2014-05-13 09:30:02

ദൈവത്തെ രാജാവായി പ്രഘോഷിക്കുന്ന
രാജത്വസങ്കീര്‍ത്തനങ്ങള്‍ (7)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളെപ്പറ്റി, സാഹിത്യശൈലിയെക്കുറിച്ചാണല്ലോ കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം മനസ്സിലാക്കിയത്. ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങളെയും സാഹിത്യശൈലിയുടെ അടിസ്ഥാനത്തില്‍ 14 ഗണങ്ങളായിട്ട് പണ്ഡിതന്മാര്‍ തിരിച്ചിരിക്കുന്നു. അതില്‍ അദ്യത്തെ ഗണമായ ‘സ്തുതിപ്പുകള്‍’ അല്ലെങ്കില്‍
Psalms of Praises എന്താണെന്ന് കഴിഞ്ഞ പരമ്പരയില്‍ കണ്ടുകഴിഞ്ഞു.
ഇന്ന് രണ്ടാം ഗണമായ രാജത്വസങ്കീര്‍ത്തനങ്ങളെക്കുറിച്ചാണ് നാം പഠിക്കാന്‍പോകുന്നത് The Royal Psalms. യാവേയുടെ രാജത്വത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍ എന്നും അവയെ വിശേഷിപ്പിക്കാം.

ദൈവത്തെ അല്ലെങ്കില്‍ യാവേയെ രാജാവായി പ്രകീര്‍ത്തിക്കുന്ന സാഹിത്യ പ്രയോഗങ്ങളുള്ള സങ്കീര്‍ത്തനങ്ങളെയാണ് രാജത്വ സങ്കീര്‍ത്തനങ്ങള്‍
The Royal Psalms എന്നു പറയുന്നത്. സിംഹാസനാരോഹണ സങ്കീര്‍ത്തനങ്ങള്‍ എന്നും ഹെബ്രായ ശൈലിയില്‍ അവയെ വിളിക്കാറുണ്ട്.

രാജത്വ സങ്കീര്‍ത്തനങ്ങളുടെ പഠനത്തിന് നാം ഇന്ന് ഉപയോഗിക്കുന്നത്
‘എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...’ എന്നു പ്രകീര്‍ത്തിക്കുന്ന
72-ാം സങ്കീര്‍ത്തനമാണ്. ഈ സങ്കീര്‍ത്തനത്തിന്‍റെ സംഗീതാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. പ്രഭണിതം താളാത്മകമായും പദങ്ങള്‍ അല്ലെങ്കില്‍ verses വൃതുത്ത്വമായും, വിരുത്തമായും ആലപിക്കുന്ന പരമ്പരാഗത ഹെബ്രായ സങ്കീര്‍ത്തനാലാപന ശൈലിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ ആലാപന ശൈലിയുടെ ഘടനയാണ് ഗ്രിഗോരിയന്‍, പശ്ചാത്യ സംങ്കീര്‍ത്തനാലാപന പാരമ്പര്യങ്ങളും ഉപയോഗിച്ചു കാണുന്നുണ്ട്. സങ്കീര്‍ത്തനങ്ങളുടെ സാഹിത്യശൈലിയും പ്രത്യേക ഘടനയും ആലാപനരീതിയുമാണ് അവയെ മറ്റു ഗാനങ്ങളില്‍നിന്നും വേറിട്ടു നിറുത്തുന്നത് എന്നും നാം മനസ്സിലാക്കേണ്ടതാണ്.

Psalm 72 verse 1

എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...
ദൈവമേ, രാജാവിനങ്ങേ നീതിബോധവും
രാജകുമാരനു അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ
അവന്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ.
സകല ജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

രാജകീയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചാണല്ലോ നാം ചര്‍ച്ചചെയ്യുന്നത്. സിംഹാസനാരൂഢനായി രാജകീയാധികാരം പ്രയോഗിക്കുന്ന യാഹ്വോയെ
ഈ സങ്കീര്‍ത്തനങ്ങള്‍ രാജാവായി അഭിവാദ്യംചെയ്യുന്നു. സങ്കീര്‍ത്തനം 72 രാജാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന, സങ്കീര്‍ത്തനം 24 മഹത്വത്തിന്‍റെ രാജാവ് എഴുന്നള്ളുന്നു, സങ്കീര്‍ത്തനം 47 ദൈവത്തെ ജനതകളുടെ രാജാവായി ചിത്രീകരിക്കുന്നു. 93 കര്‍ത്താവ് എന്നു വാഴുന്നു, അവിടുന്നു ഭൂമിയെയും തന്‍റെ ജനത്തെയും ഭരിക്കുന്നു... എന്ന പ്രയോഗങ്ങള്‍ കാണാം...
96-ാം സങ്കീര്‍ത്തനത്തില്‍ കര്‍ത്താവ് രാജാവും വിധികര്‍ത്താവുമാണെന്നും പ്രഖ്യാപിക്കുന്നു. ഇവ രാജകീയ സങ്കീര്‍ത്തനങ്ങളുടെയും അവയിലെ പ്രത്യേക പ്രയോഗങ്ങളുടെയും ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്.

