2014-05-21 16:21:38

വിശുദ്ധനാട്ടിലെ ക്രൈസ്തവർക്ക് കരുത്തു പകരുന്ന സന്ദർശനം


21 മെയ് 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പായുടെ സന്ദർശനം വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് പുതിയ കരുത്ത് പകരുമെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്‍റെ ജോർദാനിലെ പാത്രിയാർക്കൽ വികാരി ആർച്ച്ബിഷപ്പ് മരോൺ ലഹാം. പാപ്പായെ സ്വീകരിക്കാൻ അവസാന വട്ട ഒരുക്കത്തിലാണ് രാജ്യമെന്ന് ചൊവ്വാഴ്ച വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പ്രസ്താവിച്ചു. 6 മണിക്കൂർ നീളുന്ന പേപ്പൽ സന്ദർശനത്തിനുവേണ്ടി 600 മണിക്കൂറിലേറെ ആസൂത്രണ സമ്മേളനങ്ങൾ നടത്തിക്കഴിഞ്ഞെന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. പേപ്പൽ പര്യടനം വൻ വിജയമാകുമെന്നും ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മതാന്തര സംവാദ രംഗത്തും സഭൈക്യത്തിനും വലിയ പ്രചോദനമാണ് മാർപാപ്പായുടെ സന്ദർശനം. ക്രൈസ്തവ – ഇസ്ലാം സംവാദം ശക്തിപ്പെടുന്നതിന്‍റെ പ്രത്യക്ഷമായ അടയാളം കൂടിയാണത്. വിശുദ്ധ നാട്ടിലെ ന്യൂനപക്ഷമായ ക്രൈസ്തവരെ സംബന്ധിച്ച് പ്രത്യാശയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കരെ വിശ്വാസത്തിൽ സ്ഥിരീകരിക്കാനും പ്രതിസന്ധികളിൽ തളരാതെ, സുധീരം വിശ്വാസസാക്ഷ്യം നൽകാനും പാപ്പായുടെ സാന്നിദ്ധ്യവും പ്രബോധനങ്ങളും അവർക്ക് പ്രോത്സാഹനം പകരുമെന്ന് ആർച്ച്ബിഷപ്പ് മരോൺ ലഹാം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.