2014-05-21 16:22:54

ശാശ്വത സമാധാനം, ദൈവിക ദാനം – മാർപാപ്പ


21 മെയ് 2014, വത്തിക്കാൻ
പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നവർ ഹൃദയത്തിൽ ശാശ്വത സമാധാനം അനുഭവിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് ലോകം നൽകുന്ന ഉപരിപ്ലവമായ സമാധാനവും ദൈവിക ദാനമായ ശാശ്വത സമാധാനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പാപ്പ വിവരിച്ചത്. പണവും അധികാരവും നൽകുന്ന സുരക്ഷിതത്വവും സമാധാനവും ക്ഷണികമായിരിക്കുമെന്ന് പാപ്പ ഉദാഹരണ സഹിതം സമർത്ഥിച്ചു.
പണത്തിന് ശാശ്വത സമാധാനം നൽകാനാവില്ല. ഇന്ന് ധനികരായിരിക്കുന്നവർ നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. ധനം അപഹരിക്കപ്പെട്ടേക്കാം. ഒരു സ്റ്റോക്ക് മാർക്കറ്റ് തകർച്ച മതിയാകും സമ്പത്തെല്ലാം അപ്രത്യക്ഷമാകാൻ. സമ്പത്ത് ക്ഷണികമാണ്, അതു നൽകുന്ന സമാധാനവും അങ്ങനെ തന്നെയായിരിക്കുമെന്ന് പാപ്പ പ്രസ്താവിച്ചു.
ലോകം വാഗ്ദാനം ചെയ്യുന്ന മറ്റൊരു സമാധാനം അധികാരത്തിന്‍റേതാണ്. അതും എപ്പോൾ വേണമെങ്കിലും ഇല്ലാതായേക്കാമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായ അട്ടിമറികളിലൂടെ എത്രയോ അധികാരികൾ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടിരിക്കുന്നു! പ്രശസ്തിയിൽ സമാധാനം തേടുന്നവരുണ്ട്. പേരും പെരുമയും സമാധാനം വാഗ്ദാനം ചെയ്താലും അതും ക്ഷണികമാണെന്നോർക്കണം. ഇന്ന് പ്രശംസാ പാത്രമാകുന്നവർ നാളെ രൂക്ഷ വിമർശനത്തിനു വിധേയരായേക്കാം, ഓശാന ഞായർ മുതൽ ദുഃഖ വെള്ളിവരെയുള്ള ദിനങ്ങളിൽ യേശുവിന് സംഭവിച്ചതുപോലെ!

അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ക്രിസ്തു വാഗ്ദാനം ചെയ്യുന്ന സമാധാനം. പരിശുദ്ധാത്മാവ് എന്ന വ്യക്തിയിലാണ് ആ സമാധാനം കുടികൊള്ളുന്നത്. ദൈവം നമുക്കു നൽകുന്ന സമ്മാനമാണത്. പരിശുദ്ധാത്മാവിലൂടെ നമുക്കു കരഗതമാകുന്ന സമാധാനം നമ്മുടെ ഹൃദയത്തിൽ നിന്ന് എടുത്തുമാറ്റാൻ ആർക്കും സാധിക്കില്ല. ഈ സമാധാനം നഷ്ടമാകാതെ നമ്മൾ സൂക്ഷിക്കണം. അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കാരണം ഈ സമാധാനം എന്‍റെ സ്വന്തമല്ല, എല്ലായ്പ്പോഴും എന്നോടൊത്തായിരിക്കുന്ന ഒരു വ്യക്തി എനിക്കു നൽകുന്ന ദാനമാണത്. ദൈവം നൽകിയ സമ്മാനം!








All the contents on this site are copyrighted ©.