2014-05-08 18:18:04

പ്രതിസന്ധികള്‍ക്കു കാരണം
മങ്ങുന്ന ഐക്യദാര്‍ഢ്യവും സാഹോദര്യവും


8 മെയ് 2014, വത്തിക്കാന്‍
പൊതുമേഖലയില്‍ മങ്ങിമറയുന്ന ഐക്യദാര്‍ഢ്യവും സാഹോദര്യവുമാണ്
ഇന്നത്തെ ആഗോള പ്രതിസന്ധികള്‍ക്ക് കാരണമെന്ന് Centesimus Annus Foundation –ന്‍റെ നിരീക്ഷണം വെളിപ്പെടുത്തി.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ Centesimus Annus ‘നൂറാംവാര്‍ഷം’ എന്നു പേരുള്ള ചാക്രിക ലേഖനത്തെ ആധാരമാക്കിയാണ് ഫൗണ്ടേഷന്‍ വത്തിക്കാന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ലിയോ 13-ാമന്‍ പാപ്പായുടെ വിഖ്യാതമായ Rerum Novarum എന്ന ചാക്രിക ലേഖനത്തിന്‍റെ നൂറാം വാര്‍ഷികത്തിലാണ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ Centesimus Annus എന്ന സാമൂഹ്യ പ്രബോധനം പ്രസിദ്ധപ്പെടുത്തിയത്.

‘തൊഴില്‍ മേഖലയിലെ ഐക്യദാര്‍ഢ്യവും സാഹോദര്യവും’ എന്ന പ്രമേയവുമായി ഫൗണ്ടേഷന്‍ മെയ് 8-മുതല്‍ 10-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കും.

സമൂഹങ്ങളുടെ പരോഗതി യാഥാര്‍ത്ഥ്യമാക്കുവാനും, സ്വാതന്ത്ര്യവും ഉത്തരവാദിത്വവും, നീതിബോധവും കാര്യക്ഷമതയും എല്ലാവരിലും വളര്‍ത്തുവാനും തൊഴില്‍ മേഖലയില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും അനിവാര്യമാണെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ആല്‍ബര്‍ത്തോ കൂര്‍സിയോ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും അടിസ്ഥാന തത്വമാണ് ഐക്യദാര്‍ഢ്യം.
അധികാരം ലംബമാനമായും പാര്‍ശ്വമാനമായും പങ്കുവയ്ക്കപ്പെടുന്നത് ഐക്യദാര്‍ഢ്യം ഉള്ളപ്പോഴാണ്.

ജനങ്ങളുടെ ക്രിയാത്മകതയുടെ കരുത്ത് ചലനാത്മകമാകുന്നതും വളരുന്നതും ഐക്യദാര്‍ഢ്യം ഉണ്ടെങ്കില്‍ മാത്രമാണ്. അത് സാമൂഹ്യനന്മയുടെ ചാലകശക്തിയാണ്. അതുവഴി സമൂഹം പൊതുനന്മയുടെ ശക്തിയായി മാറുന്നു, ഉല്പാദനത്തിലും സാമൂഹ്യ പുരോഗതിയിലും അത് പങ്കുചേരുന്നു.
വികസനം സാമൂഹ്യതലത്തിലാണ്. അത് വ്യവസായത്തിന്‍റെയും, വ്യവസായം നടത്തുന്ന പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെക്കാളും വലുതാണ്.

രാഷ്ട്രങ്ങളും വന്‍പ്രസ്ഥാനങ്ങളും തമ്മില്‍ വളരാതെപോയ ഐക്യദാര്‍ഢ്യമാണ് ഇന്നത്തെ സമൂഹ്യ പ്രതിസന്ധികള്‍ക്കു പിന്നില്‍ എന്നും അഭിമുഖത്തില്‍ കൂര്‍സിയോ ചൂണ്ടിക്കാട്ടി.

പുരോഗതിയുടെ അളവും മാനിക്കാതെയുള്ള ആഗോളവത്ക്കരണവും പൊതുമേഖലയിലെ സാമ്പത്തിക വ്യവസ്ഥയും വ്യയങ്ങളുമാണ് പുതുസഹസ്രാബ്ദത്തിന്‍റെ സാമ്പത്തിക അധഃപതനത്തിനു കാരണമായിരിക്കുന്നതെന്നും കൂര്‍സിയോ ചൂണ്ടിക്കാട്ടി.

അതുപോലെ 21-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ നിലനില്ക്കുന്ന ധാര്‍മ്മികതയില്ലാത്ത സാമൂഹ്യ മനുഷ്യപുരോഗതിയാണ് ആഗോളസാമ്പത്തിക തകര്‍ച്ചയ്ക്കു വഴിതെളിച്ച മറ്റൊരു കാരണമെന്നും ചാക്രികലേഖനത്തെ ആധാരമാക്കി കൂര്‍സിയോ ചൂണ്ടിക്കാട്ടി.
Photo : Pope meets the members of the Foundation Centesimus Annus








All the contents on this site are copyrighted ©.