2014-05-24 08:48:59

കരളില്‍ കിനിയേണ്ട
ദൈവാത്മാവിന്‍റെ ആര്‍ദ്രത


RealAudioMP3
വി. യോഹന്നാന്‍ 16, 16-24 മലങ്കര റീത്ത് ഉത്ഥാനകാലം അഞ്ചാംവാരം
അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. അപ്പോള്‍ അവിടുത്തെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു. അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്‍റെ അടുത്തേയ്ക്കു പോകുന്നു എന്നും അവിടുന്ന് നമ്മോട് പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്. അവര്‍ തുടര്‍ന്നു. അല്‍പസമയം എന്നതുകൊണ്ട് അവന്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. അവന്‍ പറുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ. ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കി ക്രിസ്തു പറഞ്ഞു. അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും, എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷംനിമിത്തം ആ വേദന പിന്നീടൊരിക്കലും അവളെ ഓര്‍മ്മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളയുകയുമില്ല. അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയുമില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാട്ടിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര ശനിയാഴ്ച രാവിലെ ആരംഭിച്ചു കഴിഞ്ഞു. പാപ്പാ ആദ്യം യോര്‍ദ്ദാനിലേയ്ക്കാണ് പോയിരിക്കുന്നത്. എറെ ചരിത്ര പ്രാധാന്യവും പ്രസക്തിയുമുള്ളതാണ് പത്രോസിന്‍റെ പിന്‍ഗാമിയുടെ യോര്‍ദ്ദാന്‍, പലസ്തീന, ജരൂസലേം എന്നിവിടങ്ങളിലേയ്ക്കുള്ള ഈ തീര്‍ത്ഥാടനം. ക്രൈസ്തവൈക്യത്തിന് ഏറെ ഊന്നല്‍ നല്കിക്കൊണ്ട്, “നിങ്ങള്‍ ഒന്നിയിരിക്കേണ്ടതിന്....” (യോഹ. 21, 17) എന്ന ക്രിസ്തുസൂക്തം ആപ്തവാക്യമാക്കിക്കൊണ്ടാണ് ‘പത്രോസ് വീണ്ടും ഗലീലിയയിലേയ്ക്ക്’ പുറപ്പെട്ടിരിക്കുന്നത്, എന്നു നമുക്ക് ആലങ്കാരികമായി പറയാം. ആദ്യം യോര്‍ദ്ദാനിലും പിന്നെ ബതലഹേമിലുമായിട്ടാണ് രണ്ടു ദിവസങ്ങള്‍ പാപ്പാ ചെലവഴിക്കുന്നതെങ്കിലും, മൂന്നാം ദിവസമായ മെയ് 25-ാം തിയതി ഞായറാഴ്ച വൈകുന്നേരം ജരൂസലേമില്‍വച്ച്, കിഴക്കന്‍ സഭകളുടെ തലവനായ, പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായുള്ള കൂടിക്കാഴ്ച അപ്പസ്തോലിക യാത്രിയിലെ ഏറെ ശ്രദ്ധേയമാകുന്ന ഇനമാണ്. നവയുഗത്തില്‍ ഐക്യത്തിനായും കൂട്ടായ ക്രിസ്തുസാക്ഷൃത്തിനുമായും സഭയ്ക്കുള്ള ചൈതന്യവും, തീക്ഷ്ണതയുമാണിത് വെളിപ്പെടുത്തുന്നത്.
എക്യുമേനിക്കല്‍ പാത്രികയര്‍ക്കിസിനെയും കിഴക്കിന്‍റെ പ്രതിനിധി സംഘത്തെയും ജരൂസലേമിലെ വിശുദ്ധകുടൂരത്തിന്‍റെ ദേവാലയത്തില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, സഭൈക്യ സംരംഭത്തിന്‍റെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കുമ്പോള്‍, ‘നിങ്ങള്‍ ഒന്നായിരിക്കുന്നതിന്....’ എന്ന തന്‍റെ പ്രിയ ശിഷ്യരോടുള്ള ക്രിസ്തുവിന്‍റെ മൊഴികള്‍ അവിടെ പ്രതിധ്വനിക്കുമെന്നതില്‍ സംശയമില്ല.

