2014-05-12 16:47:41

പോൾ ആറാമൻ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഒക്ടോബർ 19ന്


12 മെയ് 2014, വത്തിക്കാൻ
ധന്യനായ പോൾ ആറാമൻ പാപ്പായുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഒക്ടോബർ 19ന് വത്തിക്കാനിൽ നടക്കും. അദ്ദേഹത്തിന്‍റെ മാധ്യസ്ഥത്തിൽ ഒരു ഗര്‍ഭസ്ഥ ശിശു അത്ഭുതകരമായി രോഗശാന്തി പ്രാപിച്ചത് ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതിനെ തുടർന്നാണ് പോൾ ആറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയർത്തപ്പെടുന്നത്.
ഭ്രൂണഹത്യയ്ക്കും ഗർഭ നിരോധനത്തിനുമെതിരേ ശക്തമായ നിലപാടു സ്വീകരിച്ച പാപ്പായ്ക്ക് ലഭിക്കുന്ന അനിതരസാധാരണമായ അംഗീകാരമാണിതെന്ന് പാപ്പായുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ.ആന്‍റണി മറാസോ വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു.
മനുഷ്യ ജീവന്‍റെ അലംഘനീയത പ്രഘോഷിക്കുന്ന ‘മനുഷ്യ ജീവൻ’ (Humanae Vitae) എന്ന ചാക്രിക ലേഖനം നിരവധി വിവാദങ്ങൾക്കു കാരണമായത്, പ്രബോധന രേഖയുടെ ഏകപക്ഷീയമായ വായനമൂലമാണെന്നും ഫാ.മറാസോ ചൂണ്ടിക്കാട്ടി. സഭയുടെ പ്രബോധനപരവും, ധാർമ്മികവും, അജപാലനപരവുമായ പൈതൃകത്തിന് കോട്ടം തട്ടാതെ സൂക്ഷിച്ച പോൾ ആറാമൻ പാപ്പ, പ്രത്യാശയുടെ ആൾരൂപമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാം വത്തിക്കാൻ സൂന്നഹദോസിനിടെ, 1963 ജൂൺ 21ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ പാപ്പ ഒന്നര പതിറ്റാണ്ടു കാലം സാർവ്വത്രിക സഭയെ നയിച്ചു. 1978 ഓഗസ്റ്റ് 6ന് കാസിൽ ഗൺഡോൾഫോയിലെ വേനൽകാല വസതിയിൽ വച്ചാണ് പാപ്പ കാലം ചെയ്തത്.

1993 മെയ് 11ന് രൂപതാ തലത്തിൽ നാമകരണ നടപടികൾ ആരംഭിച്ചതോടെ പുണ്യശ്ലോകനായ പോൾ ആറാമൻ മാർപാപ്പ ദൈവദാസനായി ഉയർത്തപ്പെട്ടു. 2012 ഡിസംബർ 20ന് ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് വീരോചിത പുണ്യങ്ങൾ അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ച് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയർത്തിയത്. 2014 മെയ് 9ന് ഫ്രാൻസിസ് പാപ്പ ധന്യനായ പോൾ ആറാമൻ പാപ്പായുടെ മാധ്യസ്ഥത്തിൽ നടന്ന അത്ഭുതം അംഗീകരിക്കുന്ന ഡിക്രിയിൽ ഒപ്പുവച്ചു.







All the contents on this site are copyrighted ©.