2014-05-19 17:07:42

സമാധാന ദൂതനെ വരവേൽക്കാനൊരുങ്ങുന്ന ജോർദാൻ


19 മെയ് 2014, അമ്മാൻ
സമാധാന ദൂതനായെത്തുന്ന ഫ്രാൻസിസ് പാപ്പായെ എതിരേൽക്കാൻ അവസാനവട്ട ഒരുക്കത്തിലാണ് ജോർദാൻ. മെയ് 24ന് പാപ്പായുടെ വിശുദ്ധനാട് സന്ദർശനം ആരംഭിക്കുന്നത് ജോർദാനിൽ നിന്നാണ്. ജോർദാൻ ജനത ഒന്നടങ്കം സമാദരണീയനായ
വിശിഷ്ടാതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന് ജോർദാനിലെ കത്തോലിക്കാ സഭയുടെ വക്താവ് ഫാ.റിഫാത് ബാദെർ വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. അബ്ദുള്ള രണ്ടാമൻ രാജാവിന്‍റെ ക്ഷണം സ്വീകരിച്ച് ജോർദാനിലെത്തുന്ന മാർപാപ്പ രാഷ്ട്രത്തിന്‍റെ ഔദ്യോഗിക അതിഥിയാണ്. മാർപാപ്പയും അബ്ദുള്ള രാജാവും ഒരുമിച്ചു നിൽക്കുന്ന ചിത്രങ്ങളും, തോരണങ്ങളും എല്ലായിടത്തും ദൃശ്യമാണെന്നും സമാധാനത്തിന്‍റേയും സൗഹൃദത്തിന്‍റേയും ആശംസാ സന്ദേശങ്ങളും തെരുവുകളിൽ നിറഞ്ഞു കഴിഞ്ഞെന്നും ഫാ.ബാദെർ അറിയിച്ചു.

മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ മെയ് 24ന് (ശനിയാഴ്ച) അമ്മാൻ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബ്ബാനയാണ്, പേപ്പൽ പര്യടനത്തിന്‍റെ ഭാഗമായി ജോർദാനിൽ നടക്കുന്ന മുഖ്യ പരിപാടികളിലൊന്ന്. രണ്ടായിരമാണ്ടിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും 2009ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായും ഇതേ വേദിയിൽ പരിശുദ്ധ കുർബ്ബാന അർപ്പിച്ചിട്ടുണ്ട്. ഇത്തവണ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന
ദിവ്യബലിയിൽ 1400 കുട്ടികൾ ആദ്യകുർബ്ബാന സ്വീകരിക്കും.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. ഇതിനകം എഴുപതിനായിരത്തിലേറെ പ്രവേശന പാസുകൾ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഫാ.ബാദെർ അറിയിച്ചു.
പരിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ജോർദാനിലെ അഭയാർത്ഥി സമൂഹവുമായി മാർപാപ്പ പ്രത്യേക കൂടിക്കാഴ്ച്ച നടത്തും. അഭയാർത്ഥികൾക്കു പുറമേ, രോഗികളും വികലാംഗരും ശനിയാഴ്ച സന്ധ്യക്ക് നടക്കുന്ന ഈ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഫാ.ബാദെർ വ്യക്തമാക്കി.







All the contents on this site are copyrighted ©.