ജോര്‍ദ്ദാന്‍-പലസ്തീന്‍-ഇസ്രായേലി ഭരണകര്‍ത്താക്കളുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ കൂടിക്കാഴ്ചകളും സാമൂഹ്യ രാഷ്ട്രീയ തലങ്ങളില്‍ കലുഷിതമായിരിക്കുന്ന വിശുദ്ധനാടിന്‍റെയും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെയും മണ്ണില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പൂവിളിയും പ്രചോദനമായിത്തീരുക തന്നെ ചെയ്യും.

പരിശുദ്ധാത്മാവിന്‍റെ ദാനമാണ് ക്രിസ്തുദര്‍ശനം, അല്ലെങ്കില്‍ ഗുരുദര്‍ശനം. അതിനാല്‍ പരിശുദ്ധാത്മാവ് നല്കുന്ന ദാനമല്ല ഇന്നത്തെ സുവിശേഷത്തിലെ വിവക്ഷ, മറിച്ച് ക്രിസ്തു നല്‍കുന്ന പ്രഥമദാനമായ പരിശുദ്ധാത്മാവു തന്നെയാണ്.
അവിടുത്തെ ശിഷ്യന്മാര്‍ക്കു ശാരീരികമായി തങ്ങളുടെ ഗുരുവിനെ കുരിശുമരണത്തോടെ നഷ്ടപ്പെട്ടു. എന്നാല്‍, അവിടുന്ന് ആത്മാവായി തിരിച്ചുവരും, എന്ന ഉറപ്പ് ക്രിസ്തു നല്കുന്നുണ്ട്. (16, 16). മനുഷ്യപുത്രനായ ക്രിസ്തുവിന്‍റെ ആത്മാവു തന്നെയാണ് പരിശുദ്ധാത്മാവ്.
ഈ ആത്മാവ് ശിഷ്യഗണത്തിന് പ്രാപ്യമാകുന്നത് ക്രിസ്തുവിന്‍റെ മരണത്തിലൂടെ മാത്രമാണ്. ‘നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുന്ന ദിവസം വരുന്നു’വെന്ന് (യോഹ. 16, 16) അവിടുന്ന് പറഞ്ഞത്, തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. അതുവരെയും ആത്മാവിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല, കാരണം ക്രിസ്തു മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല (യോഹ. 7, 37-39). ക്രിസ്തുവിന്‍റെ മഹത്ത്വീകരണമായ കുരിശുമരണമാണ് വിശ്വാസികള്‍ക്ക് ആത്മാവിനെ, പരിശുദ്ധാത്മനെ നല്കിയത്. ആകയാല്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവര്‍ ചെയ്യേണ്ടത് ക്രിസ്തിവിന്‍റെ ദൗത്യം ഭൂമിയില്‍ തുടരുകയാണ്. ഇതാണ് ക്രിസ്തു ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ രൂപരേഖ.

