഫിലിപ്പീന്‍സിലെ സഭയുടെ
തലവന്‍ കര്‍ദ്ദിനാള്‍ ലൂയി താഗ്ളെ എന്നിവരുമായി സന്ദര്‍ശനത്തിന്‍റെ വിശദാംശങ്ങള്‍ രൂപപ്പെടുത്തി
വരികയാണെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമാര്‍ഡി സന്ദര്‍ശനത്തെക്കുറിച്ച്
റോമില്‍ മാധ്യമങ്ങളെ അറിയിച്ചു.
ദൈവദാസന്‍ പോള്‍ ആറാമന്‍, വിശുദ്ധനായ ജോണ്‍
പോള്‍ രണ്ടാമന്‍ എന്നവര്‍ക്കു ശേഷം ശ്രീലങ്കയിലെത്തുന്ന മൂന്നാമത്തെ പത്രോസിന്‍റെ പിന്‍ഗാമിയായിരിക്കും
പാപ്പാ ഫ്രാന്‍സിസ്.
വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുമായുള്ള
കൂടിക്കാഴ്ചയില്‍ തന്‍റെ വിശുദ്ധനാടു യാത്രയെക്കുറിച്ചും, അതിന്‍റെ ഫലപ്രാപ്തിയെക്കുറിച്ചും
മറ്റ് ഭാവി പദ്ധതികളെക്കുറിച്ചും ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ പാപ്പാ പങ്കുവയ്ക്കുകയുണ്ടായി.