2014-05-13 15:51:34

ജെറി അമല്‍ദേവിനെ
റോമില്‍ അനുമോദിച്ചു


13 മെയ് 2014, വത്തിക്കാന്‍
സംഗീതസംവിധായകന്‍, ജെറി അമല്‍ദേവിനെ റോമില്‍ അനുമോദിച്ചു. സാമൂഹ്യസംഗീതത്തെയും ആരാധനക്രമ സംഗീതത്തെയും ഒരുപോലെ പുഷ്ടിപ്പെടുത്തിയ പ്രതിഭയാണ് ജെറി അമല്‍ദേവ് എന്ന്, വത്തിക്കാന്‍റെ പ്രവാസികാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ കോളെജിലെ ഇന്തോ-പാക്ക് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയും റോമിലെ അല്‍ദേവിന്‍റെ സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. മെയ് 11-ാം തിയതി ഞായറാഴ്ച വൈുന്നേരം പ്രാദേശിക സമയം 4 മണിക്ക് ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കോളെജ് ഓഡിയറ്റോറിയത്തില്‍ ‘നിര്‍മ്മിലമായൊരു ഹൃദയമെന്നില്‍’ എന്ന അമല്‍ദേവ് രചനയുടെ ആലാപനത്തോടെയാണ് ആരംഭിച്ചത്.

പൊന്തിഫിക്കല്‍ ഊര്‍ബന്‍ കോളെജിന്‍റെ വൈസ് റെക്ടര്‍, ഫാദര്‍ ബെന്നി സ്രാമ്പിക്കല്‍ സ്വാഗതം ആശംസിച്ചു. ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ അദ്ധ്യക്ഷപ്രസംഗം 75-ന്‍റെ നിറവിലെത്തിയ അമല്‍ദേവിനുള്ള ആശംസയും അദ്ദേഹത്തിന്‍റെ തനിമയാര്‍ന്ന സംഗീതസപര്യയെ വിലയിരുത്തിക്കൊണ്ടുള്ള അനുമോദനവുമായിരുന്നു. വത്തിക്കാന്‍ റേഡിയോ മലായാള വിഭാഗത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന ഫാദര്‍ വില്യം നെല്ലിക്കല്‍ അമല്‍ദേവിന്‍റെ ദൃശ്യശ്രാവ്യ മാധ്യമ സഹായത്തോടെയുള്ള പ്രഭാഷണത്തിന് ആമുഖമായി ഹ്രസ്വമായ പ്രഭാഷണം നടത്തി.