കുരിശുമരണത്തിലൂടെ ക്രിസ്തുവും ശിഷ്യന്മാരും നമ്മില്‍ ഒരു വിധത്തില്‍ വേര്‍പിരിയുകയാണ്. വേര്‍പാടിന്‍റെ വേദന അമ്മയുടെ പ്രസവവേദനയായി ഇന്നത്തെ സുവിശേഷഭാഗത്ത് സങ്കല്പിച്ചിരിക്കുന്നു. അമ്മയുടെ ഉദരത്തിന്‍റെ ചൂട് നഷ്ടപ്പെടാന്‍ ശിശുവിന് ഇഷ്ടമില്ല. അതിനാല്‍ അത് കരയുന്നു. എന്നാല്‍, ഈ വേര്‍പിരിയലിലൂടെയാണ് ശിശുവിന് സ്വതന്ത്രമായ ജീവനും ജീവിതവും ഉണ്ടാകുന്നത്. അതുപോലെ ക്രിസ്തു വേര്‍പിരിയാതെ അവിടുത്തെ അനുയായികള്‍ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ടാകില്ല. ഉദരത്തില്‍നിന്ന് ശിശു പുറത്തു കടക്കുന്നതിന്‍റെ വേദന അമ്മയും അനുഭവിക്കുന്നു. എന്നാല്‍, അമ്മയുടെ വേദന സന്തോഷമായി പരിണമിക്കുന്നു. ശിശു വളര്‍ന്ന് മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ഈ ആനന്ദം പൂര്‍ണ്ണമാകുന്നു. പ്രസവവേദന സന്തോഷമായി പരിണമിക്കണമെങ്കില്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍, ക്രൈസ്തവര്‍ അവിടുത്തെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കണം. ഇതാണ് അവിടുന്നു വരിച്ചിട്ട രണ്ടാമത്തെ മാര്‍ഗ്ഗരേഖ.
ക്രിസ്തുവിന്‍റെ ദൗത്യങ്ങളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കുമ്പോള്‍ ലോകം നിങ്ങളെ ദ്വേഷിക്കും. പീഡാസഹന വേളയില്‍ ശിഷ്യന്മാര്‍ ക്രിസ്തുവിനെ വിട്ടുപോയതാണ്. അവര്‍ ചിതറിപ്പോയതാണ്. കാരണം അവിടുത്തെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ലായിരുന്നു. എന്നാല്‍ അത് അസാദ്ധ്യമാണെന്നും കരുതരുത്. വിശുദ്ധരുടെ ജീവിതങ്ങള്‍ അതു തെളിയിക്കുന്നുണ്ട്. അങ്ങനെ ജീവിതത്തിന്‍റെ ഏതു സാഹചര്യങ്ങളിലും, സഹനത്തില്‍പ്പോലും ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കുന്നത് അവിടുന്നു തെളിയിച്ച, നമ്മോട് ആവശ്യപ്പെടുന്ന മൂന്നാമത്തെ രേഖയും, ക്രൈസ്തവ ജീവിതത്തിന്‍റെ വെല്ലുവിളിയുമാണ്.

ഭൂമിയില്‍നിന്ന് ക്രിസ്തു കടന്നുപോകുന്നു എന്നു കേട്ടപ്പോള്‍ നിരാശാഭരിതരായിത്തീര്‍ന്ന ശിഷ്യന്മാരെ സാന്ത്വനപ്പെടുത്താനായി ആശ്വാസകനെ അഥവാ ‘സത്യാത്മാവിനെ ഭൂമിയിലേയ്ക്ക് അയക്കു’മെന്ന് (യോഹ. 24, 26) അവിടുന്നു വാഗ്ദാനംചെയ്തു. അവിടുത്തെ അഭാവത്തില്‍ ആശ്വാസകന് അഥവാ പരിശുദ്ധാത്മാവിന് ശിഷ്യന്മാര്‍ക്കിടയിലും ഈ ലോകത്തിലും സവിശേഷമായ സാന്നിദ്ധ്യ പ്രസക്തിയുണ്ട്. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തില്‍ പരിശുദ്ധാത്മാവിന്‍റെ സജീവസാന്നിദ്ധ്യം ബഹുമുഖങ്ങളായ വിധത്തിലും അവസരങ്ങളിലും ലോകം ദര്‍ശിച്ചതാണ്.
മറിയത്തിലൂടെയുള്ള മനുഷ്യാവതാരം ചരിത്രത്തില്‍ ചുരുളഴിയുന്നത് ദൈവാത്മാവിന്‍റെ ശക്തിയാലാണ്.

പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ അവിടുത്തെ ജ്ഞാനസ്നാന മുഹൂര്‍ത്തത്തിലേയ്ക്കും, പിന്നെ മരുപ്രദേശത്തേയ്ക്കും, വിവിധ അവസരങ്ങളിലായുള്ള വെളിപാടുകളിലേയ്ക്കും ക്രിസ്തുവിനെ നയിക്കുന്നത് ദൈവരൂപിയുടെ സവിശേഷമായ ഇടപെടലാണ്. അങ്ങനെ
മനുഷ്യാവതാരത്തില്‍ മാത്രമല്ല, പിന്നീട് യേശുവിന്‍റെയും അപ്പസ്തോലന്മാരുടെ ജീവിതത്തിലും ക്രിസ്തു ജീവിച്ചിരിക്കെത്തന്നെയും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്. അരൂപിയുടെ നിറസാന്നിദ്ധ്യം ലോകത്തിന് അനുഭവവേദ്യമാകുന്നത് പെന്തക്കോസ്താ ദിനത്തിലാണ്. അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നതു മുതല്‍ക്കാണ്.
യേശുവിന്‍റെ സുവിശേഷം ലോകത്തിന്‍റെ നാല് അതിര്‍ത്തികള്‍വരെയ്ക്കും എത്തേണ്ടതാണ്. ലോകം മുഴുവനിലും നിറയേണ്ടതാണ്. എന്തെന്നാല്‍ അത് ലോകത്തിലെ സകലതലമുറകളുടെയും, സകലമനുഷ്യരുടെയും നന്മയ്ക്കും വേണ്ടിയുള്ളതാണ്. അപ്പസ്തോലന്മാര്‍ കേവലം മനുഷ്യരായിരുന്നു. തീര്‍ത്തും സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം മാനുഷികമായ കഴിവുകള്‍ ഉപയോഗിച്ച് മേല്‍പ്പറഞ്ഞ ലക്ഷൃം കൈവരിക്കുക എന്നത് തീര്‍ത്തും അസാദ്ധ്യമാണ്. അതിനു കഴിയണമെങ്കില്‍ ദൈവികസാന്നിദ്ധ്യമുള്ള അസാധാരണ മനുഷ്യരായി അവര്‍ മാറേണ്ടിയിരിക്കുന്നു. ആ മാറ്റത്തിന് പരിശുദ്ധാത്മാവിനോടുള്ള തുറവ് അനിവാര്യമാണ്. പിതാവു നല്കുന്ന സത്യാത്മാവിന്‍റെ, പരിശുദ്ധാവിന്‍റെ ആഗമനത്തിന്, അവിടുത്തെ അനുദിനം സ്വീകരിക്കാനുള്ള ആന്തരിക വിശുദ്ധിയും തുറവും നമ്മിലും വളര്‍ത്തിയെടുക്കാം. ആത്മാവിന്‍റെ നിറവിലും കനിവിലും നമ്മുടെ എളിയ ജീവിതപരിസരങ്ങളില്‍, കുടുംബത്തിലും സമൂഹത്തിലും സുവിശേഷമൂല്യങ്ങളുടെ പ്രഘോഷകരാകാം.

പരിശുദ്ധാത്മ ചൈതന്യത്തിലും നിറവിലുമാണ് ഭീഷണികളെയും എതിര്‍പ്പുകളെയും വകവയ്ക്കാതെ പാപ്പാ ഫ്രാന്‍സിസ് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവാഹകനായിട്ട് വിശുദ്ധ നാട്ടില്‍, ക്രിസ്തുവിന്‍റെ പാദസ്പര്‍ശ മേറ്റ മണ്ണില്‍ കാലുകുത്തിയിരിക്കുന്നത്. പാപ്പായുടെ കാലടിപ്പാടുകളെ സമാധനപാതിയില്‍ നയിക്കാന്‍
നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. പത്രോസിന്‍റെ പിന‍ഗാമിയുടെ മദ്ധ്യപൂര്‍വ്വദേശത്തേയ്ക്കുള്ള തീര്‍ത്ഥാടനം ഫലദായകമാവട്ടെ!
വചനം പൂവണിഞ്ഞ മണ്ണില്‍, എതുനാവും യേശുവിന്‍റെ ഏകനാമം, മഹോന്നതനാമം സ്തുതിക്കട്ടെ! അവിടുത്തെ തിരുനിണത്താല്‍ പൂജ്യമായ ആ മണ്ണില്‍ ഐക്യവും സാമാധനവും നീതിയും പൂവണിയട്ടെ!!








All the contents on this site are copyrighted ©.