2014-05-06 10:15:09

സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങള്‍
സ്തുതിപ്പ് (6)


RealAudioMP3
സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങളെപ്പറ്റിയാണ് നാമിന്ന് പഠിക്കുന്നത്. ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ നിലനില്ക്കെ, അവ തമ്മില്‍ സാമ്യങ്ങളും അവയുടേതായ് ചില പ്രത്യേകതകളുമുണ്ട്. ഈ സാമ്യങ്ങളും പ്രത്യേകതകളുമാണ് സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപങ്ങള്‍ക്ക് (literary forms or types)-ന് കാരണമാക്കുന്നത് സാഹിത്യരൂപങ്ങളെ 14 ഗണങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഈ 14 ഗണങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിക്കുകയാണെങ്കില്‍ എല്ലാ സങ്കീര്‍ത്തനങ്ങളെയും നമുക്ക് വളരെ അടുത്തു പരിചയപ്പെടാന്‍ സാധിക്കുമെന്നാണ് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രഫസര്‍മാരായ അഗസ്റ്റിന്‍ മുള്ളൂരച്ചനും ജോസഫ് തുരുത്തിമാലി അച്ചനും,
അഭിപ്രായപ്പെടുന്നത്.

സാഹിത്യരൂപത്തിന്‍റെ ആദ്യ ഗണമായ, സങ്കീര്‍ത്തനങ്ങളിലെ ‘സ്തുതിപ്പാ’ണ് ഈ പ്രക്ഷേപണത്തില്‍ നാം വിശദീകരിക്കുന്നത്. പഠനസഹായിയായി ഇന്ന് ഉപയോഗിക്കുന്നത് ‘സകല ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ’ എന്ന ബൈബിളിലെ 150-ാമത്തെയും അവസാനത്തെയും സങ്കീര്‍ത്തനമാണ്. ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്
ഇതിന്‍റെ സംഗീതാവിഷ്ക്കാരം ചെയ്തത്.

Psalm 150 Hymn
1. ജയ ജയ നിന്‍തിരുസന്നിധിയല്‍ തവ തിരുഗേഹ സുരമ്യതയില്‍
നിന്‍‍ പ്രശാന്ത ചൂഴുമഹോ തിറമണി വിണ്മയ വീഥിയിതില്‍
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

2. നിന്‍ നിസ്സീമ മഹോ ശുഭദം കരബല പ്രാഭവ ഗീതിയിതില്‍
നിന്‍ പ്രതാപമതിന്‍ മഹിമാ പ്രകരണ കീര്‍ത്തന വീചിയിതില്‍
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

സങ്കര്‍ത്തനങ്ങള്‍ക്ക് 14 സാഹിത്യഗണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞല്ലോ: പരിചയപ്പെടാന്‍ മാത്രം ഒന്നൊന്നായി എടുത്തു പറയുകയാണ്...
1. സ്തുതിപ്പ് Hymns
2. യാഹ്വേയുടെ രാജത്വ സങ്കീര്‍ത്തനങ്ങള്‍ Psalms of Yahweh
3. സിഹിയോന്‍റെ കീര്‍ത്തനങ്ങള്‍ Songs of Zion
4. വ്യക്തിയുടെ നന്ദിപറച്ചില്‍ Individualistic Thanksgiving Psalms
5. സമൂഹത്തിന്‍റെ നന്ദിപറച്ചില്‍ Communal Thanksgiving
6. വ്യക്തിയുടെ വിലാപകീര്‍ത്തനങ്ങള്‍ Individual Laments
7. സമൂഹത്തിന്‍റെ വിലാപം Laments of the Community
8. വ്യക്തിയുടെ ശരണകീര്‍ത്തനം Psalms of Individual Hope
9. സമൂഹത്തിന്‍റെ ശരണകീര്‍ത്തനം Psalms of Communal Hope
10. രാജകീയ സങ്കീര്‍ത്തനങ്ങള്‍ Kingly Psalms
11. വിജ്ഞാനസങ്കീര്‍ത്തനങ്ങള്‍ Wisdom Pslams
12. ചരിത്രപരമായ സങ്കീര്‍ത്തനങ്ങള്‍ Historic Pslams
13. പ്രവചനസങ്കീര്‍ത്തനങ്ങള്‍ Prophetic Psalms
14. ആരാധനക്രമ സങ്കീര്‍ത്തനങ്ങള്‍ Liturgical Pslams എന്നിവയാണ് അവ.
സങ്കീര്‍ത്തനങ്ങളുടെ ആദ്യത്തെ സാഹിത്യരൂപമായ ‘സ്തുതിപ്പി’ന് ഉദാഹരണങ്ങളാണ് 8, 19, 29 33 തുടങ്ങിയവ. സ്തുതിപ്പിന് വളരെ നല്ലതു, വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സ്തുതിപ്പാണ്, 8-ാം സങ്കീര്‍ത്തനം, ‘ദൈവമേ, അങ്ങെത്ര മഹോന്നതാനാണ്....’ . നാം ഉദാഹരണമായി ഇന്ന് ഉപോയോഗിക്കുന്ന 150-ാംമത്തെ സങ്കീര്‍ത്തനം.... ‘ജയ ജയ നിന്‍തിരുസന്നിധിയില്‍.....’ തീര്‍ച്ചയായും സ്തുതിപ്പിന് വളരെ നല്ല മാതൃകയാണ്.

