2014-05-26 16:58:55

ക്രൈസ്തവർക്ക് വിനയായ സുരക്ഷാക്രമീകരണം


26 മെയ് 2014, ജറുസലേം

കനത്ത സുരക്ഷാ ക്രമീകരണങ്ങൾ മൂലം ഫ്രാൻസിസ് മാർപാപ്പയെ കാണാൻ സാധിക്കാത്ത സങ്കടത്തിലാണ് ജറുസലേമിലെ നല്ലൊരു ശതമാനം ക്രൈസ്തവർ. സുരക്ഷാ കാരണങ്ങളാൽ ജറുസലേമിലെ ക്രൈസ്തവർക്ക് ബതെലേമിലെ പേപ്പൽ പരിപാടികളിൽ സംബന്ധിക്കുക അസാധ്യമായിരുന്നു. ജറുസലേം നഗരത്തിലും കനത്ത ബന്തവസ് ഏർപ്പെടുത്തിയിരുന്നതിനാൽ നിരവധി പേർക്ക് പേപ്പൽ പരിപാടികളുടെ വേദികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.
ക്രൈസ്തവരുടെ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് വിശുദ്ധനാടിന്‍റെ സംരക്ഷണ ചുമതലയുള്ള ഫ്രാൻസിസ്ക്കൻ വൈദികൻ ഫാ. പിയർബാറ്റിസ്ത പിത്സബാല വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പലസ്തീനും ഇസ്രയേലും പാപ്പായെ വരവേറ്റത്. ഒരു അജപാലന സന്ദർശനത്തിൽ പങ്കെടുക്കുന്നതിനേക്കാൾ മിലിട്ടറി ക്യാമ്പിലെത്തിയ പ്രതീതിയാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഈ സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കാനാവില്ലായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
പാപ്പാ ഫ്രാൻസിസിന്‍റെ സന്ദർശനം ഒരു ചരിത്രസംഭവമാണ്. മതാന്തര സംവാദത്തിലും
സഭൈക്യ ചരിത്രത്തിലും അവിസ്മരണീയമായ ഒരധ്യായം എഴുതി ചേർത്തിരിക്കുകയാണ് പാപ്പായെന്ന് ഫാ. പിയർബാറ്റിസ്ത പിത്സബാല അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് പാപ്പായുടേയും എക്യമെനിക്കൽ പാത്രിയാർക്കീസ് ബെർത്തോലോമെയോ പ്രഥമന്‍റേയും കൂടിക്കാഴ്ച്ച സഭൈക്യ ചരിത്രത്തിലെ നാഴികക്കല്ലാണ്. തിരുക്കല്ലറ ബസിലിക്കയിൽ നടന്ന സമൂഹ പ്രാർത്ഥനയിൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒന്നു ചേർന്നത് അവിശ്വസനീയമായി തോന്നി. ഇതൊരു സ്വപ്നമാണോ എന്നു പോലും ചിന്തിച്ചുപോയി! വിശുദ്ധനാട്ടിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അറിയാവുന്നവരെ സംബന്ധിച്ച് ഇത്തരമൊരു പ്രാർത്ഥനാ സംഗമം അസാധാരണവും അതിവിശിഷ്ടവുമാണെന്ന് ഫാ.പിത്സബാല പ്രസ്താവിച്ചു.








All the contents on this site are copyrighted ©.