ഒരു മണിക്കൂര്‍ സമയം നീണ്ടുനിന്നു അമല്‍ദേവിന്‍റെ പ്രഭാഷണം അറിവു പകരുന്നതും ആകര്‍ഷണീയവുമായിരുന്നു. 10 വയസ്സില്‍ തുടക്കമിട്ട തിളക്കമാര്‍ന്ന സംഗീതജീവിതത്തിലേയ്ക്കുള്ള രസകരമായ തിരനോട്ടമായിരുന്നു അത്. തുടര്‍ന്നു ചോദ്യോത്തരങ്ങള്‍ക്കായി നല്കിയ അരമണിക്കൂര്‍ ചിലര്‍ സംശയങ്ങള്‍ ചോദിക്കുവാനും, മറ്റുചിലര്‍ അമല്‍ദേവ് ഇണങ്ങള്‍പാടി ആശംസയരിപ്പിക്കുവാനും ഉപയോഗപ്പെടുത്തി. വക്കച്ചല്‍ കല്ലറയ്ക്കല്‍, അഗസ്റ്റിന്‍ പാലയില്‍, ബ്രദര്‍ ടോജോ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഊര്‍ബന്‍ കോളെജിലെ ഇന്തോ പാക്ക് വിദ്യാര്‍ത്ഥികൂട്ടായ്മയുടെ സെക്രട്ടറി, ഡീക്കന്‍ ലീനേഷ് മനക്കില്‍ ഏവര്‍ക്കും നന്ദിയര്‍പ്പിച്ചു, വിശിഷ്യ വീണുകിട്ടിയ ഭാഗ്യംപോലെ തന്‍റെ രണ്ടു ദിവസത്തെ റോം സന്ദര്‍ശനച്ചനത്തിനിടെ ക്ലാസ്സെടുക്കാനും വ്യക്തിഗത സംഗീതസപര്യയിലെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാവാനും സന്മനസ്സു കാണിച്ച ജെറി അമല്‍ദേവിന് കൃതജ്ഞതയര്‍പ്പിച്ചു. മലയാളിമനസ്സില്‍ എന്നും തത്തിക്കളിക്കുന്ന ‘ആയിരംകണ്ണുമായ്’ എന്ന ഗാനം എല്ലാവരും ചേര്‍ന്ന് മനംതുറന്ന് ആലപിച്ചപ്പോള്‍ ‘മീറ്റ് അമല്‍ദേവ്’ എന്ന റോമിലെ മലയാളികളുടെ അപൂര്‍വ്വ സംഗമത്തിന് തിരശ്ശീലവീണു.
………………
ബിഷപ്പ് കളത്തിപ്പറമ്പിലിന്‍റെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെചേര്‍ക്കുന്നു:
‘Meet Amaldev’ പരിപാടിയില്‍ പങ്കെടുക്കുന്നതിന്, എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തെ മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമുക്ക് അഭിമാനിക്കാവുന്ന വ്യതിരക്തതയും തനിമയുമുള്ള സംഗീതജ്ഞനാണ് ജെറി അമല്‍ദേവ്.

ആരാധനക്രമസംഗീതത്തിന്‍റെയും സാമൂഹ്യസംഗീതത്തിന്‍റെയും വേറിട്ടു നില്ക്കുന്ന തലങ്ങളില്‍ അദ്ദേഹം നല്കിയിട്ടുള്ള സംഭാവനകള്‍ അമൂല്യവും അപൂര്‍വ്വവുമാണ്. കാരണം, ഇന്ത്യയുടെ ചുറ്റുപാടില്‍ സംഗീതജ്ഞനെന്നു പറഞ്ഞാല്‍ സിനിമാ സംഗീത സംവിധായകന്‍ എന്നാണ് വിവക്ഷ. അങ്ങനെയുള്ള ഒരാള്‍ ചെറിയ സിനിമകളില്‍ തുടങ്ങി, ഏതാനും വര്‍ഷങ്ങളോടെ സിനിമയില്‍ത്തന്നെ എല്ലാം അവസാനിക്കുകയാണ് പതിവ്.

എന്നാല്‍ പത്തു വയസ്സുള്ളപ്പോള്‍ ദേവാലയത്തില്‍ പാടിയും പാട്ടുണ്ടാക്കിയും
തന്‍റെ സംഗീതസപര്യയ്ക്ക് തുടക്കമിട്ട പ്രതിഭയാണ് അമല്‍ദേവ്. യുവാവായിരുന്നപ്പോള്‍ തന്ന‍െ പാശ്ചാത്യ-പൗരസ്ത്യ സംഗീതശൈലികള്‍ പ്രാഗത്ഭ്യത്തോടെ കൈകാര്യംചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു.

