2014-05-13 17:15:18

മതനേതാക്കൾ സമാധാനത്തിന്‍റെ വക്താക്കളായിരിക്കണമെന്ന് കർദിനാൾ തൗറാൻ


13 മെയ് 2014, ജോർദാൻ
സമാധാനം വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടവരാണ് മതനേതാക്കളെന്ന് മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ ജീൻ ലൂയി തൗറാൻ. അമ്മാനിലെ പെത്ര സർവ്വകലാശാലയിൽ നടന്ന അന്താരാഷ്ട്ര പഠന ശിബിരത്തിൽ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ നാട് സന്ദർശനത്തിനു മുന്നോടിയായി, ജോർദാനിലെ ഇറ്റാലിയൻ എംബസിയും, മതാന്തര പഠനത്തിനായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ടും, യൂറോപ്യൻ യൂണിയന്‍റെ പ്രതിനിധികളും സംയുക്തമായാണ് അന്താരാഷ്ട്ര പഠന ശിബിരം സംഘടിപ്പിച്ചത്.

സമാധാന സ്ഥാപനത്തിൽ മതങ്ങൾക്കുള്ള നിർണ്ണായക സ്ഥാനമുണ്ടെന്ന് കർദിനാൾ തൗറാൻ സമർത്ഥിച്ചു. മനുഷ്യാന്തസ് ആദരിക്കാനും മനുഷ്യർക്കിടയിൽ ഐക്യവും കൂട്ടായ്മയും വളർത്താനും പഠിപ്പിക്കുന്ന മതങ്ങൾ സമാധാന സ്ഥാപനത്തിന് വലിയ മുതൽക്കൂട്ടാണ്. അക്രമവും സംഘർഷവും തടയാൻ മതനേതാക്കൾ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും തദവസരത്തിൽ കർദിനാൾ വിശദീകരിച്ചു.







All the contents on this site are copyrighted ©.