2014-05-12 16:48:44

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭ


12 മെയ് 2014, വത്തിക്കാൻ
പരിശുദ്ധാത്മാവാണ് സഭയെ നയിക്കുന്നത്. പരിധികൾക്കും പരിമിതികൾക്കും അതീതമായി പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പ. തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ദൈവഹിത പ്രകാരം വി.പത്രോസ് അപ്പസ്തോലൻ വിജാതീയർക്ക് ജ്ഞാനസ്നാനം നൽകി, ആദിമസഭയിൽ സ്വീകരിച്ചതുമൂലം സഭയിലുണ്ടായ പ്രശ്നങ്ങൾ വിവരിക്കുന്ന വചന ഭാഗം (അപ്പ.പ്രവർത്തനങ്ങൾ 11:1-18) ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സമീക്ഷ. ‘ദൈവം വിശുദ്ധീകരിച്ചതിനെ അശുദ്ധമെന്ന് വിളിക്കരുത്’ എന്ന ശക്തമായ ദൈവിക താക്കീതാണ് വി.പത്രോസിനെ വിജാതീയരുടെ പക്കലേക്ക് നയിച്ചത്. എന്നാൽ അത് സഭയ്ക്കുള്ളിൽ വിവാദങ്ങൾക്കു തിരികൊളുത്തി.
ഇക്കാലത്ത് അന്യഗൃഹ ജീവികൾ ജ്ഞാനസ്നാനം തേടി വന്നാലുണ്ടായേക്കാവുന്ന പുകിലിനു സമാനമാണ് വിജാതീയരെ സ്വീകരിച്ചതുമൂലം അന്ന് സഭയിലുണ്ടായതെന്ന് പാപ്പ സരസമായി പറഞ്ഞു.
സഭയുടെ വാതായനങ്ങൾ തുറന്നിടേണ്ടവരാണ് നാം. അതു കൊട്ടിയടച്ചുകൂടാ. സഭയിലെ സജീവമായ ദൈവിക സാന്നിദ്ധ്യമാണ് പരിശുദ്ധാത്മാവ്. ക്രിസ്തു നൽകിയ സഹായകനായ പരിശുദ്ധാത്മാവിനെക്കൂടാതെ ക്രിസ്തുവിനെ ഗ്രഹിക്കാൻ നമുക്കു സാധിക്കില്ല. മനുഷ്യർക്ക് അസാധ്യവും അചിന്തനീയവുമായ കാര്യങ്ങൾ പരിശുദ്ധാത്മാവ് നടപ്പിലാക്കും. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പറഞ്ഞതുപോലെ, പരിശുദ്ധാത്മാവ് സഭയെ നവീകരിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ പരിശുദ്ധാത്മാവിന് വിധേയരായിരിക്കേണ്ടവരാണ് നമ്മൾ. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങൾക്ക് വിധേയരായിരിക്കാൻ വേണ്ട ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചുകൊണ്ടാണ് പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.







All the contents on this site are copyrighted ©.