Psalm 150
3. നിന്‍ നിസ്സീമ മഹോ ശുഭദം കരബല പ്രാഭവ ഗീതിയിതില്‍
നിന്‍ പ്രതാപമതിന്‍ മഹിമാ പ്രകരണ കീര്‍ത്തന വീചിയിതില്‍
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

4. തവജന കാഹള ധ്വാനമതാം ജയ ജയ മേളവിതാനമതായ്
മധുരിതമാം മണി വീണയതിന്‍ പരിമൃദുക്വാണ വിലീനതയായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

സ്തുതിയുടെ ഭാവമാണ് സ്തുതിപ്പുകളില്‍ മുന്തിനില്ക്കുന്നത് എന്നു പറയേണ്ടതില്ലല്ലോ. അവ ആനുകൂല്യത്തിനുവേണ്ടിയോ ഔദാര്യത്തിനുവേണ്ടിയോ ദൈവത്തോടുള്ള യാചനയല്ലെന്നതും സ്പഷ്ടമാണ്. മറിച്ച് അവയിലൂടെ ദൈവത്തെ സങ്കീര്‍ത്തകന്‍ മഹത്വപ്പെടുത്തുകയാണ്. യാവേ, ദൈവമാണ് അതിലുടനീളം ശ്രദ്ധാകേന്ദ്രം. ഇവയില്‍ ‘അഹം’ അല്പംപോലും ഇല്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഇസ്രായേലിന്‍റെ വലിയ തിരുനാളുകളിലെ ആരാധനാശുശ്രൂഷയ്ക്കുവേണ്ടിയാണ് ഭൂരിഭാഗം സ്തുതിപ്പുകളും രചിക്കപ്പെട്ടതെന്നാണ് നിരൂപകന്മാരുടെ അഭിപ്രായം. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയാണ് അവ പാടുന്നത്. സമൂഹം ഏറ്റുചൊല്ലുന്ന ഈരടികള്‍ അവയുടെ ലക്ഷൃവും ഉപയോഗവും പ്രകടമാക്കുന്നുണ്ട്. ഉദാരഹണത്തിന്, ‘അവിടുത്തെ കാരുണ്യം എന്നും നിലനില്ക്കുന്നു’ എന്ന വാക്യം പല അവസരങ്ങളിലും ഉപയോഗിക്കുന്ന സ്തുതിപ്പാണ്. പ്രധാനവരികള്‍ മുഖ്യഗായകന്‍ ആലപിക്കുമ്പോള്‍ ജനങ്ങള്‍ ‘ആമ്മേന്‍,’ ‘ഹല്ലേലൂയ്യാ’ പ്രഘോഷണങ്ങളോടെ സ്തുതിയില്‍ പങ്കുചേരുന്നു. ‘എല്ലാ ജനതകളും ആമ്മേന്‍ ഹല്ലേലൂയ്യാ എന്ന് ഉദ്ഘോഷിക്കട്ടെ,’ എന്നും നാം സങ്കീര്‍ത്തനത്തില്‍ വായിക്കുന്നുണ്ടല്ലോ... (1 ദിന. 16, 36).