സങ്കീര്‍ത്തകന്‍റെ ഭാവനയില്‍ സിംഹാസനത്തിലേയ്ക്കു കയറുന്ന യാവേയെ കൈയടിച്ചു രാജാവായി ജനം സ്വീകരിക്കുന്നു, അംഗീകരിക്കുന്നു. വിജയശ്രീലാളിതനായ രാജാവായി പ്രത്യക്ഷപ്പെടുന്ന യാഹ്വേയ്ക്കുള്ള സ്തുതിയുടെ ഗാനങ്ങളാണ് രാജത്വ സങ്കീര്‍ത്തനങ്ങള്‍ the Royal Psalms. അവയില്‍ യാഹ്വേ തങ്ങളുടെ രാജാവാണെന്ന് സങ്കീര്‍ത്തകന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രകീര്‍ത്തിക്കുകയും സമര്‍ത്ഥിക്കുകയും ചെയ്യുന്നു.

പിന്നെ ശ്രദ്ധേയമായൊരു കാര്യം ലൗകിക രാജാവിന്‍റെ സിംഹാസനാരോഹണച്ചടങ്ങിന്‍റെ എല്ലാ സവിശേഷതകളും സങ്കീര്‍ത്തകന്‍ വരികളില്‍ പ്രകടമാക്കിയിരിക്കുന്നു. അഭൗമികമായ തേജസ്സും അസാധാരണമായ ഗാംഭീര്യവും അയാള്‍ പ്രയോഗങ്ങള്‍ക്കു നല്കുന്നുണ്ട്. യാവേ തന്നെയാണു വരിക, അവിടുന്ന് ഇതാ നാഥനായി, രാജാവായി വരുന്നു... അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നു, ദേവാലയത്തിലേയ്ക്ക് പ്രദക്ഷിണമായി നീങ്ങുന്നു, അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്ടനാകുന്നു, തന്‍റെ ജനത്തിന്‍റെ സ്തുതിയും ആര്‍പ്പുവിളിയും സ്വീകരിക്കുന്നു. അവിടുന്ന് തന്‍റെ രാജ്യം നീതിയോടെ ഭരിക്കുന്നു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ രാജത്വ സങ്കീര്‍ത്തനങ്ങളില്‍ സുലഭമായി കാണാം .....

Psalm 72 verse 2

എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...

ദൈവമേ, അവന്‍റെ കാലത്ത് നീതി തഴച്ചുവളരട്ടെ
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ
സമുദ്രം മുതല്‍ സമുദ്രംവരെയും നദിമുതല്‍ നദിവരെയും
അവന്‍റെ ആധിപത്യം നിലനില്‍ക്കട്ടെ.
എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...

രാജകീയ സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപത്തെക്കുറിച്ച് പഠിക്കുമ്പോള്‍, യാഹ്വേ രാജാവാകുന്നത് ഇസ്രായേലിന്‍റെ മാത്രമല്ല, മറിച്ച് ലോകം മുഴുവന്‍റെയുമാണെന്ന് സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നുണ്ട്. ഈ രാജാവിനെ സ്തുതിക്കുവാന്‍ എല്ലാവരോടും സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്നു. മറ്റു ദേവാന്മാര്‍ അവിടുത്തെ തിരുമുമ്പില്‍ പരിഭ്രമിക്കുകയും അവിടുത്തെ മുന്നില‍ മുട്ടുകുത്തി ആരാധിക്കുകയും ചെയ്യുന്നു. സര്‍വ്വസൃഷ്ടവസ്തുക്കളോട് അവിടുത്തെ സ്തുതിക്കുവാനും സങ്കീര്‍ത്തകന്‍ ആഹ്വാനംചെയ്യുന്നുണ്ട്.

