2014-05-13 17:16:45

പരിശുദ്ധാത്മാവിനെ പ്രതിരോധിക്കരുതെന്ന് മാർപാപ്പ


13 മെയ് 2014, വത്തിക്കാൻ
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടണമെന്നും, പരിശുദ്ധാത്മാവിനെ പ്രതിരോധിക്കരുതെന്നും ഫ്രാൻസിസ് പാപ്പാ ഉത്ബോധിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ
പേപ്പൽ വസതിയായ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. പരിശുദ്ധാത്മാവിന്‍റെ ഫലങ്ങൾ സഭയിലും നമ്മുടെ ജീവിതത്തിലും ദൃശ്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിൽ നല്ല ചിന്തകൾ ഉണർത്തുകയും നന്മയുടെ പാതയിലൂടെ നമ്മെ നയിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വം ക്രിസ്തു ശിഷ്യർക്ക് അനിവാര്യമാണ്. കഠിന ഹൃദയരാകാതെ, പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങൾക്ക് കീഴ്വഴങ്ങി ജീവിക്കേണ്ടവരാണ് സഭാംഗങ്ങളെന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു.
വിശ്വാസം ഒരു ദൈവിക ദാനമാണ്. ദൈവജനത്തോട് ചേർന്നു നിൽക്കുമ്പോഴാണ് ഈ ദാനം കരഗതമാകുന്നത്. അതിനാൽ ആരേയും സഭയിൽ നിന്ന് അകറ്റി നിറുത്തരുതെന്നും, സഭയുടെ കവാടം എല്ലാവർക്കുമായി തുറന്നു നൽകണമെന്നും പാപ്പ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.