2014-05-26 16:56:34

ജോർദാന് നവോന്മേഷം പകർന്ന സന്ദർശനം


26 മെയ് 2014, അമ്മാൻ
ഫ്രാൻസിസ് പാപ്പായുടെ സാന്നിദ്ധ്യം ജോർദാൻ ജനതയ്ക്ക് നവോന്മേഷം പകർന്നുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്‍റെ വികാരി ജനറൽ ആർച്ച്ബിഷപ്പ് മാറോൺ ലഹാം. ജോർദാനിൽ നിന്നാണ് വിശുദ്ധനാട് തീർത്ഥാടനം മാർപാപ്പ ആരംഭിച്ചത്. പാപ്പായുടെ സാന്നിദ്ധ്യവും ഉത്ബോധനങ്ങളും ക്രൈസ്തവർക്കും അന്യമതസ്ഥർക്കും വലിയ ആവേശം നൽകിയെന്ന് ആർച്ച്ബിഷപ്പ് ലഹാം വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. കത്തോലിക്കർക്ക് ആഹ്ലാദത്തിന്‍റേയും അഭിമാനത്തിന്‍റേയും മുഹൂർത്തങ്ങളായിരുന്നു ജോർദാനിലെ പേപ്പൽ പരിപാടികൾ. മാർപാപ്പയോടുള്ള സ്നേഹാദരങ്ങൾ എല്ലാവരിലും പ്രകടമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിറിയൻ അഭയാർത്ഥികളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച്ചയും സിറിയയ്ക്കുവേണ്ടിയുള്ള പ്രാർത്ഥനാഭ്യർത്ഥനയും അതിപ്രസക്തമാണ്. സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനത്തോടൊപ്പം മതസ്വാതന്ത്ര്യത്തിനുവേണ്ടിയും മാർപാപ്പ ശബ്ദമുയർത്തി. ആരാധനാ സ്വാതന്ത്ര്യം മാത്രമല്ല മത സ്വാതന്ത്ര്യം, സ്വന്തം മതവിശ്വാസം സ്വതന്ത്രമായി ഏറ്റുപറയാനും, ഇഷ്ടമുള്ള മതം സ്വീകരിക്കാനുമുള്ള അവകാശം കൂടിയാണെതെന്ന് പാപ്പ ലോകത്തെ ഓർമ്മിപ്പിക്കുകയാണെന്ന് ആർച്ച്ബിഷപ്പ് മാറോൺ ലഹാം പ്രസ്താവിച്ചു.








All the contents on this site are copyrighted ©.