1964-ല്‍ മുമ്പൈയില്‍ സംഗമിച്ച അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഉപയോഗിച്ച മലയാളത്തിലുള്ള ദിവ്യകാരുണ്യഗീതം അമല്‍ദേവിന്‍റേതായിരുന്നു. അറുപതുകളുടെ അവസാനത്തില്‍ സങ്കീര്‍ത്തനങ്ങള്‍ മലയാളത്തനിമയില്‍ ഈണംപകര്‍ന്ന് ആദ്യമായി അവതരിപ്പിച്ചതും അമല്‍ദേവായിരുന്നു. സിനിമാ സംഗീതത്തിലേയ്ക്ക് പ്രവേശിക്കുംമുന്‍പേ ഹിന്ദിയില്‍ രചിക്കപ്പെട്ട മനോഹരമായ 12 കവിതകള്‍ അമല്‍ദേവ് ഈണംപകര്‍ന്ന് ‘ആത്മാ കി ആവാസ്’ എന്ന പേരില്‍ LP Record-ായി യേശുദാസിന്‍റെ മനോഹരമായ ശബ്ദത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ശ്ലോകങ്ങള്‍ സംഗീതാവിഷ്ക്കാരംചെയ്ത് ഗന്ധര്‍വ്വനാദത്തില്‍ തരംഗിണിയിലൂടെ ജെറി പ്രകാശനംചെയ്തിട്ടുണ്ട്.

ഹിന്ദിസിനിമയുടെ ബൃഹത്തായ സംഗീതലോകത്ത് നൗഷാദ് അലി ഖാന്‍റെ കൂടെ ഓര്‍ക്കസ്ട്രേഷന്‍ ചെയ്തും ഈണങ്ങളുണ്ടാക്കിയും പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍ അമല്‍ദേവിന്‍റെ സംഗീതപ്രതിഭയുടെ കരുത്താണ് തെളിയിക്കുന്നത്.

എന്‍പതുകളില്‍ അമേരിക്കയിലെ സംഗീതപഠനത്തിനുശേഷം അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നത് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളു’മായിട്ടാണ്. പിന്നെ ഒരു പതിറ്റാണ്ടിലേറെ അമല്‍ദേവ് മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ചെറുതും വലുതുമായ 70-ലേറെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചപ്പോള്‍, മഞ്ഞണിക്കൊമ്പില്‍, മിഴിയോരം, ആയിരംകണ്ണുമായ്... തുടങ്ങി മലയാളി മനസ്സില്‍ രാഗതാളലയ വിന്യാസത്തിന്‍റെ അപൂര്‍വ്വ അലയടികള്‍ സൃഷ്ടിച്ചുകൊണ്ടാണ് അമല്‍ദേവ് തെന്നിന്തയുടെ സിനിമാ ലോകത്തുനിന്നും പിന്‍വാങ്ങിയത്. സിനിമാ ഗാനങ്ങള്‍ക്കു പുറമേ, യേശുദാസിന്‍റെയും ചിത്രയുടെയും ശബ്ദത്തില്‍ പുറത്തുവന്നിട്ടുള്ള ആര്‍ദ്രഗീതങ്ങളും, ഗാനോത്സവും മലായാളികള്‍ മറക്കാത്ത അമല്‍ദേവിന്‍റെ അപൂര്‍വ്വസൃഷ്ടികളാണ്.

ഭക്തിഗാന മേഖലയില്‍ അമല്‍ദേവിന്‍റെ സംഭാവനകള്‍ അതുല്യമാണെന്നു പറയാം.
ആരാധനക്രമ മുഹൂര്‍ത്തങ്ങളും അവയുടെ ഉള്ളും ഉള്‍പ്പൊരുളും മനസ്സിലാക്കി,
ഇത്ര കൃത്യമായി ഗാനങ്ങള്‍ കൈകാര്യംചെയ്യുന്ന മറ്റൊരു സംഗീതജ്ഞന്‍ ഉണ്ടോ,
എന്നു ചോദിക്കുന്നതില്‍ അതിശയോക്തിയില്ല. കാല്‍വരിക്കുന്നിന്‍ നിഴലില്‍, നിര്‍മ്മലമായൊരു ഹൃദയമെന്നില്‍, എത്രയും ദയയുള്ള മാതാവേ, വരുവിന്‍ മഹേശ്വരനായ് പോലുള്ള നിരവധി ഗാനങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്.

