2014-05-28 19:04:38

തൊഴിലില്ലായ്മ കാരണമാക്കുന്ന
ധാര്‍മ്മിക അധഃപതനം


28 മെയ് 2014, വത്തിക്കാന്‍
തൊഴിലില്ലായ്മ മറ്റു തിന്മകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

തൊഴിലില്ലായ്മ മൂലം ലോകത്ത് ദാരിദ്ര്യം മാത്രമല്ല വര്‍ദ്ധിക്കുന്നത്, മനുഷ്യക്കടത്ത്, അടിമവേല, ബാലവേല, നിര്‍ബന്ധിത തൊഴില്‍, അടിമത്വം എന്നീ തിന്മകള്‍ക്കും ഇന്ന് അത് കാരണമാക്കുന്നുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

ജനീവയില്‍ സമ്മേളിച്ചിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ തൊഴില്‍ സംഘടന International Labour Organization-ന് മെയ് 28-ാം തിയതി ബുധനാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

രാഷ്ട്രങ്ങള്‍ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ ILO-യുടെ നേതൃത്വത്തില്‍ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ മനുഷ്യാന്തസ്സ് മാനിച്ചുകൊണ്ടു സജ്ജമാക്കുന്ന തൊഴില്‍ വികസന പദ്ധതികളെ പാപ്പാ സന്ദേശത്തില്‍ ശ്ലാഘിച്ചു.

തൊഴിലില്ലായ്മ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ചുറ്റുപാടില്‍ ദാരിദ്യമേഖലയെയും മനുഷ്യന്‍റെ ജീവിതാവസ്ഥയെ പൊതുവായും നാടകീയമായി ബാധിക്കുന്നുണ്ട്. ഇതില്‍ ഏറെ നഷ്ടധൈര്യരാകുന്നത് യുവജനങ്ങളാണ്. ക്രിയാത്മകവും, കൂട്ടായ്മയുള്ളതും, പരസ്പരം തുണയ്ക്കുന്നതുമായ തൊഴിലുകളിലൂടെയാണ് ജീവിതത്തില്‍ മനുഷ്യാന്തസ്സ് പ്രകടമാക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നത്.

തൊഴിലില്ലായ്മകൊണ്ടും അതുമായി ബന്ധപ്പെട്ട ദാരിദ്ര്യാവസ്ഥകൊണ്ടുമാണ് ആയിരങ്ങള്‍
ഇന്ന് ഇതര രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത്. നല്ല ഭാവിക്കുള്ള പ്രത്യാശയുമായി നീങ്ങുന്നവര്‍ ചെന്നുചേരുന്ന കെടുതികള്‍ ഇന്ന് ഭയാനകമാണ്. നിസംഗതയുടെ ആഗോളവത്ക്കരണം വളര്‍ത്തുന്ന മനുഷ്യക്കടത്തിന്‍റെയും അടിമത്വത്തിന്‍റെയും അടിമവേലിയുടെയും ബാലവേലയുടെയും നിര്‍ബന്ധിത തൊഴിലിന്‍റെയുമെല്ലാം ഭീദിതമായ അവസ്ഥ ആഗോള ധാര്‍മ്മികതയെയും മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നതാണെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ മേഖലയില്‍ രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും തമ്മില്‍ നിലവിലുള്ള സഹകരണവും ഐക്യദാര്‍ഢ്യവും വളര്‍ത്തി, വ്യക്തിയുടെ അന്തസ്സു മാനിക്കുന്ന തൊഴിലിന്‍റെ അന്തര്‍ദേശീയ മാനദന്ധങ്ങളും, തൊഴിലിന്‍റെ പ്രഥമ കേന്ദ്രവും ഗുണഭോക്താവുമായ വ്യക്തിയെ അല്ലെങ്കില്‍ തൊഴിലാളിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും പാപ്പാ സന്ദേശത്തിലൂടെ രാഷ്ട്രപ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.