2014-05-20 09:52:55

സിയോണ്‍ സങ്കീര്‍ത്തനങ്ങള്‍ (8)
ഇസ്രായിലിന്‍റെ ദേവാലയസ്തുതിപ്പുകള്‍


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളെപ്പറ്റിയുള്ള പഠനത്തില്‍,
കഴിഞ്ഞ പ്രക്ഷേപണത്തില്‍ രാജത്വസങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് പഠിച്ചത്-
The Royal Psalms. സാഹിത്യശൈലികളില്‍ സങ്കീര്‍ത്തനങ്ങളുടെ രണ്ടാമത്തെ ഗണമാണിത്. മൂന്നാമത്തെ ഗണത്തില്‍ ഇനി സിയോന്‍റെ സങ്കീര്‍ത്തനങ്ങള്‍ എന്ന
ഇനമാണ് നാം പഠിക്കുവാന്‍ പോകുന്നത് the Psalms of Zion.

സിയോനെക്കുറിച്ച്, സിയോന്‍ മലയെക്കുറിച്ച സങ്കീര്‍ത്തനങ്ങളില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട് (137, 3). ദൈവത്തിന്‍റെ പരിശുദ്ധ പര്‍വ്വതമായും, അവിടുന്നു തിരഞ്ഞെടുത്ത തന്‍റെ വാസസ്ഥാനമായും, ദൈവത്തിന്‍റെ പട്ടണമായും, സൈന്യങ്ങളുടെ കര്‍ത്താവായ യാവേയുടെ നഗരമായും, അത്യുന്നതന്‍റെ ഗേഹമായും സങ്കീര്‍ത്തനങ്ങള്‍ സിയോനെ സ്തുതിക്കുകയും മഹത്തത്വപ്പെടുത്തുകയും ചെയ്യുന്നു. (48, 2... 76, 2... 46, 5... 48, 2... 84, 2...). യാഹ്വേയെ സ്തുതിക്കാനും ബഹുമാനിക്കുവാനും ഇസ്രായേല്‍ ഗോത്രങ്ങള്‍ സിയോനില്‍ വന്നുകൂടുന്നു (122, 4). അങ്ങനെ സിയോന്‍ കീര്‍ത്തനങ്ങള്‍ ജനങ്ങളുടെ സ്തുതിപ്പിന്‍റെയും ഭക്തിയുടെയും വികാരങ്ങള്‍ ശക്തമായി പ്രകടമാക്കുന്നതു കാണാം (84, 2). ഇസ്രായേല്യര്‍ അല്ലാത്തവരും - അന്യദേശക്കാരും സിയോനിലെ കര്‍ത്താവിന്‍റെ ആലയത്തില്‍ അഭയം തേടുന്നതായി സങ്കീര്‍ത്തനങ്ങള്‍ വിവരിക്കുന്നുണ്ട്. കാരണം, സിയോന്‍ എല്ലാവരുടെയും അമ്മയാണെന്നും, ഏവരും സോദരത്യേന വാഴുന്ന മാതൃസ്ഥാനമാണെന്നും (87, 5) സങ്കീര്‍ത്തകന്‍ തന്‍റെ വരികളില്‍ സമര്‍ത്ഥിക്കുന്നു. ഈ തീര്‍ത്ഥത്തിരുനടയ്ക്കായി അതേ, യാഹ്വേയുടെ തിരുമുറ്റത്തിനായി സങ്കീര്‍ത്തകന്‍റെ അന്തരാത്മാവ് കൊതിക്കുന്നതായും, ദാഹിക്കുന്നതായും സങ്കീര്‍ത്തനങ്ങള്‍ വര്‍ണ്ണിക്കുന്നു.

ഇന്നത്തെ പരമ്പരയുടെ പഠനസഹായി 122-ാം സങ്കീര്‍ത്തനമാണ്. കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്കുള്ള ആരോഹണഗീതമെന്നാണ് ഈ സിയോന്‍ സങ്കീര്‍ത്തനത്തെ പണ്ഡിതന്മാര്‍ വിളിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ വര്‍ഷത്തില്‍ നടത്തുന്ന ജരൂസലേം തീര്‍ത്ഥാടനമാണ് ഇതിന്‍റെ പശ്ചാത്തലം. യാത്രയില്‍ ആലപിക്കുന്നതിനാല്‍ ഇതിനെ, ‘സിയോന്‍റെ കീര്‍ത്തന’മെന്ന് വിളിക്കുന്നു. ഇത് ഗാനാവിഷ്ക്കാരം ചെയ്തത്
ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കുപോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചൂ, ഞാന്‍ സന്തോഷിച്ചൂ.

