2014-05-13 17:15:34

ബന്ധികളാക്കിയ പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ ബൊക്കോ ഹറാം പുറത്ത് വിട്ടു


13 മെയ് 2014, അബൂജ
നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയ മുന്നൂറോളം പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത നീളന്‍കുപ്പായം അണിഞ്ഞ കുട്ടികള്‍ കൂട്ടംകൂടി ഇരുന്ന് ഖുറാൻ ചൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ബന്ധികളാക്കപ്പെട്ട പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും തടവില്‍ കഴിയുന്ന ഭീകരരെ മോചിപ്പിക്കാതെ പെണ്‍കുട്ടികളെ വിട്ടയയ്ക്കില്ലെന്നും ബൊക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

അതേസമയം, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര ഏജന്‍സികളുടേയും സൈന്യത്തിന്‍റേയും സഹായത്തോടെ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുകയാണ് നൈജീരിയൻ സർക്കാർ.

നൈജീരിയയിലെ വടക്കുകിഴക്കന്‍ ഗ്രാമങ്ങളിലെ സ്‌കൂളില്‍നിന്ന് ഒരുമാസത്തിനിടെ മുന്നൂറോളം പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മുസ്ലിംപെണ്‍കുട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ടെങ്കിലും ക്രൈസ്തവരായിരുന്നു ഭൂരിഭാഗവും.

കുട്ടികളുടെ മോചനത്തിനുവേണ്ടി ലോകമെങ്ങും പ്രാർത്ഥനകൾ ഉയരുന്നുണ്ട്. തട്ടിക്കൊണ്ടു പോയ പെൺകുട്ടികൾ ഉടനടി മോചിക്കപ്പെടുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിസ് പാപ്പായും ട്വീറ്ററിലൂടെ ലോകത്തോട് അഭ്യർത്ഥിച്ചിരുന്നു.







All the contents on this site are copyrighted ©.