2014-05-22 20:11:12

വിശ്വശാന്തിയുടെ തീര്‍ത്ഥാടകന്‍
ക്രിസ്തുവിന്‍റെ നാട്ടിലേയ്ക്ക്


22 മെയ് 2014, വത്തിക്കാന്‍
മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ പ്രതീകമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധ നാട്ടിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെന്ന്, ജരൂസലേമിലെ ഹെബ്രായ കത്തോലിക്കാ സമൂഹത്തിന്‍റെ പാത്രിയാര്‍ക്കല്‍ വികാരി, ഫാദര്‍ ഡേവിഡ് ന്യൂഹാവൂസ് പ്രസ്താവിച്ചു.

ലോകത്തില്‍ തനിക്കുള്ള അന്യൂനമായ സ്ഥാനവും ആത്മീയതലത്തിലുള്ള പ്രഥമസ്ഥാനവും മാറ്റിവച്ചുകൊണ്ട്, വളരെ വിനയാന്വിതനായിട്ടാണ് അഭ്യന്തരകാലപവും രാഷ്ട്രീയ കരുനീക്കങ്ങളും മതമൗലികവാദവുംകൊണ്ട് കലുഷിതമായ വിശുദ്ധനാട്ടിലേയ്ക്ക്
പാപ്പാ ഫ്രാന്‍സിസ് ആഗതനാകുന്നതെന്ന് ഫാദര്‍ ന്യൂഹാവൂസ് പ്രസ്താവിച്ചു.
വത്തിക്കാന്‍ റോഡിയോ വക്താവ് റോബേര്‍ത്തോ പിയര്‍ മരീനിയ്ക്ക്
മെയ് 21-ബുധനാഴ്ച ജരൂസലേമില്‍ നല്കിയ അഭിമുഖത്തിലായിരുന്നു ഈ പ്രസ്താവന.

സുവിശേഷ സന്തോഷം evangelii gauidii-എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പോസ്തോലിക പ്രബോധനത്തില്‍ സൂചിപ്പിക്കുന്നതുപോലെ, തിരികെ ഒന്നും പ്രതീക്ഷിക്കാതെയും ആരെയും ഒന്നിനെയും സംശയിക്കാതെയും, ആത്മവിശ്വാസമുള്ളൊരു സഹയാത്രികനെപ്പോലെ ജീവിതയാത്രയില്‍ മാനവകുലത്തിന്‍റെ സമാധാനത്തിനായുള്ള പതറാത്ത അഭിവാഞ്ച്ഛയാണ് പാപ്പാ ഫ്രാന്‍സിസിനെ വിശുദ്ധനാട്ടിലേയ്ക്ക് നയിക്കുന്നതെന്ന് ഫാദര്‍ ന്യൂഹാവൂസ് വിശദീകരിച്ചു.

മെയ് 25-ാം തിയതി ഞായറാഴ്ച വൈകുന്നേരം എക്യുമേനിക്കല്‍ പാത്രിയര്‍ക്കി ബര്‍ത്തലേമ്യോ പ്രഥമനുമായി ജരൂസലേമിലെ വിശുദ്ധകൂടിരത്തിന്‍റെ മഹാദേവാലയത്തില്‍വച്ച് കൂടിക്കാഴ്ച നടക്കുമ്പോള്‍, ഒരു ചരിത്രിസ്മരണയുടെ അയവിറക്കല്‍ മാത്രമല്ല, ശത്രുതയും നിസംഗതയും മറന്ന് ഭിന്നിച്ചുനില്ക്കുന്ന സഭാസമൂഹങ്ങളില്‍ ഉണരേണ്ടതും, അവര്‍ സ്പ്നംകാണുന്നതുമായ ക്രിസ്തുവിലുള്ള കൂട്ടായ്മയുടെയും സംവാദത്തിന്‍റെയും നവയുഗപ്പിറവിയാണ് പാപ്പായുടെ സന്ദര്‍ശനം വിരിയിക്കുവാന്‍ പോകുന്നതെന്നും ഫാദര്‍ ന്യൂഹാവൂസ് പ്രത്യാശപ്രകടിപ്പിച്ചു.

1964 ജനുവരി 5-ാം തിയതിയാണ് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അത്താനാഗോറസും
പോള്‍ ആറാമന്‍ പാപ്പായുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ച നടന്നത്.
നൂറ്റാണ്ടുകളായി ഭിന്നിച്ചുനിന്നിരുന്ന കിഴക്കന്‍ സഭകളും പശ്ചാത്യസഭയും തമ്മിലുള്ള പ്രത്യാശപകരുന്ന സഭൈക്യപ്രവര്‍ത്തിനങ്ങള്‍ക്ക് തുക്കംകുറിച്ച ചരിത്രസംഭവമായിരുന്നു
ഈ കൂടിക്കാഴ്ചയും ഇരുവരും തമ്മില്‍ ക്രിസ്തുവിലുള്ള ഹൃദ്യമായ ആശ്ലേഷവും.









All the contents on this site are copyrighted ©.