2014-05-27 17:04:38

സിസ്റ്റർ മരിയ സെലിന്‍റെ നാമകരണ നടപടികൾ: ആദ്യഘട്ടം പൂര്‍ത്തിയാകുന്നു


27 മെയ് 2014, കണ്ണൂർ
ദൈവദാസി സിസ്റ്റർ മരിയ സെലിന്‍ കണ്ണനായ്ക്കലിന്‍റെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട രൂപതാതല അന്വേഷണങ്ങള്‍ പൂര്‍ത്തിയായി. ഇതിന്‍റെ സമാപന ചടങ്ങ് ബുധനാഴ്ച്ച രാവിലെ 10ന് പയ്യാമ്പലം ഉര്‍സുലൈന്‍ കോണ്‍വന്‍റ് ചാപ്പലില്‍ നടക്കും. കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. നാമകരണ നടപടികള്‍ക്കു തുടക്കംകുറിച്ച കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തും. നാമകരണ പരിപാടികളുടെ ഉപദേശകന്‍ ഫാ.ജോര്‍ജ് നെടുങ്ങാട്ട് എസ്ജെ, രൂപതാ സമിതി അംഗങ്ങളായ വൈദികര്‍, ഉര്‍സുലൈന്‍ സഭയുടെ മേജര്‍ സുപ്പിരീയേഴ്സ് എന്നിവര്‍ പങ്കെടുക്കും.

2007 ജൂലൈ 29നാണ് സിസ്റ്റർ മരിയ സെലിനെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തി നാമകരണ നടപടികള്‍ക്കു തുടക്കംകുറിച്ചത്. തുടര്‍ന്നു സിസ്റ്ററിന്‍റെ ജീവിതത്തിന്‍റെ ചരിത്രവശങ്ങളും ജീവിതവിശുദ്ധിയും സുകൃതങ്ങളും കണ്ടെത്താനും ആഴത്തില്‍ പഠിക്കാനുമായി കണ്ണൂര്‍ രൂപതയില്‍ ഹിസ്റ്റോറിക്കല്‍ കമ്മീഷനെയും സിസ്റ്ററിനെ അടുത്തറിഞ്ഞവരെയും ബന്ധുമിത്രാദികളെയും വിസ്തരിച്ചതില്‍നിന്നു ലഭിച്ച വിവരങ്ങളെപ്പറ്റി പഠനം നടത്താന്‍ എന്‍ക്വയറി കമ്മീഷനെയും നിയമിച്ചു. അതോടൊപ്പം സിസ്റ്റർ സെലിന്‍റെ മധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗശാന്തിയെപ്പറ്റി പഠിക്കാന്‍ തൃശൂര്‍ അതിരൂപതയില്‍ മിറക്കിള്‍ കമ്മീഷനും രൂപീകൃതമായി.

സിസ്റ്റർ സെലിന്‍റെ ബന്ധുവായ തൃശൂര്‍ അതിരൂപതയില്‍പ്പെട്ട ദേവസിക്കുട്ടിയുടെ ജന്മനാലുള്ള മുടന്ത് സിസ്റ്ററിന്‍റെ മധ്യസ്ഥതയാല്‍ സുഖപ്പെട്ട അദ്ഭുതരോഗശാന്തിയാണു മിറക്കിള്‍ കമ്മീഷന്‍ പഠനവിധേയമാക്കിയത്.

Source: SMCIM







All the contents on this site are copyrighted ©.