2014-05-21 16:21:15

കർദിനാൾ ബെർഗോളിയോ അധ്യാപകർക്ക് നൽകിയ പ്രബോധനങ്ങൾ പുസ്തക രൂപത്തിൽ


21 മെയ് 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ, അർജ്ജന്‍റീനയിലെ ബുവനസ് എയിരെസ് അതിരൂപതാധ്യക്ഷനായിരിക്കുമ്പോൾ അധ്യാപനത്തെക്കുറിച്ച് നൽകിയ സന്ദേശങ്ങളും പ്രഭാഷണങ്ങളും പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. പ്രഭാഷണങ്ങൾക്കൊപ്പം കർദിനാളിന്‍റെ ലേഖനങ്ങളും രണ്ട് ഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വത്തിക്കാൻ പ്രസാധകർ (Libreria editrice vaticana, LEV) ഉൾക്കൊള്ളിച്ചിട്ടുണ്ട്.
‘പ്രത്യാശയുടെ ഭോജ്യം’ എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗത്തിൽ കർദിനാൾ ബെർഗോളിയോ നടത്തിയ ചില വചന പ്രഘോഷണങ്ങളടക്കം 13 പ്രഭാഷണങ്ങളാണുള്ളത്. ‘വിതയ്ക്കുന്നതിൽ മടുപ്പു തോന്നരുത്’ എന്ന ശീർഷകം നൽകിയിരിക്കുന്ന രണ്ടാം ഭാഗം ഒൻപത് ലേഖനങ്ങളുടെ സമാഹാരമാണ്. അതിരൂപതയിലെ മതബോധന അധ്യാപകർക്കുവേണ്ടി കർദിനാൾ പ്രസിദ്ധീകരിച്ച ഇടയലേഖനങ്ങളും ഇക്കൂട്ടത്തിൽപെടും.
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം, മക്കളുടെ വിശ്വാസ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക്, കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ, കുഞ്ഞുങ്ങളെ പ്രത്യാശയുള്ളവരായി വളർത്തുന്നതിൽ മതാധ്യാപകരുടെ പങ്ക് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പാപ്പാ ഫ്രാൻസിസിന്‍റെ കാഴ്ച്ചപ്പാടുകൾ ഗ്രഹിക്കാൻ ഈ പുസ്തകം സഹായിക്കും.







All the contents on this site are copyrighted ©.