2014-05-15 20:18:44

നവമാനവികതയ്ക്ക്
വഴിതെളിച്ച സൂനഹദോസ്


15 മെയ് 2014, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നവമായ മാനവികതയ്ക്ക് വഴിതെളിച്ചുവെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍ ഗില്‍സ് റൂത്തിയെര്‍ പ്രസ്താവിച്ചു.

മെയ് 14-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രം ഒസര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിച്ച ‘ദൈവശാസ്ത്രവും സാമൂഹ്യ ശാസ്ത്രങ്ങളും’ എന്ന പ്രബന്ധത്തിലാണ് 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സൂനഹദോസ് എപ്രകാരം സഭയെയും ആധുനിക ലോകത്തെയും നവമായ ചിന്താധാരകളാല്‍ കൂട്ടിയിണക്കി മാനവികതയെ പുതുസംസ്ക്കാരത്തിലേയ്ക്ക് ഉയര്‍ത്തിയെന്ന് റൂത്തിയര്‍ ചൂണ്ടിക്കാണിച്ചത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആരംഭത്തില്‍ത്തന്നെ ദൈവശാസ്ത്രപരമായ ചിന്തകളെ ആനുകാലിക സാമൂഹ്യ ശാസ്ത്രത്തിന്‍റെ ചിന്താധാരകളുമായി സമന്വയിപ്പിക്കാന്‍ സന്നദ്ധമായതാണ് നവമായൊരു മാനവികതയ്ക്ക് വഴികാട്ടിയായതെന്ന് റൂത്തിയര്‍ പ്രസ്താവനയില്‍ വിശദീകരിച്ചു.

ചരിത്രത്തില്‍ മനുഷ്യവ്യക്തി തന്‍റെതന്നെ വളര്‍ച്ചയില്‍ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയും നേട്ടങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന വസ്തുതയായിരിക്കണം വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പായെയും, തുടര്‍ന്ന് പോള്‍ ആറാമന്‍ പാപ്പായെയും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സഭാനവീകരണ പദ്ധതിയില്‍ ദൈവശാസ്ത്രപരമായി ചിന്താധാരകളെ ആധുനിക ശാസ്ത്രത്തിന്‍റെയും ചിന്താധാരകളുടെയും വെളിച്ചത്തില്‍ ആഴപ്പെടുത്തുവാനും ബലപ്പെടുത്തുവാനും തുറവികാണിച്ചതെന്ന് റൂത്തിയര്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി.

വിശ്വാസത്തിന്‍റെ പ്രാമാണിക സത്യങ്ങളെ കാലികമായ സാമൂഹ്യജീവിത ക്രമങ്ങളുമായി ബന്ധപ്പെടുത്തുവാനും പ്രസക്തമാക്കുവാനും ആധുനിക ശാസ്ത്രങ്ങളുടെയും ചിന്താധാരകളുടെയും വെളിച്ചത്തില്‍ പുനരവലോകനം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സഭാപിതാക്കന്മാര്‍ക്കു ലഭിച്ച ബോധ്യമായിരുന്നു സൂനിഹദോസിന്‍റെ വിജയമെന്നും റൂത്തിയര്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.