2014-05-26 18:41:19

പാപ്പാ ഫ്രാന്‍സിസ് മനുഷ്യക്കുരുതിയുടെ
സമൃതിമണ്ഡപത്തില്‍


26 മെയ് 2014, ജരൂസലേം
വിശദ്ധനാട്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസം, തിങ്കളാഴ്ച ജരൂസലേമിന്‍റെ പുരാതന നഗര ഭാഗത്തുള്ള വിവിധ മതകേന്ദ്രങ്ങളിലേയ്ക്കുള്ള സന്ദര്‍ശനങ്ങളായിരുന്നു രാവിലെ. ഇസ്ലാം മഹാപ്രാര്‍ത്ഥനാലയമായ Dome of the Rock സന്ദര്‍ശനം, മഹാമഫ്ത്തി മുഹമ്മദ് അഹമ്മദ് ഹുസൈനുമായുള്ള കൂടിക്കാഴ്ച, യഹൂദ റബിമാരുമായുള്ള കൂടിക്കാഴ്ച, വിലാപത്തിന്‍റെ മതില്‍ സന്ദര്‍ശനം, യാദ് വഷീം- യഹൂദ കൂട്ടക്കുരുതിയുടെ മണ്ഡപത്തിലെ പ്രാര്‍ത്ഥന എന്നിവയായിരുന്നു അവ. തുടര്‍ന്ന് ഉച്ചകഴിഞ്ഞ്, ഇസ്രായേലി പ്രസിഡന്‍റ് ഷിമോണ്‍ പീരെസുമായുള്ള കൂടിക്കാഴ്ച, ജരൂസലേമിലെ നോട്ടര്‍ഡാം വിദ്യാപീഠ സന്ദര്‍ശനം, ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്താന്‍യാഹുവുമായുള്ള കൂടിക്കാഴ്ച, അന്ത്യത്താഴ വിരുന്നുശാലയിലെ ദിവ്യപൂജ എന്നിവ പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനത്തിന്‍റെ അവസാനദിനത്തിലെ ശ്രദ്ധേയമായ പരിപാടികളായിരുന്നു.


ആദമേ, നീ എവിടെ? (ഉല്പത്തി 3, 9). ഹേ, മനുഷ്യാ, നീ എവിടെ? നീ എന്താണു ചെയ്യുന്നത്? ഇവിടെ, ഈ ഷോഹായുടെ സ്മൃതിമണ്ഡപത്തില്‍ (Shoah) ദൈവത്തിന്‍റെ സ്വരം വീണ്ടും പ്രതിധ്വനിക്കുകയാണ്, ആദമേ, നീ എവിടെ?
ഈ ചോദ്യത്തിന്‍റെ പിന്നില്‍, പുത്രനെ നഷ്ടമായ പിതാവിന്‍റെ കദനഭാരമാണ് പ്രതിധ്വനിക്കുന്നത്. സ്വാതന്ത്ര്യം നല്കുന്ന പിതാവിന് തീര്‍ച്ചയായും അറിയാം, മക്കള്‍ പതറിപ്പോകാമെന്നും, അവര്‍ തനിക്ക് നഷ്ടമാകാന്‍ സാദ്ധ്യതയുണ്ടെന്നും. ആ പതനത്തിന്‍റെ അപാരമായ ഗര്‍ത്തവും, അതിന്‍റെ ആഴവും പിതാവിന് അറിയാമായിരുന്നിരിക്കണം.
ചരിത്രത്തിലെ ദീനവും ഹീനവുമായ മനുഷ്യക്കുരുതിക്കു മുന്നില്‍ നില്ക്കുമ്പോഴും, ദൈവത്തിന്‍റെ സ്വരം വീണ്ടും മരണഗര്‍ത്തത്തിന്‍റെ അഗാധത്തില്‍നിന്നും ലോലമായി മുഴങ്ങിക്കേള്‍ക്കാം, മനുഷ്യാ, നീ എവിടെയാണ്?
ആദം, നീ ആരാണ്? നിന്നെ ഞാന്‍ അറിയില്ലല്ലോ?!
നീ ആരാണ്, നീ ആരായിത്തീര്‍ന്നിരിക്കുന്നു. നീ ചെയ്യുന്ന പാതകം
എത്ര ഘോരമാണ്. നിന്‍റെ ഇത്ര വലിയ അധഃപതനത്തിനു കാരണമെന്താണ്?
അതിനു കാരണം നിന്നെ മെനഞ്ഞെടുത്ത മണ്ണല്ല. ഭൂമിയുടെ മണ്ണിനും,
എന്‍റെ കരവേലയ്ക്കും അതിന്‍റേതായ മേന്മയുണ്ട്.
നിന്നില്‍ നിശ്വസിച്ച ജീവശ്വാസവുമല്ല നിന്‍റെ അധഃപതനത്തിനു കാരണം.
നിന്‍റെ നാസാരന്ധ്രങ്ങളില്‍ ഞാന്‍ നിശ്വസിച്ച ജീവശ്വാസം നന്മയാണ് (ഉല്പത്തി 2, 7).
ഈ ഭൂമിയില്‍ തിന്മയുടെ മരണഗര്‍ത്തം മെനയുന്നത് മനുഷ്യകരങ്ങളും ഹൃദയയങ്ങളും മാത്രമല്ല.
മനുഷ്യനെ ആരാണ് വഴിതെറ്റിച്ചത്? ആരാണവനെ തിന്മയില്‍ ആഴ്ത്തിയത്?
നന്മ തിന്മകളുടെ കര്‍ത്താവ് അവനാണെന്നും ധരിപ്പിച്ചത് ആരാണ്?
അവന്‍ ദൈവമാണെന്നും ധരിപ്പിച്ചതാരാണ്?
ണനുഷ്യന്‍ സ്വയം ദൈവമാണെന്നു ധരിച്ച്, സഹോദരങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും, മാത്രമല്ല അവരെ ബലികഴിക്കുകയും ചെയ്തു! ഇവയ്ക്കെല്ലാം പിന്നില്‍ മനുഷ്യനെ വഴിതെറ്റിക്കുന്ന തിന്മയുടെ കിരാതഹസ്തങ്ങളുണ്ട്!!

