2014-05-19 18:55:32

സത്യസന്ധമായ കൂട്ടായ്മ
പ്രതിസന്ധികളെ അതിജീവിക്കും


19 മെയ് 2014, വത്തിക്കാന്‍
1. പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം:
ആദിമ ക്രൈസ്തവസമൂഹത്തില്‍ സംഘര്‍ഷങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നുവെന്ന് അപ്പസ്തോല നടപടി പുസ്തകം വെളിപ്പെടുത്തുന്നു (നടപടി അദ്ധ്യായം 6). ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്, എന്നാല്‍ അവയെ നേരിടുവാനും മറികടക്കുവാനും സാധിക്കുന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഒരു സ്വഭാവവും ശൈലിയും സംസ്ക്കാരവുമുള്ള യഹൂദ സമൂഹത്തിന്‍റെ അടിസ്ഥാന കൂട്ടായ്മയായിരുന്നു ആദിമക്രൈസ്തവ സമൂഹം ആരംഭത്തില്‍. എന്നാല്‍ ‘സകലരോടും സുവിശേഷം അറിയിക്കുവിന്‍,’ എന്ന ക്രിസ്തുവിന്‍റെ ഹിതപ്രകാരം സഭയിലേയ്ക്ക് ഗ്രീക്കുകാരും മറ്റു വംശജരും കടന്നുവന്നപ്പോള്‍ ഈ ഏകതാനത നഷ്ടമാവുകയും പ്രതിസന്ധികള്‍ വളരുകയും ചെയ്തു. അവിടെ അസംതൃപ്തിയും പരാതികളും പക്ഷപാതവും വിവേചനവും വളര്‍ന്നുവന്നു. ഇതുതന്നെയാണ് നമ്മുടെ സമൂഹങ്ങളിലും ഇടവകകളിലും സംഭവിക്കുന്നത്. നാം സഹായിക്കുന്ന വിധവകളും അനാഥരും പാവങ്ങളും സാധാരണഗതിയില്‍ നമ്മുടെ കൂട്ടായ്മയില്‍ പെട്ടവര്‍ മാത്രമാണ്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല.

ആദിമസഭയില്‍ ഉയര്‍ന്ന പ്രതിസന്ധികള്‍ക്ക് അപ്പസ്തോലന്മാരാണ് പ്രതിവിധി തേടിയത്. അന്തഃച്ഛിദ്രത്തിന് പരിഹാരം കണ്ടെത്താന്‍ ക്രിസ്തുശിഷ്യന്മാരുടെ സമ്മേളനം വിളിച്ചുകൂട്ടി എല്ലാവരോടും ആലോചിച്ചു. പ്രശ്നങ്ങള്‍ നിലനില്ക്കെ ഒന്നുമില്ലെന്ന് നടിക്കുന്നത് പ്രതിവിധിയല്ല, അതു ശരിയുമല്ല!
അജപാലന ശുശ്രൂഷകരും വിശ്വാസികളും തമ്മിലുള്ള നിശിതമായ താരതമ്യപ്പെടുത്തലും വേര്‍തിരിക്കലുമാണ് പ്രശ്നങ്ങള്‍ക്ക് പ്രഥമതഃ പ്രായോഗിക പരിഹാരമായത്. ഉത്തരവാദിത്വങ്ങളുടെ പങ്കുവയ്ക്കലാണത്. എല്ലാവര്‍ക്കും സ്വീകാര്യമായ നിര്‍ദ്ദേശമാണ് അപ്പസ്തോലന്മാര്‍ മുന്നോട്ടുവച്ചത്. വചനശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി തങ്ങളെത്തന്നെ സ്വയം മാറ്റിവയ്ക്കുമ്പോള്‍, ഡീക്കാന്മാരായി നിയുക്തരായ ഏഴുപേര്‍ പാവങ്ങളുടെ ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ ഭരണകാര്യങ്ങളില്‍ സമര്‍ത്ഥരോ പ്രഗത്ഭ്യമുള്ളവരോ ആയിരുന്നതുകൊണ്ടല്ല, മറിച്ച് സത്യസന്ധരും, ആത്മാര്‍ത്ഥതയുള്ളവരും, അറിവും അരൂപിയുമുള്ളവരും ആയിരുന്നതിനാലാണ്. അപ്പസ്തോലന്മാര്‍ അവരെ കൈവയ്പ് ശുശ്രൂഷയിലൂടെയാണ് സമുഹത്തിന്‍റെ സേവനത്തിലേയ്ക്ക് ഉയര്‍ത്തിയത്. ഇങ്ങനെയാണ് ആദിമ ക്രൈസ്തവ സമൂഹം അസംതൃപ്തിയുടെയും, പിറുപിറുക്കലിന്‍റെയും പക്ഷപാതത്തിന്‍റെയും ചുറ്റുപാടുകളില്‍നിന്നും മോചനം നേടിയത്.