നിത്യനായ രാജാവിന്‍റെ ഇരിപ്പിടം, ഭൗമിക രാജാവിന്‍റെ ആസ്ഥാനം എന്നീ നിലകളിലാണ് സിയോന്‍ ഇസ്രായേല്യരുടെ ജീവിതത്തില്‍, അവരുടെ രാഷ്ട്രീയവും സാംസ്ക്കാരികവും മതാത്മകവുമായ തലങ്ങളില്‍ പ്രാധാന്യം കൈവരിക്കുന്നത്. ശിലോഹില്‍നിന്നും വാഗ്ദത്തപേടകം ദാവീദു രാജാവ് സിയോന്‍ മലയിലേയ്ക്കു കൊണ്ടുവന്നതോടെയാണ് അതിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചത്. ഏശയ്യാ പ്രവാചകന്‍ സിയോന്‍ പാരമ്പര്യവും ദാവീദിന്‍റെ പാരമ്പര്യവും കണക്കിലെടുത്താണു പ്രവചിക്കുന്നത്. അതുകൊണ്ട് - യാവേ ദാവീദിനെ തിരഞ്ഞെടുത്തതും സിയോനെ തിരഞ്ഞെടുത്തതുമാണ് സിയോന്‍ കീര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാകുന്നതെന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നു.

വിശുദ്ധനഗരത്തില്‍ എത്തിച്ചേരുമ്പോഴാണ് തീര്‍ത്ഥാടകര്‍ സിയോന്‍ സങ്കീര്‍ത്തനങ്ങള്‍ പൊതുവെ ആലപിച്ചിരുന്നത് (84, 3, 122, 2). തീര്‍ത്ഥാടനത്തിനുള്ള ആഹ്വാനംപോലും സങ്കീര്‍ത്തകന്‍ സന്തോഷത്തോടെ അനുസ്മരിക്കുന്നു (122, 1). സിയോന്‍റെ തിരഞ്ഞെടുപ്പും ചിലപ്പോള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് (87, 1). സിയോന്‍ കീര്‍ത്തനങ്ങള്‍ക്ക് തീര്‍ത്ഥാടന സങ്കീര്‍ത്തനങ്ങളോടു സാമ്യമുണ്ടെങ്കിലും, അവ തീര്‍ത്തും വ്യത്യസ്തങ്ങളാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു (120-134). ഇടയിലെ ദൈവികസാന്നിദ്ധ്യത്തിലുള്ള മനുഷ്യരുടെ വിശ്വാസവും സ്നേഹവും രണ്ടു ഗണത്തിലും, അതായത് സെഹിയോന്‍റെ സങ്കീര്‍ത്തനങ്ങളില്‍ എന്നതുപോലെ തീര്‍ത്ഥാടന സങ്കീര്‍ത്തനങ്ങളിലും കാണാവുന്നതാണ്, നമുക്ക് നിരീക്ഷിക്കാവുന്നതാണ്.

ദൈവത്തിന്‍റെ പട്ടണം അജയ്യമാണെന്നും അതിന്‍റെ ശത്രുക്കളും അക്രമികളും നശിപ്പിക്കപ്പെടുമെന്നും ഇവയില്‍ പ്രസ്താവിച്ചു കാണുന്നുണ്ട് (87, 5.. 48, 6..). അതുപോലെ, വിശുദ്ധ നഗരമായ സിയോനെ ആക്രമിക്കുന്ന ശക്തികളെ യാവേ തന്നെ ഭയപ്പെടുത്തി, തുരത്തുമെന്ന് സങ്കീര്‍ത്തകന് നല്ല ബോധ്യമായിരുന്നു, വിശ്വസമായിരുന്നുവെന്ന് ഈരടികള്‍ വ്യക്തമാക്കുന്നുണ്ട് (46, 7... 76, 4...). സെഹിയോന്‍റെ കീര്‍ത്തനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങളാണ് 46, 48, 76, 84, 87, 122 എന്നീ സങ്കീര്‍ത്തനങ്ങള്‍.

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കുപോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചൂ ഞാന്‍ സന്തോഷിച്ചൂ.
V1 കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചൂ
ജരൂസലമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തില്‍ എത്തിയിരിക്കുന്നു
ഞങ്ങള്‍ എത്തിയിരിക്കുന്നു.