അതിനാല്‍ ഇവിടെ വീണ്ടും ദൈവത്തിന്‍റെ സ്വരം മുഴങ്ങുകയാണ്,
ഹേ, മനുഷ്യാ, നീ എവിടെയാണ്?
ഇതേ മണ്ണില്‍നിന്നുതന്നെ വളരെ ലോലമായ ശബ്ദത്തില്‍ അതിന് മറുപടിയും ഉയര്‍ന്നു. ദൈവമേ, അങ്ങ് ഞങ്ങളോടു കനിവുകാണിക്കണമേ!

ദൈവമേ, നീതി എപ്പോഴും അങ്ങയുടേതാണ് (ബാറുക്ക് 1, 15),
മ്ലേച്ഛതയും അപമാനവും ഞങ്ങളുടേതും.
ആകാശത്തിന്‍ കീഴില്‍ ഇന്നുവരെയ്ക്കും സംഭവിക്കാത്ത മഹാതിന്മയാണ് ഞങ്ങളെ ഗ്രസിച്ചത് (ബാറുക്ക് 2, 2).

ദൈവമേ, അങ്ങു ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
അങ്ങു ഞങ്ങളോട് കരുണകാണിക്കണമേ!
ഈ തിന്മയുടെ ഭീകരതയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ.
സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്‍റെ ദൈവമേ, ദുഃഖിതമായ ആത്മാവും തളര്‍ന്നഹൃദയവും ഇതാ, അങ്ങയോടു വീണ്ടും നിലവിളിക്കുന്നു. കര്‍ത്താവേ, ശ്രവിക്കണമേ, കരുണതോന്നണമേ. ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ പാപംചെയ്തിരിക്കുന്നു. അങ്ങെന്നും സിംഹാസനസ്ഥനാണ് (ബാറുക്ക് 3, 1-2).
അങ്ങേ കാരുണ്യത്തില്‍ കര്‍ത്താവേ, ഞങ്ങളെ അനുസ്മരിക്കണമേ.
മനുഷ്യരുടെ പാപങ്ങളെ ഓര്‍ത്ത് ലജ്ജിതരാകാനും, അങ്ങു രൂപംനല്കി, മെനഞ്ഞെടുത്ത്, ജീവന്‍നല്കിയ മനുഷ്യര്‍
ചെയ്തുപോയ ഭീതിതമായ ക്രൂരതയെ ഓര്‍ത്തു മനസ്തപിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

ഒരിക്കലുമില്ല, ഇനി ഒരിക്കലുമില്ല ദൈവമേ!
അങ്ങേ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ ചെയ്തതോര്‍ത്ത് ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങെ കാരുണ്യത്തില്‍ ഞങ്ങളെ കൈവെടിയരുതേ!!







All the contents on this site are copyrighted ©.