അങ്ങനെ സഭയുടെ കൂട്ടായ്മ വളര്‍ത്താന്‍ പ്രതിസന്ധികളെ നേരിടുകയും, പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും,
നല്ല നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് മനസ്സിലാക്കാം. പിറുപിറുക്കലും, അസൂയയും, അഹങ്കാരവും ഒരിക്കലും കൂട്ടായ്മയിലേയ്ക്കോ, സമാധാനത്തിന്‍റെ അന്തീക്ഷത്തിലേയ്ക്കോ നമ്മെ നയിക്കുകയില്ല. ആദിമസഭയുടെ കൂട്ടായ്മയെ നയിച്ചത് പരിശുദ്ധാത്മാവാണ്. അരൂപിയുടെ കൃപയാണ് നമ്മെയും ഐക്യത്തിലേയ്ക്കും സാഹോദര്യത്തിലേയ്ക്കും; വൈവിധ്യമാര്‍ന്ന കഴിവുകളുള്ള വ്യക്തികളെ അംഗീകരിക്കുന്നതിനും, അവരോടൊത്ത് ജീവിക്കുന്നതിന് നമ്മെ സഹായിക്കേണ്ടത്. അസൂയയും വിദ്വേഷവും കലഹവുമില്ലാത്ത അവസ്ഥ അത്ര എളുപ്പുമല്ലെന്നും മനസ്സിലാക്കുക.

ഈ ലോകത്തിന്‍റേതായ പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിന് ആത്മാവിന്‍റെ നിറവ് നമുക്ക് ആവശ്യമാണ്. വ്യക്തിപരവും സ്വകാര്യവുമായ ആവശ്യങ്ങളില്‍പ്പോലും വിവേചനത്തിന്‍റെ കൃത്യത തരുന്നത് പരിശുദ്ധാത്മവാണ്. അങ്ങനെ ശുശ്രൂഷയില്‍ പ്രവേശിക്കുന്നവര്‍ പ്രാര്‍ത്ഥനയും വിശ്വാസവും ഉള്ളവരായിരിക്കണം. പാവങ്ങളോടുളള പ്രതിപത്തി വളര്‍ത്തുന്ന ഘടകമാണ് വിശ്വാസം. ഒപ്പം പ്രാര്‍ത്ഥനയും ശുശ്രൂഷയെ ബലപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യും.

പരിശുദ്ധാത്മാവിനോട് വിധേയത്വമുള്ളവരായി വളരാന്‍ സഹായിക്കണമേ, എന്ന് അപ്പസ്തോല കൂട്ടായ്മയ്ക്ക് ആദ്യന്ത്യം തുണയായിരുന്ന കന്യകാ നാഥയോട് പ്രാര്‍ത്ഥിക്കാം. കാരണം പരസ്പരം ആദരിച്ചും സ്നേഹിച്ചും, വിശ്വാസത്തിലും ഉപവിയിലും ഒന്നാകുവാനും, അന്വോന്യം സഹായിച്ചു ജീവിക്കുവാനും, മറ്റുള്ളവരെ വിശിഷ്യാ പാവങ്ങളെയും അനാഥരെയും ഉള്‍ക്കൊള്ളുവാനും കൃപതരണമേ, എന്നും നമുക്കു പ്രാര്‍ത്ഥിക്കാം.

വിശ്വാസികള്‍ക്കൊപ്പം, തുടര്‍ന്ന് ‘സ്വര്‍ല്ലോക രാജ്ഞിയേ ആനന്ദിച്ചാലും...’ എന്ന പെസഹാക്കാലത്തെ ത്രികാലപ്രാര്‍ത്ഥന പാപ്പാ ചൊല്ലി. ആബാലവൃന്ദം ജനങ്ങള്‍ പ്രാര്‍ത്ഥനാജപങ്ങള്‍ ഭക്തിപുരസ്സരം പാപ്പായ്ക്കൊപ്പം ഏറ്റുചൊല്ലി. തുടര്‍ന്ന്, സേര്‍ബിയ, ബോസ്നിയ എന്നീ ബാള്‍ക്കന്‍ പ്രവിശ്യകളില്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. കെടുതിയില്‍ മരണമടഞ്ഞവരെ കര്‍ത്താവിന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുകയും, ദുരന്തത്തില്‍പ്പെട്ട് ഇനിയും വേദനിക്കുന്നവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനനിറഞ്ഞ സാന്ത്വനസാമീപ്യം പാപ്പാ ഉറപ്പുനല്കുകയും ചെയ്തു.

2. ആശംസകളും അഭ്യര്‍ത്ഥനകളും :
മെയ് 17-ാം തിയതി ശനിയാഴ്ച റൊമേനിയായില്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ധീരനായ അജപാലകനും രക്തസാക്ഷിയുമായ ആന്‍റണ്‍ ദുര്‍ക്കോവിച്ചിനെ പാപ്പാ പ്രഭാഷണമദ്ധ്യേ പ്രത്യേകം അനുസ്മരിക്കുകയും, അവിടത്തെ വിശ്വാസസമൂഹത്തോടു ചേര്‍ന്ന് ബുക്കാറെസിലെ മെത്രാനായിരുന്ന
ഈ പുണ്യാത്മാവിന്‍റെ ജീവസമര്‍പ്പണത്തിന് ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം റൊമേനിയില്‍ ഉയര്‍ന്ന കമ്യൂണിസ്റ്റ് പീഡനകാലത്താണ് ബിഷപ്പ് ദുര്‍ക്കോവിച്ച് രക്തസാക്ഷിത്വംവരിച്ചത്.

റോമിന്‍റെയും ഇറ്റലിയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്കു മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനിലെത്തിയ സന്ദര്‍ശകര്‍ക്കും പ്രാര്‍ത്ഥനകള്‍ നേര്‍ന്നുകൊണ്ടും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന പ്രാഭാഷണം ഉപസംഹരിച്ചത്.

വത്തിക്കാന്‍റെ സുരക്ഷാവിഭാഗത്തിന്‍റെ കണക്കുകള്‍പ്രകാരം അന്‍പതിനായിരത്തിലേറെ തീര്‍ത്ഥാടകരാണ്
മെയ് 18-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചത്.








All the contents on this site are copyrighted ©.