2014-05-26 16:59:31

പ്രാർത്ഥനയിലൂടെ സമാധാനത്തിനും ഐക്യത്തിനും കരുത്തു പകരുന്ന മാർപാപ്പ


26 മെയ് 2014, ജറുസലേം
പ്രാർത്ഥനയിലൂടെ ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനും ഐക്യത്തിനും കരുത്തു പകരുകയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ. വിശുദ്ധനാട് സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പായെ അനുഗമിക്കുന്ന കർദിനാൾ പരോളിൻ വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സമാധാനത്തിനുവേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാൻ ഇസ്രയേലിന്‍റേയും പലസ്തീനിന്‍റേയും പ്രസിഡന്‍റുമാരെ വത്തിക്കാനിലേക്ക് ക്ഷണിച്ചതും മാർപാപ്പ പ്രാർത്ഥനയ്ക്കു മുൻതൂക്കം നൽകുന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ഇരു നേതാക്കളും പാപ്പായുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ഹൃദയൈക്യം നൽകുകയും സുധീരമായ തീരുമാനങ്ങളെടുക്കാൻ കരുത്തു പകരുകയും ചെയ്യുന്ന പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് തന്‍റെ പ്രബോധനങ്ങളിൽ ഊന്നിപ്പറയുന്ന പാപ്പ അതേ ലക്ഷ്യം മുൻനിറുത്തിയാണ് പ്രാർത്ഥനയുടെ ഈ ക്ഷണം നൽകിയിരിക്കുന്നത്. സമാധാനം സ്ഥാപിക്കുന്നതിന് ഉറച്ച തീരുമാനങ്ങളെടുക്കാൻ അധികാരികൾക്ക് കരുത്തു ലഭിക്കണം - കർദിനാൾ പരോളിൻ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.