സഭയുടെ ആരാധാനക്രമ സംഗീതം ഗ്രിഗോരിയന്‍ സുറിയാനി പാരമ്പര്യങ്ങളില്‍ നിറഞ്ഞു നിന്നതായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസാണ് നവീകരണ സ്വാതന്ത്ര്യം നല്കിയത്. എന്നാല്‍ അതു ദുരുപയോഗപ്പെടുത്തിയതുപോലെയാണ് ഇന്നത്തെ ആരാധനക്രമസംഗീതത്തിന്‍റെ അവസ്ഥ, പ്രത്യേകിച്ച് കേരളത്തില്‍. നമ്മുടെ ദേവാലയങ്ങളില്‍ നവീകരണത്തിന്‍റെ പേരില്‍ കടന്നുകൂടിയിരിക്കുന്ന ക്രമക്കേടുകള്‍ അമല്‍ദേവ് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒപ്പം അര്‍ത്ഥസമ്പന്നവും കൃത്യതയുള്ളതുമായ ഗാനങ്ങള്‍ മലയാളത്തിനു നല്കിക്കൊണ്ടും ജനങ്ങള്‍ക്ക് ഒരുമിച്ചു പാടി പ്രാര്‍ത്ഥിക്കാവുന്ന ലളിതസുന്ദരമായ ഗാനങ്ങള്‍ മാതൃകാപരമായി സൃഷ്ടിക്കുകയും ചെയ്തിട്ടുളളത് അഭിനന്ദനാര്‍ഹമാണ്.

വചനാധിഷ്ഠിതവും, ആരാധക്രമ മുഹൂര്‍ത്തങ്ങള്‍ക്ക് ഇണങ്ങിയതും, സഭാ പാരമ്പര്യങ്ങള്‍ക്കൊത്തതുമായ നല്ലഗീതങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ അമല്‍ദേവിന് സാധിച്ചത് സഭയ്ക്കും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. ആരാധനക്രമ ഗീതങ്ങള്‍ സാധാരണ സിനിമാ ഗാനങ്ങളില്‍നിന്നും വ്യത്യസ്തവും ശ്രേഷ്ഠവുമായിരിക്കണമെന്നും, അത് ജനങ്ങള്‍ക്ക് കൂട്ടമായി അനായസേന ആലപിക്കുവാന്‍ സാധിക്കുന്നതുമായിരിക്കണം എന്ന അമല്‍ദേവിന്‍റെ നിഷ്ക്കര്‍ഷ പ്രാവര്‍ത്തികമാക്കേണ്ടതാണ്. വൈകിയെങ്കിലും കേരളസഭ, ഇക്കാര്യം അംഗീകരിക്കുകയും മനസ്സിലാക്കുകയും തിരുത്തുകയും ചെയ്യേണ്ടതാണ്.

പ്രിയ ജെറി അമല്‍ദേവ്, രണ്ടു ദിവസം മാത്രമുള്ള അങ്ങയുടെ റോമിലെ താമസത്തിനിടെ ഞങ്ങള്‍ക്കൊപ്പം ആയിരിക്കുവാനും, സംഗീതചിന്തകള്‍ പങ്കുവയ്ക്കുവാനും കാണിച്ച നല്ലമനസ്സിന് നന്ദിയര്‍പ്പിക്കുന്നു.

അമല്‍ദേവ് എന്ന സംഗീതപ്രതിഭയ്ക്ക് 75-വയസ്സായി എന്ന് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ശുദ്ധസംഗീതത്തിന്‍റെ ഇളപ്പവും തിളക്കുവുമാണ് അങ്ങയുടെ വ്യക്തിത്വത്തില്‍ ഞങ്ങള്‍ കാണുന്നത്. ദീര്‍ഘനാള്‍ ഈ സംഗീതസപര്യ തുടരുവാനുള്ള കരുത്തും കഴിവും ദൈവം നല്കട്ടെയെന്ന് എല്ലാവരുടെയും പേരില്‍ ആശംസിച്ചുകൊണ്ടും, പ്രാര്‍ത്ഥിച്ചുകൊണ്ടും ഉപസംഹരിക്കുന്നു.








All the contents on this site are copyrighted ©.