വിശുദ്ധ ഗ്രന്ഥത്തിന്‍റെ മറ്റു ഭാഗങ്ങളിലും അപൂര്‍വ്വമായ, എന്നാല്‍ വളരെ മനോഹരമായ സ്തുതിപ്പുകള്‍ കാണാനുണ്ട്. ഇവ സങ്കീര്‍ത്തനങ്ങളെ ആധാരമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രാര്‍ത്ഥനകളാവണം. ഉദാഹരണത്തിന് മോശയുടെ കീര്‍ത്തനങ്ങള്‍, മിറിയാമിന്‍റെ ഗീതം, ദെബോറായുടെ ഗാനം (എന്നിവ പുറപ്പാടു ഗ്രന്ഥത്തില്‍ കാണുന്നു). ഹന്നായുടെ കീര്‍ത്തനം (സാമുവലിന്‍റെ പുസ്തകം), ഹെസക്കിയായുടെ പ്രാര്‍ത്ഥന (ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥം), ഹബുക്കുക്കിന്‍റെ കീര്‍ത്തനം, മൂന്നു ബാലന്മാരുടെ സ്തുതിപ്പ് (എന്നിവ ദാനിയേലിന്‍റെ പുസ്തകത്തില്‍), സെറാഫുകളുടെ സ്തുതിത്രയം (ഏശയ്യായുടെ പുസ്തകത്തിലും) യൂദിത്തിന്‍റെ ഗീതം (യൂദിത്തിന്‍റെ പുസ്തകത്തില്‍), മറിയത്തിന്‍റെ സ്തോത്രഗീതം, സഖറിയായുടെ കീര്‍ത്തനം (എന്നിവ ലൂക്കായുടെ സുവിശേഷത്തില്‍), എന്നിവ നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്ന അത്യപൂര്‍വ്വമായ സ്തുതിപ്പുകളാണ്. അതില്‍ ഏറ്റവും ശ്രദ്ധേയവും പ്രശസ്തവുമായത് മറിയത്തിന്‍റെ സ്തോത്രഗീതം magnificat ആണെന്നു എന്നു പറയേണ്ടതില്ലല്ലോ.

Psalm 150
5. തവജന കാഹള ധ്വാനമതാം ജയ ജയ മേളവിതാനമതായ്
മധുരിതമാം മണി വീണയതിന്‍ പരിമൃദുക്വാണ വിലീനതയായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

6. മധുരമനോഹര നാദമൊരുക്കും മുഖരിത താള വിശേഷമതായ്
ശ്രുതിപര മോഹന തന്ത്രിയിലുണരും ഇമ്പമയം നിജഗാനമതായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിനെ അവിടുത്തെ ഔന്നത്യത്തിലും മഹത്വത്തിലും കൃപാകടാക്ഷത്തിലും സ്തുതിപ്പുകള്‍ വാഴ്ത്തുന്നു. നല്ലവനും സ്നേഹനിധിയും വിശ്വസ്തനും സ്വര്‍ഗ്ഗസ്ഥനുമായ കര്‍ത്താവിനെ അവ പ്രകീര്‍ത്തിക്കുകയാണ്. ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവിനെ അവ വാഴ്ത്തുന്നു. തന്‍റെ ജനത്തെ ഔദാര്യപൂര്‍വ്വം പരിപാലിക്കുന്നവനെ അവ കീര്‍ത്തിക്കുന്നു. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ കര്‍ത്താവിന് അവര്‍ എന്നും സ്തോത്രമര്‍പ്പിക്കുന്നു. വിജയ ശ്രീലാളിതനും ശക്തനുമായ ദൈവത്തെ ജനം പുകഴ്ത്തുന്നു. രാജാവും ലോകത്തിന്‍റെ വിധിയാളനുമായ അത്യുന്നതനായ ദൈവത്തെ അവ പാടിപ്പുകഴ്ത്തുന്നു.

ആരാധനക്രമത്തിലും വിശുദ്ധ സ്ഥലങ്ങളിലും ഈ സങ്കീര്‍ത്തനങ്ങള്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. ദേവാലയത്തിലേയ്ക്കു പ്രവേശിക്കുമ്പോഴും ദേവാലയത്തിനുള്ളിലും രാവും പകലുമുള്ള ആരാധനാസമയത്തും ജനം ദൈവത്തെ സ്തുതിക്കുകയും അവിടുത്തേയ്ക്കു നന്ദിപറയുകയും ചെയ്യുന്നു. വാദ്യഘോഷം മുഴക്കിയും, നൃത്തംചവിട്ടിയും ദൈവത്തിനു സ്തുതി സമര്‍പ്പിക്കുന്നതായും നമുക്ക് സ്തുതിപ്പുകളില്‍ കാണാം.
സ്തുതിപ്പിന് പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ വരികളില്‍നിന്നും വ്യക്തമാകുന്നുണ്ട്. അവ പ്രധാനമായും ദൈവത്തിന്‍റെ പ്രവൃത്തികളായ സൃഷ്ടി, പരിപാലന, രക്ഷ, നിയമദാനം തുടങ്ങിയവയാണ്. ദൈവത്തിന്‍റെ വിശേഷ ഗുണങ്ങളായ ശക്തി, വിശ്വസ്തത, കാരുണ്യം, നീതി, ദയ തുടങ്ങിയവയും അതില്‍പ്പെടും. സാഹിത്യഭംഗിയിലും സംഗീതരൂപത്തിലുമുള്ള സ്തുതിപ്പുകള്‍ വ്യക്തിയോ സമൂഹമോ ദൈവത്തെ സുതിക്കുന്നതിനു പുറമേ, മറ്റുള്ളവരെ ദൈവത്തെ സ്തുതിക്കാന്‍ അവ പ്രേരിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

