2014-05-19 17:08:30

വിശ്വാസ സാക്ഷ്യത്തിന്‍റെ സാമൂഹ്യ മാനത്തെക്കുറിച്ച് മാർപാപ്പ


19 മെയ് 2014, വത്തിക്കാൻ
വിശ്വാസ സാക്ഷ്യത്തിന്‍റെ സാമൂഹ്യ മാനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ മെക്സിക്കൻ കത്തോലിക്കരെ ഓർമ്മിപ്പിക്കുന്നു. ആദ് ലിമിന സന്ദർശനത്തിനെത്തിയ മെക്സിക്കൻ മെത്രാൻമാർക്ക് നൽകിയ സന്ദേശത്തിലാണ് വിശ്വാസം സാമൂഹ്യ ജീവിതത്തിന്‍റെ ചാലക ശക്തിയായി മാറേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. സമാഗമ സംസ്ക്കാരത്തിലൂടെ സമൂഹത്തിൽ അനുരജ്ഞനവും സമാധാനവും വളർത്തിക്കൊണ്ടുവരണമെന്ന് മെക്സിക്കോയിലെ സഭാ നേതൃത്വത്തോട് പാപ്പ ആവശ്യപ്പെട്ടു. അതേസമയം, സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ അജപാലന ശുശ്രൂഷയ്ക്ക് അതീതമായ സാങ്കേതിക പരിഹാരങ്ങളോ, രാഷ്ട്രീയ മാർഗങ്ങളോ അജപാലകർ സ്വീകരിക്കേണ്ടതില്ലെന്നും പാപ്പ വ്യക്തമാക്കി. ജനത്തോട് ചേർന്നു നിൽക്കുകയും അവരുടെ ആവശ്യങ്ങളിൽ സഹായിക്കുകയും ചെയ്യുന്ന അജപാലകർ, സുവിശേഷ മൂല്യങ്ങളിൽ അടിയുറച്ച പരിഹാര മാർഗങ്ങളാണ് തേടേണ്ടത്. സാമൂഹ്യ ജീവിതത്തിൽ അൽമായ വിശ്വാസികൾക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ ദൈവോന്മുഖമായ ഒരു സാമൂഹ്യക്രമത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് അവരെ ആഹ്വാനം ചെയ്തു.
യുവജന പരിശീലനം, ഇടവകയിലെ അജപാലന ശുശ്രൂഷ, കുടുംബ പ്രേഷിതത്വം, അജപാലന ശുശ്രൂഷയിൽ സന്ന്യസ്തരുമായുള്ള സഹവർത്തിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും മാർപാപ്പ തന്‍റെ സന്ദേശത്തിൽ വിശദീകരിച്ചു. മെക്സിക്കൻ ജനതയോട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ച പാപ്പ അവർക്ക് തന്‍റെ ശ്ലൈഹീകാശീർവാദവും നൽകി.







All the contents on this site are copyrighted ©.