2014-05-20 17:41:20

ഉരുക്കു നിർമ്മാണ തൊഴിലാളികളുടെ കൂപ്പുകൈ


20 മെയ് 2014,വത്തിക്കാൻ
നന്ദിയുടെ പൂച്ചെണ്ടുകളുമായി ഉരുക്കു നിർമ്മാണ തൊഴിലാളികൾ മാർപാപ്പയുടെ പക്കലെത്തുന്നു. ഇറ്റലിയിലെ ടോസ്കാനാ പ്രവിശ്യയിലെ ലൂക്കീനി ഉരുക്കു വ്യവസായ ശാലയിലെ തൊഴിലാളികളാണ് മാരിത്തിമ – പ്യോംബിനോ രൂപതാധ്യക്ഷൻ ബിഷപ്പ് കാർലോ ച്യാത്തിനിയുടേയും നഗരസഭാധ്യക്ഷന്‍റേയും നേതൃത്വത്തിൽ പാപ്പായെ സന്ദർശിക്കാനെത്തുന്നത്. ബുധനാഴ്ച്ചയിലെ പൊതു കൂടിക്കാഴ്ച്ചയ്ക്കു ശേഷം പാപ്പ തൊഴിലാളികളുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഉരുക്കു നിർമ്മാണ ശാലയിലെ തൊഴിലാളികൾ ഏപ്രിൽ 23ന് ഒരു വീഡിയോ സന്ദേശം മുഖേനയാണ് മാർപാപ്പയുമായി ആദ്യം ബന്ധപ്പെടുന്നത്. അടച്ചുപൂട്ടുന്ന കമ്പനിക്കു സമീപം ഭയാശങ്കയോടെ നിസഹായരായി നിൽക്കുന്ന തൊഴിലാളികളുടെ വീഡിയോ അവർ പാപ്പായ്ക്ക് അയച്ചു കൊടുത്തു. വീഡിയോ കണ്ട് ദുഃഖിതനായ പാപ്പ അവരെ സമാശ്വസിപ്പിക്കുകയും, അധികാരികൾ നിസംഗത വെടിഞ്ഞ്, അവരെ സഹായിക്കണമെന്ന് പരസ്യമായി അഭ്യർത്ഥിക്കുകയും ചെയ്തു. പാപ്പായുടെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര, പ്രാദേശിക ഭരണകൂടങ്ങൾ അന്തർദേശീയ ഉരുക്കു നിർമ്മാണ ശാലയായി മാറ്റിക്കൊണ്ട് കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.







All the contents on this site are copyrighted ©.