2014-05-21 16:21:50

ബാൽക്കൺ മേഖലയ്ക്കുവേണ്ടി പാപ്പായുടെ പ്രാർത്ഥനാഭ്യർത്ഥന


21 മെയ് 2014, വത്തിക്കാൻ
പ്രളയക്കെടുതിയിൽ കഴിയുന്ന ബാൽക്കൺ മേഖലയിലെ ജനങ്ങൾക്കുവേണ്ടി മാർപാപ്പയുടെ പ്രാർത്ഥനാഭ്യർത്ഥന. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് പാപ്പ ഈ അഭ്യർത്ഥന നടത്തിയത്. ബോസ്‌നിയ – ഹെർസെഗോവിനയും, സെര്‍ബിയും, ഉൾപ്പെടുന്ന ബാൽക്കൺ മേഖലയിൽ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. തോരാതെ പെയ്യുന്ന കനത്തമഴമൂലം നദികൾ കരകവിഞ്ഞൊഴുകുകയാണ്. വീടുകളും സ്ഥാപനങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ ഇതുവരെ നാൽപതിലേറെ മരണം സ്ഥിരീകരിച്ചു. രാജ്യത്തെ ജനസംഖ്യയുടെ കാല്‍ഭാഗത്തിലേറെ പ്രളയക്കെടുതിയിലാണെന്ന് ബോസ്‌നിയ വിദേശകാര്യമന്ത്രി സ്ലാട്‌കൊ ലാഗുംസിജ വെളിപ്പെടുത്തി.

ബാൽക്കൺ മേഖലയിലെ ദുരിത ബാധിതർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അവരെ സഹായിക്കണമെന്നും ഞായറാഴ്ച ത്രികാല പ്രാർത്ഥനാ വേളയിലും ബുധനാഴ്ചയിലെ പൊതു കൂടിക്കാഴ്ച്ചാ പ്രഭാഷണത്തിനും ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചിരുന്നു.

അതിനിടെ, പ്രളയക്കെടുതി രൂക്ഷമായിരിക്കുന്ന ബാൽക്കൺ മേഖലയിൽ കത്തോലിക്കാ ഉപവി സംഘടന കാരിത്താസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ മഴ ശമിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ നടക്കുന്നുണ്ട്. പ്രളയത്തിനു പുറമേ ശക്തമായ മണ്ണിടിച്ചിലും രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധമാകുന്നുണ്ട്. ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനും, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനുമാണ് അടിയന്തര പ്രാധാന്യം നൽകുന്നതെന്ന് സെർബിയയിലെ കാരിത്താസ് നാഷണൽ കോർഡിനേറ്റർ ഡാർക്കോ തോത് പ്രസ്താവിച്ചു.







All the contents on this site are copyrighted ©.