2014-05-20 17:42:08

വിഭാഗീയതയ്ക്ക് ന്യായീകരണമില്ലെന്ന് മാർപാപ്പ


20 മെയ് 2014, വത്തിക്കാൻ
അനൈക്യം ഗുരുതരമായ ഇടർച്ചയാണ്, അത് ക്രിസ്തുവിന്‍റെ മുഖം വികൃതമാക്കുകയും സഭയെ നശിപ്പിക്കുകയും ചെയ്യുന്ന പാഷണ്ഡതയാണെന്ന് മാർപാപ്പ. ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പൊതു സമ്മേളനത്തിന്‍റെ ഉത്ഘാടന യോഗത്തിലാണ് പാപ്പ ഈ പ്രസ്താവന നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലായിരുന്നു ഇറ്റാലിയൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ 66ാമത് സമ്മേളനത്തിന്‍റെ ഉത്ഘാടനം.
സഭാ ജീവിതത്തിൽ ഐക്യവും കൂട്ടായ്മയും പരമപ്രധാനമാണെന്ന് പാപ്പ ഉത്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അനൈക്യത്തിലേക്കും വിഭാഗീയതയിലേക്കും നയിക്കുന്ന പ്രലോഭനങ്ങളെ അജപാലകർ ചെറുത്തുനിൽക്കണം. വ്യക്തി താൽപര്യങ്ങളേക്കാൾ സഭാസമൂഹത്തിന്‍റെ ക്ഷേമത്തിനായിരിക്കണം മുൻതൂക്കം. ലളിത ജീവിതം, നിർമമത, ദരിദ്രസ്നേഹം, കാരുണ്യം എന്നീ പുണ്യങ്ങൾ വൈദികരിൽ തെളിഞ്ഞു നിൽക്കണം. ജീവൻ പവിത്രമായി കരുതുകയും കുടുംബങ്ങളെ ആദരിക്കുകയും ചെയ്യുന്ന, സുവിശേഷാധിഷ്ഠിതമായ നവീന മാനവികത സമൂഹത്തിൽ വളർത്തിയെടുക്കാൻ പരിശ്രമിക്കണമെന്നും മാർപാപ്പ അജപാലകരെ ആഹ്വാനം ചെയ്തു.







All the contents on this site are copyrighted ©.