സിയോന്‍ മലയുടെ ചരിത്രത്തിലേയ്ക്കും ഭൂമിശാസ്ത്രത്തിലേയ്ക്കും അല്പം കടക്കുകയാണെങ്കില്‍, ജരൂസലേമിന്‍റെ തെക്കുകിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറുമലയാണ് സിയോണ്‍ എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജരൂസലേം കീഴടക്കിയ ദാവീദ് രാജാവ് സിയോനിലെ കോട്ടയും ചേര്‍ത്ത് ജെരൂസലേമിനെ ‘ദാവീദിന്‍റെ പട്ടണ’മെന്ന് പുനര്‍നാമകരണം ചെയ്തതായി ചരിത്രമുണ്ട്. യാവേയുടെ നിത്യസാന്നിദ്ധ്യമായി ഇസ്രായേല്‍ കരുതിയിരുന്ന ദൈവകല്പനകളുടെ കല്‍ഫലകങ്ങള്‍ ദാവീദ് രാജാവ് കണ്ടെത്തിയെന്നും, അത് സൂക്ഷിച്ചിരുന്ന വാഗ്ദത്തപേടകം സീയോണ്‍ മലയിലെ കോട്ടയിലാണ് സംരക്ഷിച്ചിരുന്നതെന്നും ചരിത്രം സാക്ഷൃപ്പെടുത്തുന്നു. അങ്ങനെ സിയോന്‍ മല ദാവീദിന്‍റെ കാലത്ത് ദൈവികസാന്നിദ്ധ്യത്തിന്‍റെ പ്രതീകമായി മാറി.

‘കര്‍ത്താവു സിയോനെ തിരഞ്ഞെടുത്തു, അവിടുന്ന് അതിനെ തന്‍റെ വാസസ്ഥാനമാക്കി’യെന്ന്
132-ാം സങ്കീര്‍ത്തനത്തില്‍ (13) വായിക്കുന്നു. അതിനാല്‍ സിയോന്‍ എന്നറിയപ്പെട്ടിരുന്നത് യഥാര്‍‍ത്ഥത്തില്‍ ദാവീദിന്‍റെ പട്ടണത്തെയോ മലയെയോ അല്ല, അത് കര്‍ത്താവിന്‍റെ വാസസ്ഥാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നു. ‘എന്‍റെ വിശുദ്ധ പര്‍വ്വതമായ സിയോനില്‍ ഞാന്‍ എന്‍റെ രാജാവിനെ വാഴിച്ചുവെന്ന് കര്‍ത്താവ് അരുള്‍ചെയ്യുന്നു,’ (6-ാം വാക്യം) എന്ന് 2-ാം സങ്കീര്‍ത്തനത്തിലും നമുക്കു കാണാം.

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കുപോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചൂ ഞാന്‍ സന്തോഷിച്ചൂ.
V2 ശരിയായി പണിതീര്‍ത്ത നഗരമാണു ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നു വരുന്നൂ
ഇസ്രായേലിനോടു കല്പിച്ചതുപോലെ നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നൂ
നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നൂ.


സീയോനെ കര്‍ത്താവിന്‍റെ വാസസ്ഥാനമാണ്, എന്നു പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങള്‍ അങ്ങനെ ധാരാളമായി രചിക്കപ്പെട്ടിട്ടുണ്ടെന്നു കാണാം. സിയോണില്‍ നിന്നൊഴുകിയ ശുദ്ധമായ നീരുറവയും അതിനെ നയതന്ത്രപരമായി പ്രാധാന്യമുള്ള സ്ഥാനമാക്കി മാറ്റിയെന്നും ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ദാവീദിന്‍റെ പട്ടണമായ സിയോനില്‍നിന്നുമാണ് പുതുതായി പണിതീര്‍ത്ത ജെരൂസലേം ദേവാലയത്തിലേയ്ക്ക് വാഗ്ദത്തപേടകം സോളമന്‍ രാജാവ് സംവഹിച്ച്, അവിടെ സ്ഥാപിച്ചതെന്നും തുടര്‍ന്നുള്ള ഇസ്രായേലിന്‍റെ ചരിത്രം വെളിപ്പെടുത്തുന്നു. വാഗ്ദത്തപേടകം ജരൂസലേമില്‍ സ്ഥാപിക്കപ്പെട്ടതോടെ സിയോണ്‍ മലയുടെ പ്രാധാന്യം നഷ്ടമാകുന്നു. തുടര്‍ന്ന് പേടകം കാര്‍ത്താവിന്‍റെ പാദപീഠവും, ദേവാലയം അവിടുത്തെ തിരുസാന്നിദ്ധ്യത്തിന്‍റെ നിത്യസ്മാരകമായി മാറുന്നു. അങ്ങനെയാണ് പില്‍ക്കാലത്ത് സിയോന്‍ എന്നു പറയുന്നത് ‘ജെരുസലേം’ ആണെന്ന് സ്ഥാപിക്കപ്പെട്ടത് (76, 1-2). ജേതാവായ ദൈവത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ ഇങ്ങനെ ആലപിക്കുന്നു, ‘ദൈവം യൂദായില്‍ പ്രസിദ്ധനാണ്. ഇസ്രായേലില്‍ അവിടുത്തെ നാമം മഹനീയവുമാണ്. അവിടുത്തെ നിവാസം സീയോനില്‍ സ്ഥാപിച്ചിരിക്കുന്നു’ (76, 1-2). സിയോനെ കര്‍ത്താവിന്‍റെ അഭയകേന്ദ്രമായും രക്ഷാശിലയായും സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുന്നു. ‘ദൈവമാണ് നമ്മുടെ അഭയവും ശക്തിയും, കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയുമാണ്... ദൈവത്തിന്‍റെ നഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന നദിയുമുണ്ടവിടെ. ആ നഗരത്തില്‍ ദൈവം വസിക്കുന്നു അതിന് ഇളക്കം തട്ടുകയില്ല....’ എന്ന് സങ്കീര്‍ത്തകന്‍ ഉറപ്പിച്ചു പ്രസ്താവിക്കുന്നതും സിയോനെക്കുറിച്ചും, ജനമദ്ധ്യത്തിലുള്ള കര്‍ത്താവിന്‍റെ സന്തത സാന്നിദ്ധ്യത്തെക്കുറിച്ചുമാണ് (46, 1-5).