യാവേ എപ്പോഴും ഇസ്രായേലിന്‍റെ മാത്രമല്ല, സകല ലോകത്തിന്‍റെയും രാജാവായിരുന്നു എന്നതാണ് സത്യം. എന്നാല്‍, ചില പ്രത്യേക കാലഘട്ടങ്ങളില്‍ - തിരഞ്ഞെടുപ്പിലും, പുറപ്പാടിലും സീനായ് മലയില്‍വച്ചുള്ള ഉടമ്പടയിലും – അവിടുന്ന് പ്രത്യേകമായ വിധം ഇസ്രായേലിന്‍റെ രാജാവായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. കാരണം അവിടുന്നു ഇസ്രായേലിലെ പാവങ്ങളോടും അഗതികളോടും അനുകമ്പാലുവും ആര്‍ദ്രഹൃദയനുമാണ്...

Psalm 72 verse 3

എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...
ദൈവമേ, താര്‍ഷിഷിലെയും ദ്വീപുകളിലെയും
രാജാക്കന്മാര്‍അവനു കപ്പം കൊടുക്കട്ടെ

ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവനു കാഴ്ച സമര്‍പ്പിക്കട്ടെ
എല്ലാ രാജാക്കന്മാരും അവന്‍റെ മുന്നില്‍ പ്രണമിക്കട്ടെ
എല്ലാ ജനതകളും അവനു സേവനംചെയ്യട്ടെ.

രാജകീയ സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ യാവേയുടെ രാജത്വം ഇസ്രായേലില്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നു നമുക്കു കാണാം. രാജാവെന്ന വാക്ക് ഇസ്രായേലിന്‍റെ ആരാധനയില്‍ ബഹുമാനസൂചകമായി ധാരാളം പ്രയോഗിച്ചിരിക്കുന്നത് സങ്കീര്‍ത്തനങ്ങളില്‍ മാത്രമല്ല, മറ്റു ഹെബ്രായ പ്രാര്‍ത്ഥനകളിലും കാണാം. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം രാജത്വം യാഹ്വേയ്ക്ക് ഇല്ലാത്ത ഒന്ന് വച്ചുകെട്ടുകയല്ല, ഏച്ചുകെട്ടുകയല്ല, അവരുടെ ജീവിതാനുഭവമാണ് സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നത്. യുഗാന്തോന്മുഖമായ കാഴ്ചപ്പാടില്‍, കര്‍ത്താവിന്‍റെ പ്രാഭവത്തോടെയുള്ള രണ്ടാം വരവിന്‍റെ വിവരണത്തിലും സങ്കീര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്തായി യാവേയുടെ രാജത്വം വ്യാഖ്യാനിക്കുന്നുണ്ട്. ദൈവത്തിന്‍റെ രാജത്വം പ്രകടമാക്കുന്ന സങ്കീര്‍ത്തനങ്ങളുടെ സാഹിത്യശൈലിയെക്കുറിച്ച് ഇത്രയം പറഞ്ഞുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കുകയാണ്. അടുത്ത പ്രക്ഷേപണത്തില്‍ സിയോന്‍റെ കീര്‍ത്തനങ്ങള്‍ the Pslams of Zion എന്ന 3-ാമത്തെ സാഹിത്യഗണത്തെക്കുറിച്ച് പഠിക്കാം.

രാജത്വ സങ്കീര്‍ത്തനത്തിന് ഉദാരണമായി ഉപയോഗിച്ച 72-ാം ഗീതം ആലപിച്ചത് ഗാഗുല്‍ ജോസഫും സംഘവുമാണ്. സംഗീതാവിഷ്ക്കാരം നിര്‍വ്വഹിച്ചത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും,

Psalm 72 verse 4

എല്ലാ ജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ...

ദൈവമേ, നിലവിളിക്കുന്ന പാവപ്പെട്ടവരെയും
നിസ്സാഹായരായ ദരിദ്രരെയും അവന്‍ മോചിക്കും
ദുര്‍ബ്ബലരോടും പാവപ്പെട്ടവരോടുമവന്‍ കരുണകാണിക്കും
അഗതികളുടെ ജീവനെപ്പോഴുവന്‍ പരിപാലിക്കും.
അവരുടെ ജീവനീ മന്നിലവന്‍ നിത്യം കാത്തുപാലിക്കും.


നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ ഒരുക്കിയ വത്തിക്കാന്‍ റേഡിയോയുടെ -സങ്കീര്‍ത്തനങ്ങള്‍ - എന്ന ബൈബിള്‍ പഠനപരിപാടിയാണ്.
അടുത്തയാഴ്ചയില്‍ സിയോന്‍റെ കീര്‍ത്തനങ്ങളെക്കുറിച്ച് അല്ലെങ്കില്‍ the Pslams of Zion എന്ന സാഹിത്യഗണത്തെക്കുറിച്ച് അടുത്തയാഴ്ചയില്‍...








All the contents on this site are copyrighted ©.