2014-05-12 16:49:18

വൈദിക വിദ്യാർത്ഥികളുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


12 മെയ് 2014, വത്തിക്കാൻ
റോമിൽ പഠിക്കുന്ന വൈദിക വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച രാവിലെ പോൾ ആറാമൻ ഹാളിൽ നടന്ന കൂടിക്കാഴ്ച്ചയിൽ റോമിലെ വിവിധ പൊന്തിഫിക്കൽ സർവ്വകലാശാലകളിലെ വൈദികവിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.
കൂടിക്കാഴ്ച്ചയുടെ ആരംഭത്തിൽ പശ്ചിമേഷ്യക്കാരായ വൈദിക വിദ്യാർത്ഥികളെ പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പ , സഹനത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കുന്ന പശ്ചിമേഷ്യൻ കത്തോലിക്കർക്കും, ഉക്രൈനിലെ സഭാംഗങ്ങൾക്കും തന്‍റെ പ്രാർത്ഥനയും പിന്തുണയും ഉറപ്പുനൽകി.
മുൻകൂട്ടി തയ്യാറാക്കിയ പ്രഭാഷണത്തിനു പകരം വൈദിക വിദ്യാർത്ഥികളുമായി സൗഹൃദസംഭാഷണം നടത്താനാണ് പാപ്പ താൽപര്യപ്പെട്ടത്. ദൈവശാസ്ത്ര പഠനം, അജപാലന ശുശ്രൂഷ, കൂട്ടായ്മയുടെ ജീവിതം, നേതൃപാടവം, അന്യനാടുകളിലെ പ്രേഷിത സേവനം, ആദ്ധ്യാത്മിക ജാഗ്രത, പ്രാർത്ഥനാരൂപി, എന്നിങ്ങനെ നിരവധി വിഷയങ്ങളെക്കുറിച്ച് വൈദിക വിദ്യാർത്ഥികൾ പാപ്പായോട് ആരാഞ്ഞു.
വൈദിക പരിശീലനത്തിൽ ദൈവശാസ്ത്ര പഠനത്തിന്‍റേയും ബൗദ്ധിക പരിശീലനത്തിന്‍റേയും പ്രാധാന്യത്തെക്കുറിച്ച് അവരോട് വിശദീകരിച്ച പാപ്പ, അതേസമയം, മാതൃ രാജ്യത്ത് മടങ്ങിയെത്തി അജപാലന ശുശ്രൂഷയിലേർപ്പെടാനുള്ളവരാണ് തങ്ങൾ എന്ന ബോധ്യം കൈവെടിയരുതെന്ന് അവരെ ഉത്ബോധിപ്പിച്ചു.
തന്‍റെ ജീവിതാനുഭവങ്ങളും അനുദിന ജീവിത ക്രമവും വൈദികാർത്ഥികളോട് പാപ്പ സസന്തോഷം പങ്കുവയ്ച്ചു. അജപാലകരുടെ നേതൃപാടവത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ സ്നേഹ ശുശ്രൂഷയിലൂടെ ദൈവജനത്തെ നേടിയെടുക്കേണ്ടവരാണ് അജപാലകർ എന്ന് പാപ്പ വിശദീകരിച്ചു.
പ്രാർത്ഥനയും, മരിയ ഭക്തിയും വൈദിക ജീവിതത്തിൽ അത്യന്താപേഷിതമാണെന്ന് വൈദികരേയും വിദ്യാർത്ഥികളേയും ഓർമ്മിപ്പിച്ച പാപ്പ, ദിവസവും കുറച്ചു സമയമെങ്കിലും ദിവ്യകാരുണ്യ സന്നിധിയിൽ ക്രിസ്തുവിനോടൊപ്പം ചിലവഴിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വൈദികരുടെ സൗഹൃദ കൂട്ടായ്മകൾ വൈദിക ജീവിതത്തിലും അജപാലന ശുശ്രൂഷയിലും ലഭിക്കുന്ന അമൂല്യ നിധിയാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. വൈദിക വിദ്യാർത്ഥികൾക്കും വൈദികർക്കുമൊപ്പം ത്രികാലപ്രാർത്ഥന ചൊല്ലി, പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് പാപ്പ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.







All the contents on this site are copyrighted ©.