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കുപോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചൂ ഞാന്‍ സന്തോഷിച്ചൂ.
V3 ജരൂസലേമിന്‍റെ സമാധാനത്തിനായ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
നിന്നെ സ്നേഹിക്കുന്നവര്‍ക്കെന്നും ഐശ്വര്യമുണ്ടാകും
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും
നിന്‍റെ ഗോപുരത്തില്‍ സുരക്ഷയും നിലനില്ക്കുന്നു,
സുരക്ഷയും നിലനില്ക്കുന്നു.

ഏശയാ പ്രവാചകനും സിയോനെ അമ്മയായി വര്‍ണ്ണിക്കുന്നു. ഒപ്പം പ്രവാചകന്‍ അതിനെ ദൈവജനമായും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തില്‍ വെളിപാടിന്‍റെ പുസ്തകം ഭൗമിക ജരൂസലേമിനെ വെല്ലുന്ന സ്വര്‍ഗ്ഗീയ ജരൂസലേമായിട്ടാണ് സിയോനെ പരാമര്‍ശിക്കുന്നത്.
ക്രിസ്തുവിന്‍റെയും പ്രതിരൂപമാണ് സിയോന്‍. ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പുതിയ ഉടമ്പടിയിലെ സിയോന്‍ ക്രിസ്തുതന്നെയാണ് – ‘നിങ്ങള്‍ വന്നിരിക്കുന്നത് സിയോന്‍ മലയിലേയ്ക്കും സ്വര്‍ഗ്ഗിയ ജരൂസലേമിലേയ്ക്കുമാണ്...’ എന്ന് ഹെബ്രായരുടെ ലേഖന കര്‍ത്താവ് സ്ഥാപിക്കുന്നു (12, 22).. ‘ദൈവത്തിന്‍റെ വിശുദ്ധ നഗരമേ... നിന്നെക്കുറിച്ചെത്ര മഹത്തായ കാര്യങ്ങള്‍ അരുള്‍ചെയ്യപ്പെട്ടിരിക്കുന്നു,’ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രൂപങ്ങളിലും ഭാവങ്ങളിലും ‘ദൈവത്തിന്‍റെ നഗര’മാണ് സിയോന്‍, the City of God (സങ്കീ. 87, 3) എന്ന് സ്ഥാപിച്ചുകൊണ്ട് സിയോന്‍ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള ഈ ഭാഗം നമുക്ക് ഉപസംഹരിക്കാം.

Psalm 122
കര്‍ത്താവിന്‍റെ ആലയത്തില്‍ നമുക്കുപോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷിച്ചൂ ഞാന്‍ സന്തോഷിച്ചൂ.
കര്‍ത്താവിന്‍റെ ആലയത്തിലേയ്ക്ക് നമുക്കു പോകാം
എന്നവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചൂ
ജരൂസലമേ, ഇതാ ഞങ്ങള്‍ നിന്‍റെ കവാടത്തില്‍ എത്തിയിരിക്കുന്നു
ഞങ്ങള്‍ എത്തിയിരിക്കുന്നു.

ശരിയായി പണിതീര്‍ത്ത നഗരമാണു ജരൂസലേം
അതിലേയ്ക്ക് കര്‍ത്താവിന്‍റെ ഗോത്രങ്ങള്‍ കടന്നു വരുന്നൂ

ഇസ്രായേലിനോടു കല്പിച്ചതുപോലെ നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നൂ
നന്ദിയര്‍പ്പിക്കാന്‍ അവര്‍ വരുന്നൂ.

ജരൂസലേമിന്‍റെ സമാധാനത്തിനായ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍
നിന്നെ സ്നേഹിക്കുന്നവര്‍ക്കെന്നും ഐശ്ര്യമുണ്ടാകും
നിന്‍റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും
നിന്‍റെ ഗോപുരത്തില്‍ സുരക്ഷയും നിലനില്ക്കുന്നു,
സുരക്ഷയും നിലനില്ക്കുന്നു.







All the contents on this site are copyrighted ©.