Psalm 150
7. മധുരമനോഹര നാദമൊരുക്കും മുഖരിത താള വിശേഷമതായ്
ശ്രുതിപര മോഹന തന്ത്രിയിലുണരും ഇമ്പമയം നിജഗാനമതായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

8. നിരുപമ താതകൃപാനിധിയേ, നരഗണത്രാണക സൂനുവിഭോ
നിര്‍മ്മല ദിവ്യനരൂപിപരാ പ്രതിനിമിഷം തവ ശ്രീവിജയം
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

അവസാനമായി, നാം പഠിക്കുന്ന സങ്കീര്‍ത്തനങ്ങളുടെ സാഹിത്യരൂപത്തിന്‍റെ പഠനത്തില്‍ ശ്രദ്ധിക്കേണ്ടൊരു കാര്യം, ... ആമുഖത്തിന്‍റെ ആവര്‍ത്തനമോ, സ്തുതിക്കു പ്രേരിപ്പിക്കുന്ന കാര്യങ്ങളുടെ പുനരാവിഷ്ക്കരണമോ, അനുഗ്രഹപ്രാര്‍ത്ഥനയോ, അപേക്ഷയോ, കര്‍ത്താവിലുള്ള ശരണപ്രഖ്യാപനമോ നടത്തികൊണ്ടാണ് സ്തുതിപ്പ് ഉപസംഹരിക്കപ്പെടുന്നത്. ചലപ്പോള്‍ ‘അല്ലേലൂയ്യാ’ എന്ന പ്രഘോഷണം മാത്രവും ഉപയോഗിച്ചു കാണാം. നാം ശ്രവിക്കുന്ന 150-ാം സങ്കീര്‍ത്തനത്തില്‍ ‘ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ’ എന്ന പ്രഘോഷണം വിരസതയില്ലാതെ മനോഹരമായി ആവര്‍ത്തിക്കുന്ന ഒരു സ്തുതി പ്രകരണമാണ്, സ്തുതിപ്പിന്‍റെ പ്രകരണമാണ്.

Psalm 150
ഇന്ന് പഠനസഹായിയായി ഉപയോഗിച്ച 150-ാം സങ്കീര്‍ത്തനം
രമേഷ് മുരളിയും സംഘവും ആലപിച്ചതാണ്.

1. ജയ ജയ നിന്‍തിരു സന്നിധിയല്‍ തവ തിരുഗേഹ സുരമ്യതയില്‍
നിന്‍‍പ്രശാന്ത ചൂഴുമഹോ തിറമണി വിണ്മയ വീഥിയിതില്‍
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

2. നിന്‍ നിസ്സീമ മഹോശുഭദം കരബല പ്രാഭവ ഗീതിയിതില്‍
നിന്‍ പ്രതാപമതിന്‍ മഹിമാ പ്രകരണ കീര്‍ത്തന വീചിയിതില്‍
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)


3. തവജന കാഹള ധ്വാനമതാം ജയ ജയ മേളവിതാനമതായ്
മധുരിതമാം മണി വീണയതിന്‍ പരിമൃദുക്വാണ വിലീനതയായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)
4. മധുരമനോഹര നാദമൊരുക്കും മുഖരിത താള വിശേഷമതായ്
ശ്രുതിപര മോഹന തന്ത്രിയിലുണരും ഇമ്പമയം നിജഗാനമതായ്
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

5. നിരുപമ താതകൃപാനിധിയേ, നരഗണത്രാണക സൂനുവിഭോ
നിര്‍മ്മല ദിവ്യനരൂപിപരാ പ്രതിനിമിഷം തവ ശ്രീവിജയം
ജയ ജഗദീശ വിഭോ സ്തോത്രം ജനജഗദീശ വിഭോ (2)

യാവേയുടെ രാജത്വകീര്‍ത്തനം Royal Psalms എന്ന രണ്ടാമത്തെ സാഹിത്യരൂപത്തെക്കുറിച്ച് ഇനി അടുത്തയാഴ്ചയില്‍ ...









All the contents on this site are copyrighted ©.